ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു

By Web TeamFirst Published Nov 7, 2020, 11:13 AM IST
Highlights

ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. 

കാസ‍ർകോട്: ഫാഷൻ ഗോൾഡ് ജ്വല്ലറി തട്ടിപ്പ് കേസിൽ മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം.സി.കമറുദ്ദീനെ പൊലീസ് ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തിൽ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ. 

നിക്ഷേപകരുടെ പരാതി പരിഹരിക്കാൻ ലീഗ് നിയോഗിച്ച മധ്യസ്ഥൻ കല്ലട്ര മാഹിൻ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. കാസർകോട് ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ജ്വല്ലറിയുടെ  ആസ്തികൾ സംബന്ധിച്ച വിവരങ്ങളാണ് ചോദിച്ചറിഞ്ഞത്. നേരത്തെ ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ 9 മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികൾ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചും ഇരുവരുടേയും മൊഴിയിൽ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കും. 

ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസുകളിൽ എംസി കമറുദ്ദീൻ എംഎൽഎയെ യുഡിഎഫും പരസ്യമായി തള്ളിപ്പറഞ്ഞിട്ടുണ്ട്. കമറുദ്ദീനെ സംരക്ഷിക്കില്ലെന്നും പൊതുപ്രവർത്തകനെന്ന നിലയിൽ ജാഗ്രത കാണിക്കേണ്ടതായിരുന്നെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തെ പറഞ്ഞു.

എംസി കമറുദ്ദീന്‍റേത് ബിസിനസ് തകർച്ച മാത്രമാണെന്നും വഞ്ചനയല്ലെന്നും  ആവർത്തിച്ച് പറഞ്ഞ് കമറുദ്ദീനൊപ്പം  യുഡിഎഫ് നേതാക്കളെല്ലാം നേരത്തെ ഉറച്ച് നിന്നിരുന്നു. എന്നാൽ പഴയ നിലപാട് മാറിയെന്ന് വെളിപ്പെടുത്തുന്നതായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രതികരണം. കല്ലട്ര മാഹിൻ ഹാജിയെ മധ്യസ്ഥനാക്കി നിക്ഷേപകരുടെ പണം മടക്കി നൽകാനുള്ള നീക്കം നേരത്തെ മുസ്ലീംലീഗ് നടത്തിയിരുന്നു. 

എന്നാൽ നിക്ഷേപകരുടെ പണമെല്ലാം പലവഴിക്ക് ചിലവാക്കുകയും പണം കൊടുത്ത് വാങ്ങിയ ഭൂമി മറിച്ചു വിറ്റുവെന്നും വ്യക്തമായ സാഹചര്യത്തിൽ ഈ നീക്കവും ലീഗ് അവസാനിപ്പിച്ചിരുന്നു. നിർണായക പ്രതിസന്ധിയിൽ യുഡിഎഫും ലീഗും കൈവിട്ടതോടെ കൂടുതൽ പ്രതിരോധത്തിലാകുകയാണ് എംസി കമറുദ്ദീൻ.
 

click me!