തദ്ദേശതെരഞ്ഞെടുപ്പിനിടെ കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസില്‍ ഭിന്നത രൂക്ഷം

By Web TeamFirst Published Nov 7, 2020, 11:09 AM IST
Highlights

എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും  ഗൗരിയമ്മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് രാജന്‍ ബാബുവിന്റെ പ്രതികരണം. ആദ്യം യുഡിഎഫിലും പിന്നീട് എന്‍ഡിഎയിലും ചേക്കേറിയ ജെഎസ്എസ് രാജന്‍ ബാബു വിഭാഗം 2018ലാണ് ഇടതുപക്ഷത്തുള്ള ജെഎസ്എസിലേക്ക് തിരിച്ചെത്തിയത്.

ആലപ്പുഴ: തദ്ദേശതെരഞ്ഞെടുപ്പിനിടെ കെ ആര്‍ ഗൗരിയമ്മയുടെ ജെഎസ്എസില്‍ ഭിന്നത രൂക്ഷം. യുഡിഎഫിലേക്ക് പോകണമെന്നാവശ്യപ്പെട്ട് രാജന്‍ബാബു വിഭാഗം കത്തുനല്‍കിയെങ്കിലും ഗൗരിയമ്മ ആവശ്യം തള്ളി. വിഭാഗീയ പ്രവര്‍ത്തനം നടത്തിയതിന് സംഘടന സെക്രട്ടറിയുള്‍പ്പെടെ രണ്ടുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

എ എന്‍ രാജന്‍ ബാബു ഉള്‍പ്പെടെ പതിനഞ്ചംഗ സംസ്ഥാന സെന്‍ററിലെ എട്ടുനേതാക്കളാണ് യുഡിഎഫ് പ്രവേശനമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇതിനെ എതിര്‍ത്ത രണ്ടുനേതാക്കള്‍ക്കെതിരെ സംസ്ഥാന സെന്റര്‍ അച്ചടക്ക നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതൃത്വവുമായി നടന്ന ചര്‍ച്ചക്ക് പിന്നാലെ രാജന്‍ ബാബു ഗൗരിയമ്മക്ക് കത്തുനല്‍കി. എന്നാല്‍ ഈ ആവശ്യം ഗൗരിയമ്മ തള്ളിയെന്നു മാത്രമല്ല വിഭാഗീയയ പ്രവര്‍ത്തനത്തിന് രണ്ടുനേതാക്കളെ പുറത്താക്കുകയും ചെയ്തു.

സംഘടന സെക്രട്ടറി സഞ്ജീവ് സോമരാജന്‍ സെന്‍റർ അംഗം പ്രസാദ് കൊല്ലം എന്നിവര്‍ക്കെതിരെയാണ് നടപടി. നേരത്തെ അച്ചടക്കനടപടി നേരിട്ട സംസ്ഥാന സെക്രട്ടറിയും പിന്നോക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ റ്റി കെ സുരേഷ്, ആലപ്പുഴ  ജില്ലാ സെക്രട്ടറി സി എം അനില്‍കുമാര്‍ എന്നിവരെ തിരിച്ചെടുക്കുകയും ചെയ്തു. രണ്ടുപേരെ പുറത്താക്കുകയും, മൂന്നുപേരെ പുതുതായി എടുക്കുകയും ചെയ്തതിലൂടെ സംസ്ഥാന സെന്ററില്‍ രാജന്‍ ബാബു വിഭാഗത്തിനുണ്ടായിരുന്ന മേല്‍ക്കൈ നഷ്ടപ്പെട്ടു. 

എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും  ഗൗരിയമ്മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് രാജന്‍ ബാബുവിന്റെ പ്രതികരണം. ആദ്യം യുഡിഎഫിലും പിന്നീട് എന്‍ഡിഎയിലും ചേക്കേറിയ ജെഎസ്എസ് രാജന്‍ ബാബു വിഭാഗം 2018ലാണ് ഇടതുപക്ഷത്തുള്ള ജെഎസ്എസിലേക്ക് തിരിച്ചെത്തിയത്.

click me!