
ആലപ്പുഴ : ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ടിന്റെ (Popular Front) റാലിയിൽ വെച്ച് പത്ത് വയസുകാരനായ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസിൽ ദിവസങ്ങൾക്ക് ശേഷം പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുകയാണ്. പള്ളുരുത്തിയിലെ വീട്ടിൽ നിന്നാണ് പിതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയെ മുദ്രാവാക്യം പഠിപ്പിച്ച് വിളിപ്പിച്ചതല്ലെന്നാണ് പിതാവ് വിശദീകരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് പരിപാടികളിൽ കുടുംബ സമേതം താൻ പങ്കെടുക്കാറുണ്ട്. സിഎഎ പ്രതിഷേധത്തിൽ വിളിച്ച മുദ്രാവാക്യമാണത്. അവിടെ നിന്നുമാണ് കുട്ടിക്കത് കിട്ടിയത്. നേരത്തെയും പല സ്ഥലങ്ങളിലും വെച്ചും മകൻ മുദ്രാവാക്യം വിളിച്ചിട്ടുണ്ട്. അത് യൂട്യൂബിലുമുണ്ട്. മതവികാരം വ്രണപ്പെടുത്തിയിട്ടില്ല. മുദ്രാവാക്യം ആർ എസ് എസിനെതിരെയായിരുന്നു. മുദ്രാവാക്യത്തിന്റ ഒരു ഭാഗം മാത്രമാണ് പ്രചരിച്ചതെന്നുമാണ് ഇയാളുടെ വാദം.
ആരും മുദ്രാവാക്യം പഠിപ്പിച്ചതല്ലെന്നും താൻ സ്വയം കാണാതെ പഠിച്ചതാണെന്ന് പത്ത് വയസുകാരന്റെ പ്രതികരണം. മുൻപും ഇതേ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്നും കുട്ടി പറഞ്ഞു. അതേ സമയം കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പോപ്പുലര്‍ ഫ്രണ്ട് പ്രതിഷേധിക്കുകയാണ്. ആലപ്പുഴ എസ് പി ഓഫീസിലേക്ക് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ മാർച്ച് നടത്തി.
കഴിഞ്ഞ ദിവസമാണ് ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ പത്ത് വയസുകാരനായ ആൺകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചതോടെ വ്യാപക വിമർശനമുയര്‍ന്നു. മത വിദ്വേഷം കുട്ടികളിൽ കുത്തിവെക്കുന്ന തരത്തിലാണ് പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ചത് കുറ്റകരമാണെന്നും വിമർശനമുയർന്നു. ഇതിന് പിന്നാലെ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ രക്ഷിതാക്കൾക്കെതിരെ കേസെടുത്തിരുന്നില്ല. കേസിന് സാധ്യതയുണ്ടെന്ന് വിലയിരുത്തലുമുണ്ടായിരുന്നു. പിതാവിനെ കസ്റ്റഡിയിലെടുക്കാനായി നേരത്തെ പൊലീസ് പള്ളുരുത്തിയിലെ വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പിതാവ് അസ്ക്കറലി വീട്ടിലെത്തിയത്. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പോപ്പുലര്‍ ഫ്രണ്ട് വിദ്വേഷ മുദ്രാവാക്യ കേസ്, പത്ത് വയസുകാരന്റെ അച്ഛൻ കസ്റ്റഡിയിൽ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam