
കോഴിക്കോട്: 17 വര്‍ഷം മുൻപ് പരസ്പരം അകറ്റപ്പെട്ട അച്ഛന്‍റെയും മകന്‍റെയും അവിശ്വസനീയമായ ഒത്തുചേരല്‍. കോഴിക്കോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഓഫീസില്‍ വെച്ചായിരുന്നു ഈ കൂടിച്ചേരല്‍. പൊലീസിന്റെയും ശിശുക്ഷേമ സമിതിയുടെയും പരിശ്രമത്താലായിരുന്നു നാടകീയമായ പുനസമാഗമം. സംഭവബഹുലമായ ഈ ജീവിത കഥയിലെ അച്ഛന്‍റെയും മകന്‍റെയും പേര് പറയുന്നതിലും ദൃശ്യങ്ങൾ പകർത്തുന്നതിലും ചില സാങ്കേതിക പ്രശ്നങ്ങളുണ്ട്.
ഒരു മാസം പോലും പ്രായമാകാത്തൊരു കുട്ടിയെ 17 വര്‍ഷം മുമ്പാണ് അമ്മയുടെ ബന്ധുക്കള്‍ കോഴിക്കോട് സിഡബ്ല്യുസി കേന്ദ്രത്തിലെത്തിച്ചത്. ആ കുട്ടി കൗമാരക്കാരനായപ്പോള്‍, അച്ഛന്‍ ജീവിച്ചിരിക്കുന്നെന്ന വിവരം സിഡബ്ല്യുസിക്ക് ലഭിച്ചു. പൊലീസ് സഹായത്തോടെ അദ്ദേഹത്തെ രഹസ്യമായി അന്വേഷിച്ച് കണ്ടെത്തുന്നു. താനും മകനെത്തേടി ഇത്രയും കാലം അലയുകയായിരുന്നെന്ന് അദ്ദേഹം വെളിപ്പെടുത്തി. മകന്‍റെ ജനന സർട്ടിഫിക്കറ്റ്, ഫാമിലി ഫോട്ടോ തുടങ്ങിയ തെളിവുകളുമായി വരാന്‍ അച്ഛനോട് ആവശ്യപ്പെട്ടു.
ഭാര്യവീട്ടുകാര്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുഞ്ഞിനെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റുകയായിരുന്നു എന്നാണ് അച്ഛന്‍ സിഡബ്ല്യുസിയോടും പൊലീസിനോടും പറഞ്ഞത്. 17 വര്‍ഷം മുമ്പ് സിഡബ്ല്യുസിയില്‍ എത്തിയ കുഞ്ഞിന്റെ പിന്നീടുള്ള ജീവിത കഥ സിഡബ്ല്യുസി അംഗം സീനത്ത് പറയുന്നതിങ്ങനെ- "കുട്ടി ജനിച്ച് ഒരു മാസം പോലുമാകുന്നതിന് മുന്‍പാണ് അമ്മയുടെ ബന്ധുക്കള്‍ കുട്ടിയെ സിഡബ്ല്യുസിയില്‍ എത്തിച്ചത്. വലുതായപ്പോൾ കുട്ടി വീട്ടിലേക്ക് പോവണമെന്ന് ആവശ്യപ്പെട്ടു. അമ്മയുടെ ബന്ധുക്കള്‍ വന്ന് വിളിച്ചുകൊണ്ടുപോയി. ബന്ധുവീട്ടിൽ നിന്ന് ഫെബ്രുവര് 19ന് കുട്ടിയെ കാണാതായി. ഫെബ്രുവരി 22ന് പേരാമ്പ്ര പൊലീസ് കുട്ടിയെ കണ്ടെത്തി".
അങ്ങനെ കുട്ടിയെ പേരാമ്പ്ര പൊലീസ് കണ്ടെത്തി വീണ്ടും സിഡബ്ല്യുസിയില്‍ എത്തിച്ച അന്നുതന്നെയായിരുന്നു മകനെത്തേടി കയ്യിലുള്ള പഴയ രേഖകളുമായി ആകസ്മികമായി അച്ഛനും സിഡബ്ല്യുസിയില്‍ എത്തിയത്. അടുത്തിരുന്നപ്പോഴും ആദ്യം ഇരുവരും അച്ഛനും മകനുമാണെന്നറിഞ്ഞില്ല. കരളലിയിപ്പിക്കുന്ന രംഗമായിരുന്നു അതെന്ന് സിഡബ്ല്യുസി അംഗങ്ങള്‍ പറഞ്ഞു. അമ്മയുടെ ഫോട്ടോ കുട്ടി കാണുന്നതും ആദ്യമായിട്ടായിരുന്നു. കുട്ടിക്ക് രണ്ട് വയസ്സായപ്പോഴാണ് അമ്മ മരിച്ചത്.
കുഞ്ഞിന്റെ അമ്മയുടെ വീട് അറിയാമായിരുന്നിട്ടും കുട്ടിയെ അന്വേഷിച്ച് പോകാത്തതിന് അച്ഛന് കാരണങ്ങളുണ്ടായിരുന്നുവെന്ന് സിഡബ്ല്യുസി അംഗങ്ങള്‍ പറയുന്നു. അച്ഛന്‍റെയും മകന്‍റെയും പുനസമാഗമത്തിന്റെ സന്തോഷത്തിലാണ് സിഡബ്ല്യുസി അംഗങ്ങള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam