
പയ്യാവൂര്‍: കണ്ണൂരില്‍ മകന്‍ ഷാരോണിനെ പിതാവ് സജി കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. വീട്ടില്‍ നിന്ന് നിരന്തരം മദ്യപിക്കുന്നത് ചോദ്യം ചെയ്‍ത വൈരാഗ്യത്തിനാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. ഗുരുതരമായി മുറിവുകളേറ്റ ഷാരോണ്‍ ആശുപത്രിയിലേക്ക് പോകവേയാണ് മരിച്ചത്.
വൈകീട്ട് മൂന്നരയോടെയാണ്പയ്യാവൂർ ഉപ്പ് പടന്നയിൽ നാടിനെ നടുക്കിയ കൊലപാതകം നടന്നത്. മദ്യലഹരിയിൽ വീട്ടിലെത്തിയ സജി മകൻ ഷാരോണിനെ വട്ടം പിടിച്ച് പുറകിൽ കൂടി രണ്ട് തവണ ആഞ്ഞ് കുത്തി. ഒന്ന് ചെറുക്കാൻ പോലും ഷാരോണിന് ആയില്ല. പരിക്കേറ്റ ഷാരോണിനെ ആദ്യം പയ്യാവൂരിലെ ആശുപത്രിയിലേക്കും അവിടുന്ന് കണ്ണൂരേക്കും കൊണ്ടുപോയെങ്കിലും ആംബുലൻസിൽ വച്ച് തന്നെ ഷാരോണ്‍ മരിച്ചു.
സജിയും രണ്ട് മക്കളും മാത്രമാണ് വീട്ടിൽ താമസം. അമ്മ അഞ്ച് വർഷമായി വിദേശത്ത് ഹോം നഴ്സാണ്. സ്ഥിരം മദ്യപാനിയാണ് സജി. മക്കളുമായി പലകാര്യങ്ങൾക്കും എന്നും വീട്ടിൽ വഴക്കിടുമായിരുന്നു. പുറത്ത് നിന്ന് ആളുകളെ കൂട്ടി വീട്ടിൽ വന്ന് മദ്യപിക്കുന്നതിനെ മകൻ നിരന്തരം എതിർത്തിരുന്നു.
പട്ടിക്ക് തീറ്റ കൊടുത്തില്ലെന്ന് പറഞ്ഞ് ഇന്നലെ സജിയും മകൻ ഷാരോണും തമ്മിൽ തർക്കമുണ്ടായി. പിടിവലിയായപ്പോൾ സജിയുടെ നെറ്റിക്ക് പരിക്കേറ്റു. ഇതാണ് മകനോടുള്ള വൈരാഗ്യം കൂടാൻ കാരണം. മകനെ കൊല്ലണമെന്ന ഉദ്ദേശത്തോടെ പുതിയ കത്തിയും വാങ്ങിയാണ് സജി വൈകിട്ട് വീട്ടിലെത്തിയത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam