കണ്ണൂരിൽ കൊവിഡ് രോഗിയുടെ അച്ഛന്‍റെ പരിശോധനാഫലം നെഗറ്റീവ്; ഡോക്ടര്‍ക്കും രോഗമില്ല

By Web TeamFirst Published Jun 20, 2020, 5:59 PM IST
Highlights

കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ ഫലവും നെഗറ്റീവാണെന്നത് കൂടുതല്‍ ആശ്വാസം നല്‍കുന്നു. 

കണ്ണൂര്‍: കണ്ണൂരിൽ കൊവിഡ് രോഗിയായ പതിനാലുകാരന്‍റെ അച്ഛന്‍റെ പരിശോധനാഫലം നെഗറ്റീവ്. വ്യാപാരിയായ അച്ഛനിൽ നിന്നാകാം രോഗബാധയെന്ന സംശയത്തെ തുടർന്നാണ് ഇയാളെ പരിശോധിച്ചത്. കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ ഫലവും നെഗറ്റീവാണെന്നത് കൂടുതല്‍ ആശ്വാസം നല്‍കുന്നു. കുട്ടിയുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. കുട്ടിക്ക് കൊവിഡ് ബാധിച്ചതിന് പിന്നാലെ കണ്ണൂർ നഗരം അടച്ചിരുന്നു. 

കണ്ണൂരിൽ ഉറവിടം കണ്ടെത്താത്ത രോഗികൾ കൂടുന്നത് ജില്ലാ ഭരണകൂടത്തിന് മുമ്പില്‍ ഉയര്‍ത്തുന്നത് വലിയ വെല്ലുവിളിയാണ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നഗരം ഒരാഴ്‍ച്ച കൂടി അടച്ചിടും. അതേസമയം കണ്ണൂരിൽ കൊവിഡ് സ്ഥിരീകരിച്ച് രണ്ടുദിവസത്തിനകം മരിച്ച എക്സൈസ് ഡ്രൈവർക്ക് നൽകിയ ചികിത്സയെക്കുറിച്ച് അന്വേഷണം നടക്കുന്നതിനിടെ പരാതിയുമായി സുനിലിന്‍റെ കുടുംബം രംഗത്തെത്തി. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആശുപത്രിയിൽ നിന്നും ബന്ധുക്കളോട് സുനിൽ പറയുന്ന ഫോൺ റെക്കോർഡ് കുടുംബം പുറത്തുവിട്ടു. 

എന്നാല്‍ ആരോപണം പരിയാരം മെഡിക്കൽ കോളേജ് നിഷേധിച്ചു. കഴിഞ്ഞ ഞായറാഴ്ചയാണ് കടുത്ത പനി ബാധിച്ച് മട്ടന്നൂരിലെ എക്സൈസ് ഡ്രൈവർ സുനിലിനെ കണ്ണൂർ ഗവൺമെന്‍റ് മെഡിക്കൽ കോളേജിലേക്ക് എത്തിച്ചത്. ഞായറാഴ്ച ആശുപത്രിയിലെത്തിക്കുമ്പേൾ തന്നെ കടുത്ത ന്യുമോണിയ ബാധിച്ച് ശ്വാസകോശത്തിന്‍റെ പ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു എന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ വിശദീകരിക്കുന്നു. 

ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാഴാഴ്ചയാണ് സുനിൽ മരണത്തിന് കീഴടങ്ങിയത്. ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച് രണ്ട് ദിവസത്തിനകം മറ്റ് രോഗങ്ങളൊന്നും ഇല്ലാതിരുന്ന 28 കാരൻ മരിച്ചതിൽ ആരോഗ്യ വകുപ്പ് വിശദമായ അന്വേഷണം നടത്തുകയാണ്. അതേസമയം സുനിലിനും കണ്ണൂർ ടൗണിലെ ഫ്ലാറ്റിൽ കഴിഞ്ഞിരുന്ന 14 കാരനും രോഗബാധയുണ്ടായത് സംബന്ധിച്ച് ഒരു സൂചനയും ഇല്ലെന്ന് ജില്ലാ കളക്ർ പറഞ്ഞു.
 

click me!