ജയിൽ വാര്‍ഡൻ ആളുമാറി തല്ലി വിദ്യാര്‍ത്ഥി മരിച്ച സംഭവം ; പൊലീസ് ഭീഷണിപ്പെടുത്തിയെന്ന് അച്ഛൻ

By Web TeamFirst Published Mar 1, 2019, 11:55 AM IST
Highlights

പെൺകുട്ടിയെ അറിയില്ലെന്ന് കാലുപിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും ജയിൽ വാര്‍ഡനും സംഘവും കേട്ടില്ല. തലയ്ക്ക് അടിയേറ്റ ര‍ഞ്ജിത്ത് വീട്ടുമുറ്റത്ത് ബോധംകെട്ട് വീണു. മൊഴിയെടുക്കാൻ പോലും പൊലീസ് വന്നില്ലെന്ന് ര‍ഞ്ജിത്തിന്‍റെ അച്ഛൻ

കൊല്ലം: ജയിൽ വാര്‍ഡന്റെ നേതൃത്വത്തിലെത്തിയ സംഘം പ്ലസ്ടു വിദ്യാര്‍ത്ഥിയെ ആളുമാറി മര്‍ദ്ദിച്ച് കൊന്ന സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനം. വീട്ടിൽ കയറിവന്ന് ഒരു സംഘം ആളുകൾ  ക്രൂരമായി മര്‍ദ്ദിച്ച കാര്യം പൊലീസിനെ അറിയിച്ചിട്ടും അന്വേഷിക്കാൻ തയ്യാറായില്ലെന്ന് മരിച്ച രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണ പിള്ള ആരോപിച്ചു. 

ഫെബ്രുവരി പതിനാലിനാണ് സംഭവം നടക്കുന്നത്. വീട്ടിൽ പഠിച്ച് കൊണ്ടിരുന്ന രഞ്ജിത്തിനെ അന്വേഷിച്ച് ആദ്യമെത്തിയത് പന്ത്രണ്ടോളം പേരടങ്ങിയ സംഘമാണ്. ഇവര്‍ പോയതിന് ശേഷം ആറ് പേരടങ്ങിയ സംഘം ജയിൽ വാര്‍ഡൻ വിനീതിന്റെ നേതൃത്വത്തിൽ വീട്ടിലെത്തി വിദ്യാര്‍ത്ഥിയെ വിളിച്ചിറക്കി മര്‍ദ്ദിക്കുകയായിരുന്നു. 

അരിയനെല്ലൂരിനടത്തുള്ള ഒരു പെൺകുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അടിയേറ്റ് വീണ രഞ്ജിത്ത്  പെൺകുട്ടിയെ അറിയില്ലെന്ന് കാല് പിടിച്ച് കരഞ്ഞ് പറഞ്ഞിട്ടും സംഘം ചെവിക്കൊണ്ടില്ല. തലയ്ക്ക് അടിയേറ്റ് വീണ  രഞ്ജിത്ത് ബോധം കെട്ടുവീണു.

സംഭവം നടന്ന ഉടനെ ചവറ തെക്കുംഭാഗം പൊലീസ് സ്റ്റേഷനിനെത്തി കേസ് രജിസ്റ്റര്‍ ചെയ്തു. മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നാണ് രഞ്ജിത്തിന്റെ അച്ഛൻ രാധാകൃഷ്ണ പിള്ള പറയുന്നത്. മാത്രമല്ല തിരിച്ച് കേസെടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തിയെന്നും രാധാകൃഷ്ണ പിള്ള ആരോപിക്കുന്നു. 
 

click me!