'മകൻ വീട്ടിലെത്തിയാൽ മാത്രമെ സമാധാനമാകു'; ഇറാനിയന്‍ കപ്പലിലുള്ള റെജിന്‍റെ അച്ഛന്‍ രാജന്‍ പറയുന്നു

By Web TeamFirst Published Aug 15, 2019, 10:24 PM IST
Highlights

ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന ആശ്വാസവാര്‍ത്ത അറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കാസര്‍കോട് സ്വദേശി പ്രജിതിന്‍റെയും വണ്ടൂർ സ്വദേശി സാദിഖിന്‍റെയും ഗുരുവായൂർ സ്വദേശി റെജിന്‍റെയും മാതാപിതാക്കള്‍. 

തൃശ്ശൂര്‍: ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ച് ബ്രിട്ടൻ പിടിച്ചെടുത്ത ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന ആശ്വാസവാര്‍ത്ത അറിഞ്ഞതിന്‍റെ സന്തോഷത്തിലാണ് കാസര്‍കോട് സ്വദേശി പ്രജിതിന്‍റെയും വണ്ടൂർ സ്വദേശി സാദിഖിന്‍റെയും ഗുരുവായൂർ സ്വദേശി റെജിന്‍റെയും മാതാപിതാക്കള്‍. ബ്രിട്ടണ്‍ പിടിച്ചെടുത്ത ഇറാന്‍ കപ്പലിലെ മലയാളികളടക്കമുള്ള 24 ഇന്ത്യക്കാരാണ് ഉടൻ വീടുകളില്‍ മടങ്ങിയെത്തുന്നത്. 

മോചനത്തിന്‍റെ വാർത്ത ടിവിയിൽ കണ്ടു.  മകൻ വീട്ടിലെത്തിയാൽ മാത്രമെ സമാധാനമാകുവെന്നാണ് റെജിന്‍റെ അച്ഛന്‍ രാജന് പറയാനുള്ളത്.  ഇറാനിയൻ കപ്പലിൽ ഉണ്ടായിരുന്ന ഇന്ത്യക്കാരെ മോചിപ്പിച്ചെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നായിരുന്നു പ്രജിത്തിന്‍റെ അച്ഛൻ പി പുരുഷോത്തമന്‍റെ പ്രതികരണം. കഴിഞ്ഞ ദിവസം വിളിച്ചപ്പോൾ ഇന്ന് ചർച്ച നടക്കുമെന്ന് പ്രജിത്ത് സൂചിപ്പിച്ചിരുന്നതായും പുരുഷോത്തമൻ പറഞ്ഞു. 

ഇറാന്‍ എണ്ണക്കപ്പലായ ഗ്രസേ വൺ കസ്റ്റഡിയിലെടുത്ത് നാല്‍പത്തിമൂന്നാം ദിവസമാണ് കപ്പലിലുണ്ടായിരുന്നവരെയും കപ്പലിനെയും വിട്ടയക്കാനുള്ള തീരുമാനം. കഴിഞ്ഞ മാസം നാലിനാണ് ഇറാന്‍ എണ്ണക്കപ്പലായ ഗ്രേസ് വണ്‍ ബ്രിട്ടീഷ് നാവിക സേനയെ പിടിച്ചെടുത്തത്. യൂറോപ്യന്‍ യൂണിയന്‍റെ ഉപരോധം ലംഘിച്ച് സിറിയലിലേക്ക് എണ്ണ കടത്തിയെന്നാരോപിച്ച് ജിബ്രാള്‍ട്ടര്‍ കടലിടുക്കില്‍ വച്ചാണ് കപ്പല്‍ പിടികൂടിയത്.

ജീവനക്കാരായ ഇന്ത്യക്കാരെ വിട്ടയക്കാൻ ഇന്ത്യയും ബ്രിട്ടണും തമ്മില്‍ നയതന്ത്ര ചര്‍ച്ചകളും നടന്നിരുന്നു. കപ്പല്‍ വിട്ടുനല്‍കുന്നതോടെ  ഇറാന്‍റെ കസ്റ്റഡിയിലുള്ള ബ്രിട്ടീഷ് കപ്പലായ സ്‌റ്റെന ഇംപറോറയും വിട്ടുനല്‍കാനുള്ള സാധ്യത തെളിയുകയാണ്. രണ്ട് മലയാളികൾഅടക്കം 18 ഇന്ത്യാക്കാരാണ് ഈ കപ്പലിലുള്ളത്.

 

click me!