വിഴിഞ്ഞം ആശുപത്രിയിൽ രോഗിയെ പട്ടി കടിച്ച സംഭവം; ജീവനക്കാർക്കെതിരെ യുവതിയുടെ അച്ഛൻ

By Web TeamFirst Published Sep 30, 2022, 11:04 AM IST
Highlights

ഒപി ടിക്കറ്റെടുത്ത് ഡോക്ടറെ കാണാനായി കാത്തിരിക്കുന്നതിനിടെ അപർണയെ ഇരിപ്പിടത്തിന് താഴെയുണ്ടായിരുന്ന തെരുവുനായയാണ് കടിച്ചത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടിയെത്തിയ യുവതിയെ പട്ടി കടിച്ച സംഭവത്തിൽ വിവാദം. അപർണയ്ക്ക് പട്ടിയുടെ കടിയേറ്റത് കണ്ടിട്ടും പ്രാഥമിക ചികിത്സ പോലും നൽകാതെ ആശുപത്രി ജീവനക്കാർ അകത്തേക്ക് കയറി പോയെന്ന്, അപർണയുടെ അച്ഛൻ വാസവൻ ആരോപിച്ചു. 

ചപ്പാത്ത് സ്വദേശി അപർണ (31) യ്ക്കാണ് ദുരനുഭവം നേരിട്ടത്. രാവിലെ ഏഴേകാലോടെയാണ് സംഭവം. വീടിനകത്തുവച്ച് പൂച്ചകടിച്ചതിന് രണ്ടാംഡോസ് വാക്സീൻ എടുക്കാൻ അച്ഛൻ വാസവന് ഒപ്പം എത്തിയതായിരുന്നു അപര്‍ണ. ഒപി പ്രവര്‍ത്തിക്കുന്ന ഡോക്ടറുടെ ഡ്യൂട്ടി മുറിയായ ഐപി ബ്ലോക്കിൽ എത്തി ആശുപത്രി അധികൃതരുമായി സംസാരിച്ചതിന് ശേഷം കസേരയിൽ ഇരിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കസേരക്കടിയിലുണ്ടായിരുന്ന നായയുടെ കടിയേറ്റത്. നായയുടെ കുരകേട്ട ആശുപത്രി ജീവനക്കാര്‍ കടിയേറ്റതിന് ചികിത്സ നൽകാതെ അകത്തേക്ക് കയറിപ്പോയെന്നാണ് അപർണയുടെ അച്ഛൻ വാസവന്റെ ആരോപണം.

അപർണയുടെ കാലിൽ നിന്ന് രക്തം വാര്‍ന്നു പോകുന്നത് കണ്ട ആശുപത്രിയിലുണ്ടായിരുന്ന മറ്റൊരു രോഗിയുടെ കൂട്ടിരുപ്പുകാരിയാണ് മുറിവ് കഴുതി വൃത്തിയാക്കിയത്. പിന്നീടാണ് നഴ്സ് എത്തി പ്രാഥമിക ചികിത്സ നടത്തിയത്. സീനിയര്‍ ഡോക്ടര്‍ വരാൻ രണ്ട് മണിക്കൂറോളം കാത്തു നിര്‍ത്തി. ഡോക്ടർ വന്ന ശേഷമാണ് പേ വിഷബാധക്കെതിരായ കുത്തിവെപ്പ് ഈ ആശുപത്രിയിൽ ഇല്ലെന്ന് അപർണയ്ക്കും അച്ഛനും മനസിലാകുന്നത്.  

അതേസമയം ഇന്ന് തൃശൂർ ചാലക്കുടിയിൽ ഏഴ് തെരുവ് നായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ചാലക്കുടി താലൂക്ക് ആശുപത്രി പരിസരത്താണ് തെരുവു നായ്ക്കളുടെ ജഡം കണ്ടെത്തിയത്. വിഷം കൊടുത്ത് കൊന്നതാണെന്നാണ് സംശയം. പട്ടികളുടെ ജഡത്തിന്റെ സമീപത്ത് കേക്കിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കേക്കിൽ വിഷം കലർത്തി കൊടുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം പേപ്പട്ടികളെയും, അക്രമകാരികളായ തെരുവ് നായ്ക്കളെയും കൊല്ലാന്‍ അനുവദിക്കണമെന്ന് കേരളം സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. നിലവിലെ കേന്ദ്ര ചട്ടങ്ങള്‍ അനുസരിച്ച് നായ്ക്കളെ കൊല്ലാന്‍ അനുമതിയില്ല. അക്രമകാരികളായ  നായ്ക്കളെ പ്രത്യേക സ്ഥലത്തേക്ക് മാറ്റി മരണം വരെ ഒറ്റപ്പെടുത്തി പാര്‍പ്പിക്കുകയാണ് ചെയ്യുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഇളവ് വേണമെന്നാണ് സർക്കാരിന്‍റെ  ആവശ്യം.
 

click me!