Latest Videos

'മകന്‍റെ ദാരുണ അനുഭവം മറ്റാര്‍ക്കും ഉണ്ടാവരുത്',കോടതി ഇടപെട്ടതില്‍ സന്തോഷമെന്ന് യദുലാലിന്‍റെ അച്ഛന്‍

By Web TeamFirst Published Dec 13, 2019, 3:48 PM IST
Highlights

പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. 

കൊച്ചി: കോടതി ഇടപെട്ടതില്‍ സന്തോഷമെന്ന് പാലാരിവട്ടത്ത് കുഴിയില്‍ വീണ് മരിച്ച യദുലാലിന്‍റെ അച്ഛന്‍ ലാലന്‍. യുവാവിന്‍റെ മരണവുമായി ബന്ധപ്പെട്ട് കോടതിയുടെ പ്രതികരണത്തിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു ലാലന്‍. തന്‍റെ മകന് ഉണ്ടായ ദാരുണ അനുഭവം മറ്റാർക്കും ഉണ്ടാവരുതെന്നും യദുലാലിന്‍റെ അച്ഛന്‍ പറഞ്ഞു. പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ് യുവാവ് മരിക്കാനിടയായ സംഭവത്തിൽ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഹൈക്കോടതി ഉയര്‍ത്തിയത്. കുഴി അടയ്ക്കും എന്ന് ആവര്‍ത്തിച്ച് പറയുന്നതല്ലാതെ കുഴിയടക്കാൻ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായതെന്നും ചൂണ്ടിക്കാണിച്ചു. മരിച്ച യുവാവിന്‍റെ മാതാപിതാക്കളോട് മാപ്പ് പറയുന്നു. നാണക്കേട് കൊണ്ട് തലകുനിഞ്ഞു പോകുകയാണ്. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥയുടെ ബുദ്ധിമുട്ട് അറിയില്ല.

ഇനിയും എത്ര ജീവൻ ബലി കൊടുത്താലാണ് ഈ നാട് നന്നാകുന്നത് എന്ന് ചോദിച്ച കോടതി മരിച്ച യുവാവിന്‍റെ കുടുംബത്തിന്‍റെ അവസ്ഥ ആരും മനസിലാക്കാത്തത് എന്തുകൊണ്ടെന്നും ചോദിച്ചു. ഒരാൾ ഒരു കുഴി കുഴിച്ചാൽ അത് മൂടാൻ പ്രോട്ടോകോൾ നോക്കുകയാണെന്ന് പറഞ്ഞ കോടതി വകുപ്പ് തലങ്ങളിലെ ഏകോപമില്ലായ്മയേയും അതിരൂക്ഷമായി വിമര്‍ശിച്ചു. ഉത്തരവിടാൻ മാത്രമെ കോടതിക്ക് കഴിയു. അത് നടപ്പാക്കാനുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. ഉദ്യോഗസ്ഥരിൽ വിശ്വാസം നഷ്ടമായെന്നും കോടതി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം കൊച്ചിയിലെ റോഡുകളുടെ നിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി മൂന്ന്  അഭിഭാഷകരെ അമിക്കസ് ക്യൂറിയായി നിയമിച്ചു. അടുത്ത വെള്ളിയാഴ്‍ചയ്ക്കുള്ളില്‍ അമിക്കസ് ക്യൂറി പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നെന്ന് പറഞ്ഞ ഹൈക്കോടതി യദുലാലിന്‍റെ മരണം മറക്കില്ലെന്നും പറഞ്ഞു.
 

click me!