അനുവിന്‍റെ ആത്മഹത്യ: എംഎല്‍എ പരിഹസിച്ചെന്ന് ആക്ഷേപം; സര്‍ക്കാരിനെതിരെ പരാതിയുമായി കുടുംബം

By Web TeamFirst Published Sep 14, 2020, 10:45 AM IST
Highlights

പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലോ എന്നായിരുന്നു എംഎൽഎ സികെ ഹരീന്ദ്രൻ വീട്ടിൽ സന്ദർശിക്കാൻ എത്തിയപ്പോൾ പറഞ്ഞതെന്ന് അനുവിന്‍റെ അച്ഛന്‍.

തിരുവനന്തപുരം: പിഎസ്‌സി റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടും ജോലി കിട്ടാതെ ആത്മഹത്യ ചെയ്‌ത അനുവിന്റെ കുടുംബത്തെ സർക്കാർ തിരിഞ്ഞ് നോക്കുന്നില്ലെന്ന് അച്ഛൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. പഠിച്ച എല്ലാവർക്കും ജോലി കൊടുക്കാൻ കഴിയില്ലല്ലൊ എന്നായിരുന്നു സ്ഥലം എംഎൽഎയുടെ പ്രതികരണം എന്നും അനുവിന്റെ അച്ഛൻ പറയുന്നു.

ഉത്രാട ദിനത്തിൽ കേരളത്തിന്റെ സങ്കടം ആയിരുന്നു തിരുവനന്തപുരം കാരക്കോണം സ്വദേശി അനുവിന്റെ മരണം. പിഎസ്‌സി സിവിൽ എക്‌സൈസ് ഓഫീസർ പരീക്ഷയിൽ 77 ആം റാങ്കുകാരൻ ആയിരുന്ന അനു പട്ടിക റദ്ദാക്കിയതിൽ മനം നൊന്തായിരുന്നു ആത്മഹത്യ ചെയ്തത്. ആശ്വാസ വാക്കുകളുമായി എത്തിയ ഉമ്മൻചാണ്ടിക്ക് മുന്നിൽ അനുവിന്റെ 'അമ്മ പൊട്ടിക്കരഞ്ഞു.സർക്കാരിന്റെ തല തിരിഞ്ഞ നയങ്ങളുടെ രക്തസാക്ഷിയാണ് അനുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.

മകൻ മരിച്ചു 16 ദിവസം ആയിട്ടും സിപിഎം ഭരിക്കുന്ന പഞ്ചായത്തിൽ നിന്നും ആരും അന്വേഷിച്ചു എത്തിയില്ല എന്ന് അനുവിന്റെ അച്ഛൻ പറഞ്ഞു. അതേസമയം അനുവിന്റെ കുടുംബത്തിന് സാമ്പത്തിക സഹായവും സഹോദരന് സർക്കാർ ജോലിയും നൽകണം എന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ്സ് വീടിന് മുന്നിൽ നടത്തിയിരുന്ന നിരാഹാര സമരം അവസാനിപ്പിച്ചു.

കാരക്കോണം തട്ടിട്ടമ്പലം സ്വദേശി അനുവാണ് റാങ്ക് ലിസ്റ്റില്‍ ഇടം നേടിയിട്ടും ജോലി ലഭിക്കാത്തതില്‍ മനംനൊന്താണ് ആത്മഹത്യ ചെയ്തത്. ജോലിയില്ലാത്തതിൽ ദുഖമുണ്ടെന്ന് ആത്മഹത്യാക്കുറിപ്പിൽ അനു വിശദമാക്കിയിരുന്നു. സിവിൽ എക്സൈസ് ഓഫീസർ റാങ്ക് ലിസ്റ്റിൽ 77ാം റാങ്കുകാരനായിരുന്നു ഇദ്ദേഹം. എന്ത് ചെയ്യണമെന്നറിയില്ല, കുറച്ച് ദിവസമായി ആലോചിക്കുന്നു, ആരുടെ മുന്നിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യെന്ന കുറിപ്പ് എഴുതി വച്ച ശേഷമായിരുന്നു ആത്മഹത്യ. 

click me!