എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരം, പിണറായി വിജയൻ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകും. ചൂരമീൻ ആണെന്ന് കരുതി ഭക്ഷണത്തിന് മുന്നിൽ നിന്ന് എഴുന്നേറ്റ് പോകുന്നയാളല്ല പിണറായിയെന്നും കെ.ഇ ഇസ്മായിൽ പറഞ്ഞു.

പാലക്കാട്: തുടർഭരണത്തെ കുറിച്ചുള്ള കവി സച്ചിദാനന്ദൻ്റെ നിലപാടിനെ പിന്തുണയ്ക്കുന്നുവെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന സിപിഐ നേതാവുമായ കെ.ഇ ഇസ്മായില്‍. തുടർഭരണം മൂലം ദുരധികാരം ഉണ്ടാകാതിരിക്കാൻ ജാഗ്രത വേണമെന്നും ഒരു പരിധി വരെ എൽഡിഎഫിന് അതിന് സാധിച്ചുവെന്നും കെ.ഇ ഇസ്മായില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. എൽഡിഎഫ് സർക്കാർ വീണ്ടും അധികാരത്തിൽ വരം, പിണറായി വിജയൻ വീണ്ടും കേരളത്തിന്‍റെ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം പറഞ്ഞു.

ചൂരമീൻ ആണെന്ന് കരുതി ഭക്ഷണത്തിന് മുന്നിൽ നിന്ന് എഴുന്നേറ്റ് പോകുന്നയാളല്ല പിണറായിയെന്നും കെ.ഇ ഇസ്മായിൽ പറഞ്ഞു. പിണറായി അങ്ങനെയുള്ള വ്യക്തിയെന്ന് കരുതുന്നില്ല. സി ദിവാകരൻ്റെ പരാമർശം എന്തടിസ്ഥാനത്തിലെന്ന് അറിയില്ല. വി.എസ് സുനിൽ കുമാറിനെ വീണ്ടും മത്സരിപ്പിക്കണം, ജയ സാധ്യതയാണ് പരിഗണനയെങ്കിൽ സുനിലിന് മത്സരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തിൽ തുടർഭരണം വേണ്ടെന്നായിരുന്നു കവിയും സാഹിത്യ അക്കാദമി ചെയർമാനുമായ കെ സച്ചിദാനന്ദന്‍റെ പ്രതികരണം. വീണ്ടും ഒരു ഭരണം കൂടി വന്നാൽ അവസരവാദികളായ ധാരാളം ആളുകൾ ഇടതുപക്ഷത്ത് ചേരുകയും സ്വന്തം കാര്യങ്ങൾ സാധിക്കുന്നതിന് വേണ്ടി പാർട്ടിയെ ഉപയോ​ഗിക്കുകയും ചെയ്യുന്ന ആളുകളുടെ എണ്ണം വർധിക്കുകയും ചെയ്യും. കേരളത്തിന് നല്ലത് മുന്നണികൾ മാറിയുള്ള ഭരണമാണ്. ജനാധിപത്യത്തിൽ പ്രതിപക്ഷവും ഭരണപക്ഷവും മാറി മാറി ഉണ്ടാവുക എന്നതാണ് പൊതുതത്വം എന്നും, തുടർച്ചയായി ഭരണം ലഭിക്കുമ്പോൾ പാർട്ടി ആഗ്രഹിക്കാത്തവർ പോലും പാർട്ടിയിലേക്ക് കടന്നുവരുമെന്നും കെ സച്ചിദാനന്ദൻ അഭിപ്രായപ്പെട്ടു.