
കൊല്ലം: മകളെ തട്ടിക്കൊണ്ടുപോയ കേസിൽ തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്യാൻ വിളിപ്പിച്ചെന്ന് കുട്ടിയുടെ അച്ഛൻ റെജി. അന്വേഷണ സംഘം വിളിപ്പിച്ചിട്ടുണ്ടെന്നും അവരുടെ മുമ്പാകെ ഹാജരാകുമെന്നും റെജി ഇന്ന് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പൊലീസ് പത്തനംതിട്ടയിലെ തന്റെ താമസസ്ഥലത്ത് നിന്ന് കൊണ്ടുപോയത് താൻ ഉപയോഗിച്ചിരുന്ന പഴയ ഫോണാണ്. കുട്ടികൾ ഉപയോഗിക്കാതിരിക്കാൻ വേണ്ടിയാണ് ആ ഫോൺ കൊല്ലം ഓയൂരിലെ വീട്ടിൽ നിന്ന് മാറ്റിവച്ചത്. ഏത് പരിശോധനയും നടത്തിക്കോട്ടെ. എന്തെങ്കിലും തെളിവുണ്ടെങ്കിൽ പൊലീസ് അത് കണ്ടെത്തട്ടെയെന്ന് പറഞ്ഞ റെജി, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ തനിക്ക് ശിക്ഷ കിട്ടട്ടെയെന്നും പറഞ്ഞു.
തട്ടിക്കൊണ്ടുപോകൽ കേസിൽ തന്നെയും താൻ നേതൃത്വം കൊടുക്കുന്ന യുണൈറ്റഡ് നഴ്സസ് അസോസിയേഷനെയും ലക്ഷ്യം വയ്ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അമ്മയുടെയും അച്ഛന്റെയും നമ്പർ കുഞ്ഞിന് അറിയാം. വിദേശത്തുള്ള സഹോദരൻ നാട്ടിൽ വരുമ്പോൾ ഉപയോഗിക്കുന്ന നമ്പറാണ് ഫോണിൽ ഉള്ളത്. ആദ്യഘട്ടത്തിൽ അന്വേഷണം നല്ല രീതിയിൽ മുന്നോട്ട് പോയിരുന്നു. എന്നാൽ ആരാണ് ആരോപണങ്ങൾക്ക് പിന്നിൽ എന്ന് പൊലീസ് അന്വേഷിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു..
അച്ഛനുമായോ സംഘടനയുമായോ ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ തട്ടിക്കൊണ്ട് പോകലിന് പിന്നിലുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇയാളുടെ പത്തനംതിട്ടയിലെ താമസ സ്ഥലത്ത് പൊലീസ് പരിശോധന നടത്തി. ഇവിടെയുണ്ടായിരുന്ന ഫോൺ പരിശോധനക്കായി ശേഖരിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ അച്ഛനോട് ചോദിച്ചറിയും. ആദ്യഘട്ടത്തിൽ നല്ല രീതിയിൽ പുരോഗമിച്ച അന്വേഷണത്തിൻറെ നിലവിലെ സ്ഥിതിയിൽ കുട്ടിയുടെ അച്ഛന് അതൃപ്തിയുണ്ട്.
മാതാപിതാക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്ന് യുഎൻഎ ആവശ്യപ്പെട്ടു. കുഞ്ഞിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് കൂടുതൽ രേഖാചിത്രങ്ങൾ പുറത്തുവിട്ടു. ആശ്രാമം മൈതാനത്ത് കുഞ്ഞിനെ എത്തിച്ച സ്ത്രീ, വീട്ടിൽ പരിചരിച്ച സ്ത്രീ, വാഹനമോടിച്ച ഡ്രൈവർ എന്നിവരുടെ രേഖാ ചിത്രങ്ങളാണ് പുറത്തുവിട്ടത്. ഇതിനിടെ ആശുപത്രിയിലെ നിരീക്ഷണം പൂർത്തിയാക്കി കുഞ്ഞിനെ വീട്ടിലേക്കെത്തിച്ചു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോഴും അന്വേഷണം നടക്കുന്നത്. കുഞ്ഞിനെ ആശ്രാമം മൈതനത്ത് ഉപേക്ഷിക്കുന്നതിൻറെ സിസിടിവി ദൃശ്യങ്ങൾ ഇന്ന് ലഭിച്ചിരുന്നു. പക്ഷെ നാലാം ദിവസമായിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കുട്ടിയെ തട്ടിക്കൊണ്ടുപോയ വാഹനവും കിട്ടിയില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam