'പിന്നെ വിളിക്കാമെന്ന് പറഞ്ഞ് പുലര്‍ച്ചെ മൂന്നിന് ഫോണ്‍ സ്വിച്ചോഫാക്കി'; വിജിത്തിനായി പ്രാര്‍ത്ഥനയോടെ അച്ഛന്‍

By Web TeamFirst Published Nov 9, 2022, 11:40 AM IST
Highlights

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പോവുകയാണെന്നും ഒരു മണിക്കൂറിന് ശേഷം വിളിക്കാമെന്നുമാണ് അപ്പോള്‍ പറഞ്ഞത്. പിന്നീട് ഇതുവരെ അവന്‍റെ ഫോണൊന്നും വന്നില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 


കൊല്ലം: ഗിനിയന്‍ നാവിക സേന കസ്റ്റഡിയിലെടുത്ത കപ്പലിലെ മലയാളിയായ വിജിത്തിനെയും കൂട്ടുകാരെയും വെറുതെ വിടുമെന്ന് പ്രതീക്ഷിക്കുന്നതായും അവര്‍ക്കായി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുന്നെന്നും വിജിത്തിന്‍റെ അച്ഛന്‍ വിക്രമന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ' ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ വിജിത്ത് വിളിച്ചിരുന്നു. ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ പോവുകയാണെന്നും ഒരു മണിക്കൂറിന് ശേഷം വിളിക്കാമെന്നുമാണ് അപ്പോള്‍ പറഞ്ഞത്. പിന്നീട് ഇതുവരെ അവന്‍റെ ഫോണൊന്നും വന്നില്ലെന്നും' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കപ്പലിലുള്ള എല്ലാവരെയും വെറുതെ വിടാനായി  പ്രാര്‍ത്ഥിക്കണമെന്ന് വിജിത്ത് ആവശ്യപ്പെട്ടതായും ഇവര്‍ക്കുള്ള ഭക്ഷണവും മറ്റും ഇന്ത്യന്‍ എംബസി വഴി വിതരണം ചെയ്യുന്നുണ്ടെന്നും  അദ്ദേഹം പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:  മലയാളികൾ ഉൾപ്പെടെ 16 ഇന്ത്യക്കാർ ഇക്വറ്റോറിയൽ ഗിനിയിൽ അറസ്റ്റിൽ, അറസ്റ്റിലായവരിൽ വിസ്മയയുടെ സഹോദരൻ വിജിത്തും
 

എന്നാല്‍, ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് പോലും ഇവരെ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കിയിട്ടില്ല. ഭക്ഷണവും മറ്റും തടവറയ്ക്ക് പുറത്ത് എത്തിച്ച് നല്‍കുകയാണെന്നും എത്രയും പെട്ടെന്ന് ഇവരുടെ മോചനം സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അതിനായി പ്രാര്‍ത്ഥിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെയായും എംബസി ഓഫീസില്‍ നിന്ന് വീട്ടിലേക്ക് ഫോണ്‍ വിളികളൊന്നും ഉണ്ടായിട്ടില്ലെന്നും വിജിത്ത് വിളിച്ചാല്‍ മാത്രമേ വിവരങ്ങള്‍ അറിയാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. മലയാളികളായ വിജിത്ത് വി നായര്‍, മില്‍ട്ടന്‍ ഡിക്കോത്ത് എന്നിവരടക്കം 15 പേരെയാണ് ഗിനിയന്‍ നാവിക സേന കസ്റ്റഡിയിലെടുത്തത്. ഇവരെ ഗിനിയയുടെ തലസ്ഥാനമായ മലാബോയിലെ തടവ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. കസ്റ്റഡിയിലെടുത്ത 'എംടി ഹീറോയിക് ഇഡുന്‍' എന്ന ചരക്ക് കപ്പലില്‍ ഇപ്പോഴും 11 പേരോളമുണ്ട്. ഇവര്‍ ഗിനിയന്‍ നാവിക സേനയുടെ കാവലിലാണ്. മലയാളിയും കപ്പലിലെ ചീഫ് ഓഫീസറുമായ സനു ജോസിനെ കഴിഞ്ഞ ദിവസം നൈജീയയുടെ നാവിക കപ്പലിലേക്ക് കൊണ്ട് പോയിരുന്നു. 

കൂടുതല്‍ വായനയ്ക്ക്:   ഗിനിയിൽ കുടുങ്ങിയ കപ്പൽജീവനക്കാരെ മോചിപ്പിക്കാൻ നയതന്ത്രശ്രമം,യാത്രാരേഖകൾ കൈമാറി,കേസ് അന്തർദേശീയ കോടതിയിലേക്ക്

ഇത് തടവിലാക്കിയവരെ നൈജീരിയന്‍ സേനയ്ക്ക് കൈമാറുമെന്ന ആശങ്ക സൃഷ്ടിച്ചു. സനു ജോസിനെ പിന്നീട് ഇതേ കപ്പിലിലേക്ക് തന്നെ തിരികെ കൊണ്ട് വന്നു. കപ്പലിലെ 26 ഇന്ത്യന്‍ ജീവനക്കാരുടെയും പാസ്പോര്‍ട്ടുകള്‍ ഗിനിയന്‍ സേന പിടിച്ചെടുത്തു. ഇതിനിടെ കപ്പലിലെ തൊഴിലാളികളെ നൈജീരിയയ്ക്ക് കൈമാറുമെന്നും ഇവരെ വിചാരണ ചെയ്യുമെന്നും നൈജീരിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആശങ്ക വര്‍ദ്ധിപ്പിച്ചു. ഗിനിയയിലെ തുറമുഖത്ത് ക്രൂഡ് ഓയില്‍ നിറയ്ക്കാനായെത്തിയ കപ്പലിലെ ജീവനക്കാരെയാണ് ഗിനിയ തടവിലാക്കിയിരിക്കുന്നത്. ഇതിന്‍റെ കാരണം വ്യക്തമല്ല. അതിനിടെയാണ് അതിനേക്കാള്‍ ആശങ്കയുയര്‍ത്തി ഇവരെ നൈജീരിയയ്ക്ക് കൈമാറുമെന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ഈ വാര്‍ത്തകള്‍ക്കൊന്നും സ്ഥിരീകരണമില്ല. അതിനിടെ നാവികരെ എത്രയും പെട്ടെന്ന് മോചിപ്പിക്കുന്നതിനായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. ഇന്ത്യൻ എംബസി അധികൃതർ ഇരു രാജ്യങ്ങളുമായി ചർച്ച തുടരുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കപ്പൽ ജീവനക്കാരെ മോചിപ്പിക്കാൻ കൂടുതൽ ശ്രമങ്ങൾ നടക്കുകയാണ്. കപ്പൽ യാത്ര നിയമപരമെന്ന് തെളിയിക്കുന്ന രേഖകൾ നൈജീരിയ്ക്ക് ഇന്ത്യന്‍ എംബസി കൈമാറി. നൈജീരിയയിലെ ഇന്ത്യൻ ഹൈകമ്മീഷനാണ് രേഖകൾ നൽകിയത്. ഇതിനിടെ ജീവനക്കാരുടെ മോചനത്തിനായി കപ്പൽ കമ്പനി നൈജീരിയയിൽ കേസ് ഫയൽ ചെയ്തു. മോചനത്തിനായി അന്തർദേശീയ കോടതിയെ സമീപിക്കുമെന്നും കമ്പനി അറിയിച്ചു. 

കൂടുതല്‍ വായനയ്ക്ക്:  ഗിനിയിൽ കുടുങ്ങിയ കപ്പലിലെ ഇന്ത്യക്കാരുടെ മോചനം നീളുന്നു, തടവിലുള്ളവരെ നൈജീരിയയിലേക്ക് മാറ്റുമോ എന്നാശങ്ക

 

 

click me!