ഫാത്തിമയുടെ മരണം: കുറ്റാരോപിതരെ ചോദ്യം ചെയ്‌ത് ക്രൈം ബ്രാഞ്ച് മടങ്ങി; നാളെയും തുടരും

By Web TeamFirst Published Nov 18, 2019, 10:49 PM IST
Highlights
  • ഐഐടി ഡറക്ടർ ഭാസ്കർ സുന്ദരമൂർത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിനെ നേരിൽ കണ്ട് വിശദീകരണം നൽകാൻ ദില്ലിക്ക് പോയി
  • ആഭ്യന്തര അന്വേഷണത്തിന് തയ്യാറല്ലെന്ന് ഐഐടി അറിയിച്ചിട്ടും നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഐഐടിയിലെ വിദ്യാർത്ഥികൾ

ചെന്നൈ: ഐഐടി മദ്രാസ് വിദ്യാർത്ഥിനി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യക്ക് കാരണക്കാരെന്ന് സംശയിക്കുന്ന അധ്യാപകരെ ചോദ്യം ചെയ്യുന്നത് ഇന്നത്തേക്ക് അവസാനിപ്പിച്ചു. ചോദ്യം ചെയ്യൽ നാളെയും തുടരുമെന്ന് ക്രൈം ബ്രാഞ്ച് സംഘം അറിയിച്ചു. ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് അധ്യാപകരേയും ഒറ്റയ്ക്കിരുത്തി രണ്ടര മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് സംഘം മടങ്ങിയത്.

ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ ശക്തമാവുകയും പാർലമെന്റിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തതോടെ കടുത്ത സമ്മർദ്ദത്തിലാണ് പൊലീസ് സംഘം. അതേസമയം കുറ്റാരോപിതർക്കെതിരെ ആഭ്യന്തര അന്വേഷണത്തിന് തയ്യാറല്ലെന്ന് വ്യക്തമാക്കിയ ഐഐടി ഡറക്ടർ ഭാസ്കർ സുന്ദരമൂർത്തി കേന്ദ്ര മാനവവിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലിനെ നേരിൽ കണ്ട് വിശദീകരണം നൽകാൻ ദില്ലിക്ക് പോയി.

ആഭ്യന്തര അന്വേഷണത്തിന് തയ്യാറല്ലെന്ന് ഐഐടി അറിയിച്ചിട്ടും നിരാഹാര സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഐഐടിയിലെ വിദ്യാർത്ഥികൾ. ഇവരുടെ പ്രതിഷേധത്തിന് ശക്തിപകരാൻ നാളെ തമിഴ്‌നാട്ടിലെ എല്ലാ കോളേജുകളിലെയും വിദ്യാർത്ഥികൾ പ്രതിഷേധിക്കും. ചെന്നൈയിലെ വള്ളുവർകോട്ടത്ത് വിദ്യാർത്ഥികളുടെ വൻ പ്രതിഷേധ മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്.

click me!