
ഇരിട്ടി: കണ്ണൂർ ഇരിട്ടിയിൽ പള്ളി വികാരിയെ വിമർശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടയാളെ ആൾക്കൂട്ട വിചാരണ നടത്തി മാപ്പ് പറയിച്ചു. കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ വിമർശിച്ച പൊതുപ്രവർത്തകൻ ജിൽസ് ഉണ്ണിമാക്കലിനെയാണ് പൊലീസ് നോക്കി നിൽക്കേ വിശ്വാസികൾ പള്ളിയിൽ കൊണ്ടുവന്ന് അപമാനിച്ചത്.
ക്യാൻസർ ബാധിച്ച് മരിച്ച ആൽബർട്ട് എന്ന പതിനാറുകാരന് പള്ളി വികാരി അന്ത്യകൂദാശ നൽകിയില്ലെന്ന പ്രശ്നത്തിൽ ഇടപെട്ട് പ്രതികരിച്ചയാൾക്കാണ് ദുരനുഭവമുണ്ടായത്. നാല് വർഷമായി ക്യാൻസർ ചികിത്സയിലായിരുന്നു ആൽബർട്ട്. രോഗം മൂര്‍ച്ഛിച്ചതോടെ ആല്‍ബര്‍ട്ടിന്‍റെ കാല് പൂർണ്ണമായും മുറിച്ച് മാറ്റിയിരുന്നു.
തുടർചികിത്സകൾ ഫലിക്കാതെ വന്നതോടെ പാലിയേറ്റീവ് കെയർ നൽകിയാൽ മതിയെന്ന് കാട്ടി വീട്ടിലേക്ക് അവനെ പറഞ്ഞയച്ചു. ഇതോടെയാണ് മകന് അന്ത്യ കൂദാശ അടക്കമുള്ള മതപരമായ പ്രാർത്ഥന നടത്തണമെന്ന് അഭ്യർത്ഥിച്ച് പിതാവ് മാത്യു ചരുപറമ്പിൽ കുന്നോത്ത് സെന്റ് തോമസ് ഫൊറോന പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിനെ കാണാന്‍ പോകുന്നത്. എന്നാല്‍, താന്‍ മൂന്ന് പ്രാവശ്യം തന്‍റെ കൂട്ടുകാരന്‍ രണ്ട് പ്രാവശ്യം പറഞ്ഞുവെങ്കിലും പള്ളി വികാരി അന്ത്യ കുദാശ നല്‍കിയില്ലെന്ന് മാത്യു ചരുപറമ്പിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പിന്നീട് 33-ാം ദിവസം വികാരി വന്ന അന്ത്യ കൂദാശ നല്‍കുമ്പോള്‍ കുട്ടി അബോധാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ മരണശേഷം സങ്കടവും ദേഷ്യവും സഹിക്കാനാകാതെ മാത്യു ഒരിക്കൽ കൂടി പള്ളിയിലെത്തി വികാരിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ഈ വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയത് പൊതുപ്രവർത്തകനായ ജിൽസ് ഉണ്ണിമാക്കൽ ഇടവക വികാരിക്കും കൈക്കാരൻ ജോസിനെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു.
വികാരിക്ക് പറയാനുള്ളത് കേൾക്കാതെ ഏകപക്ഷീയമായാണ് ഫേസ്ബുക്ക് പോസ്റ്റ് എന്നാരോപിച്ച് ഒരു കൂട്ടം ആളുകൾ ജിൽസിനെ പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ആൾക്കൂട്ട വിചാരണ നടത്തുകയായിരുന്നു. കൈക്കാരൻ ജോസിന്റെ കാലുപിടിപ്പിച്ച് കൂക്കിവിളിയോടെയാണ് സംഘം മടങ്ങിയത്.
ജിൽസിനെ വിചാരണ ചെയ്ത സംഘത്തെ അനുമോദിച്ച് ഇവർ കേരള കത്തോലിക്ക സമൂഹത്തിന് മാതൃകയാണെന്ന് പള്ളി വികാരി വിശ്വാസികളുടെ വാട്സ് ആപ്പ് കൂട്ടായ്മയിൽ കുറിപ്പിടുകയും ചെയ്തു. കുട്ടിക്ക് സമയത്തുതന്നെ കൂദാശ നൽകിയിരുന്നു എന്നാണ് കുന്നോത്ത് പള്ളി വികാരി ഫാ. അഗസ്ത്യൻ പാണ്ട്യാംമാക്കലിന്‍റെ പ്രതികരണം. എന്നാല്‍, മറ്റു കാര്യങ്ങളെക്കുറിച്ച് കൂടുതൽ വിശദീകരണത്തിന് ഇപ്പോൾ തയ്യാറല്ലെന്നും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam