സിസ്റ്റർ ലൂസിയോട് നിലപാട് കടുപ്പിച്ച് എഫ്സിസി; പരാതി പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ്

By Web TeamFirst Published Aug 24, 2019, 11:37 AM IST
Highlights

വഞ്ചി സ്ക്വാറിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തിനല്ല സിസ്റ്റർക്കെതിരെ സഭ നടപടി സ്വീകരിച്ചത്. സഭയിൽ നിന്ന് പുറത്താക്കിയതിനുള്ള  യഥാർത്ഥ കാരണം വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാൻ തങ്ങളെ ഇത്തരം പ്രവർത്തികൾകൊണ്ടു നിർബന്ധിതരാക്കരുതെന്നും കത്തിൽ പറയുന്നു. 
 

കൽപറ്റ: മഠത്തിലെ സിസ്റ്റർമാർക്കെതിരെ പൊലീസിൽ പരാതി നൽകിയതുമായി ബന്ധപ്പെട്ട് സിസ്‌റ്റർ ലൂസി കളപ്പുരയോട് വിശദീകരണം ആവശ്യപ്പെട്ട് എഫ്സിസി (ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹം) കോണ്‍ഗ്രിഗേഷന്‍റെ കത്ത്. പൊലീസിൽ നൽകിയ പരാതി പിൻവലിച്ച് മാപ്പ് പറഞ്ഞില്ലെങ്കിൽ സിസ്റ്റർ ലൂസിക്കെതിരെ നിയമപടി എടുക്കുമെന്ന് മഠത്തിലെ പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ജ്യോതി മരിയ അയച്ച കത്തിൽ മുന്നറിയിപ്പ് നൽകുന്നുണ്ട്. കത്തിൽ മൂന്ന് ദിവസത്തിനകം വിശദീകരണം നൽകണമെന്ന് എഫ്സിസി ആവശ്യപ്പെട്ടു.

വഞ്ചി സ്ക്വാറിൽ കന്യാസ്ത്രീകൾ സംഘടിപ്പിച്ച സമരത്തിൽ പങ്കെടുത്തിനല്ല സിസ്റ്റർക്കെതിരെ സഭ നടപടി സ്വീകരിച്ചത്. സഭയിൽ നിന്ന് പുറത്താക്കിയതിനുള്ള  യഥാർത്ഥ കാരണം വിശദീകരിക്കുന്ന 19 പേജുള്ള കുറിപ്പ് മാധ്യമങ്ങൾക്ക് നൽകാൻ തങ്ങളെ ഇത്തരം പ്രവർത്തികൾകൊണ്ടു നിർബന്ധിതരാക്കരുതെന്നും കത്തിൽ പറയുന്നു.

സഭയിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ട തുടർനടപടികൾ തീരുന്നതുവരെ കാരയ്ക്കാ മല മഠത്തിൽ തുടരാനുള്ള അനുവാദം നൽകിയിട്ടുണ്ട്. താമസിക്കാനുള്ള അനുവാദം നൽകിയതുകൊണ്ട് സിസ്റ്ററുടെ താൽപര്യത്തിന് അനുസരിച്ച് മഠത്തിൽ വച്ച് എന്തും ചെയ്യാനുള്ള അനുവാദം ഇല്ല. സിസ്റ്ററെ മഠത്തില്‍ പൂട്ടിയിട്ടെന്ന ആരോപണവുമായി ബന്ധപ്പെട്ട ലോക്കൽ സുപ്പീരിയർക്കെതിരെ നൽകിയ പരാതി പിൻവലിച്ച് എഫ്സിസിയോട് മാപ്പ് പറയണം. അല്ലെങ്കിൽ അപകീര്‍ത്തിപ്പെടുത്താൻ ശ്രമിച്ചതിന് സിസ്റ്റർക്കെതിരെ സംസ്ഥാന വനിതാ കമ്മീഷനിൽ പരാതി നൽകും.

ഓ​ഗസ്റ്റ് 19 നായിരുന്നു സംഭവം. കുറുബാന കൂടാനായി പള്ളിയിൽ പോകുന്നതിനായി സിസ്റ്ററെ കാത്തുനിന്നെങ്കിലും മുറിയിൽ നിന്ന് ശബ്ദം കേൾക്കാത്തതിനാലാണ് മഠം പൂട്ടി പോയതെന്ന് ലോക്കൽ സുപ്പീരിയർ വ്യക്തമാക്കിയിട്ടുണ്ട്. സിസ്റ്റർ ഉറങ്ങുകയാണെന്ന് കരുതിയാണ് വാതിൽ മുട്ടി വിളിക്കാത്തതിരുന്നത്. അല്ലാതെ സിസ്റ്ററെ പൂട്ടിയിട്ടതല്ല. അനുവാദം കൂടാതെ പരിചയമില്ലാത്തവരും കുറ്റവാളികളും കയറിയിറങ്ങുന്നത് തടയുക എന്നത് സുപ്പീരിയറിന്റെ ചുമതലയാണെന്നും കത്തിൽ വിശദീകരിക്കുന്നു.

മാനന്തവാടി രൂപതയുടെ വക്താവായ ഫാദർ നോബിളിനു കോണ്‍ഗ്രിഗേഷൻ അധികൃതർ തന്നെയാണ് സിസിടിവി ദൃശ്യങ്ങൾ നൽകിയത്. അത് സിസ്റ്റർ ലൂസിയെ അപകീർത്തിപ്പെടുത്താൻ അല്ലെന്നും കത്തിൽ പറയുന്നു.

click me!