
വിദേശ സംഭാവന നിയന്ത്രണ നിയമത്തിൽ (എഫ് സി ആർ എ) വരുത്തുന്ന ഭേദഗതികൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പുതിയ ഭേദഗതികൾ ന്യൂനപക്ഷ വിഭാഗങ്ങളെ വലിയ രീതിയിലുള്ള അരക്ഷിതാവസ്ഥയിലേക്ക് തള്ളിവിടുന്നതാണെന്ന് അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി. ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന സംഘടനകളെയും അവർക്ക് കീഴിലുള്ള വിദ്യാഭ്യാസ, ആരോഗ്യ സ്ഥാപനങ്ങളെയും ഈ നിയമപരിഷ്കാരം പ്രതികൂലമായി ബാധിക്കുമെന്നും അതിനാൽ സർക്കാർ ഇക്കാര്യം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലൈസൻസ് പുതുക്കുന്നതിൽ ഭരണപരമായ കാലതാമസം നേരിട്ടാൽ പോലും സംഘടനകളുടെ ആസ്തികൾ കണ്ടുകെട്ടാൻ കേന്ദ്ര സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥയിൽ അദ്ദേഹം ആശങ്ക രേഖപ്പെടുത്തി. ഇത്തരം നടപടികൾ തെറ്റ് ചെയ്യാത്ത സംഘടനകളെപ്പോലും തകർക്കാൻ ഇടയാക്കും. വിദ്യാഭ്യാസ, സാമൂഹിക സേവന രംഗങ്ങളിൽ നിർണ്ണായക പങ്ക് വഹിക്കുന്ന ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ഈ ഭേദഗതികൾ തടസ്സപ്പെടുത്തുമെന്നും അധിക ബാധ്യതകൾ അടിച്ചേൽപ്പിക്കുമെന്നും സതീശൻ കത്തിൽ വ്യക്തമാക്കി.
ക്രൈസ്തവ വിഭാഗങ്ങളെ ഒപ്പം നിർത്താനുള്ള നീക്കത്തിനിടെ ബി ജെ പിയെ വെട്ടിലാക്കി എഫ് സി ആർ എ നിയമഭേദഗതി ബിൽ. ഓശാനാ ഞായർ ദിനം വിവിധ സഭാ അധ്യക്ഷന്മാർ ബില്ലിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി. സർക്കാർ ഒരു അതോറിറ്റി ഉണ്ടാക്കി മതസ്ഥാപനങ്ങൾ ഏറ്റെടുക്കാനിടയുണ്ട് എന്നതടക്കമുള്ള ആശങ്കയാണ് സഭ പങ്കുവയ്ക്കുന്നത്. എഫ് സി ആർ എ ഭേദഗതി ബിൽ അപ്രതീക്ഷിതമെന്ന് ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ പ്രതികരിച്ചു. ഇപ്പോൾ തന്നെ കർശനമായ ഉപാധികൾ ഉണ്ട്. പിന്നെ എന്തിനാണ് ഇത്തരത്തിൽ ഒരു നിയമം കൊണ്ടുവരുന്നത്. വിദേശ സഹായം കുഴപ്പം പിടിച്ച സംഭവമായി കാണുന്നത് എന്തിനാണെന്നും ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ തോമസ് തറയിൽ ചോദിച്ചു. വിദേശത്ത് ജോലി ചെയ്യുന്ന ആളുകൾക്ക് സഹായം നൽകാൻ കഴിയുന്നത് എഫ് സി ആർ എ വഴിയാണ്. പാവപ്പെട്ടവരെ സഹായിക്കാൻ നൽകുന്നതാണ് വിദേശ ഫണ്ട്. ഇതിനെ ദേശവിരുദ്ധ പ്രവർത്തനം എന്ന നിലയിൽ കാണുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിയമപരമായാണ് പ്രവർത്തിക്കുന്നത്. അതല്ലെങ്കിൽ അത് റദ്ദാക്കാൻ സർക്കാരിന് അധികാരമുണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ എന്നിവയ്ക്കൊക്കെ ഫണ്ട് വരാറുണ്ട്. ജനാധിപത്യവ്യവസ്ഥയിൽ നിയമ ഭേദഗതി അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി ബി സിഐ നേതൃത്വം പ്രധാനമന്ത്രിയുമായി ചർച്ച നടത്തുന്നുണ്ടെന്നും പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും കോഴിക്കോട് ആർച്ച് ബിഷപ്പും കെ സി ബി സി അധ്യക്ഷനുമായ വർഗീസ് ചക്കാലക്കലും പ്രതികരിച്ചു. അതേസമയം ബിൽ ഭേദഗതി ബി ജെ പിക്കെതിരെ ആയുധമാക്കുകയാണ് എൽ ഡി എഫും യു ഡി എഫും. എന്നാൽ ബിൽ ഒരു മതത്തിനെതിരെ അല്ലെന്ന് കേന്ദ്രമന്ത്രി ജോർജ്ജ് കുര്യൻ ഏഷ്യാനെറ്റ് ന്യൂസിനോട് വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam