
പത്തനംതിട്ട: രാഹുലിനെതിരെ പരാതി നൽകിയ യുവതിക്കെതിരെ നടത്തിയ സൈബർ അധിക്ഷേപത്തിൽ പത്തനംതിട്ട സൈബർ സെൽ എടുത്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഫെന്നി നൈനാൻ ഹൈക്കോടതിയിൽ. എഫ്ഐആർ റദ്ദാക്കണമെന്നാണ് ഫെന്നിയുടെ ആവശ്യം. രാഹുൽ കേസിലെ അതിജീവിതയുടെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ലെന്നും സൈബർ പൊലീസിന്റെ നടപടി തെറ്റാണെന്നും ഫെന്നി പറയുന്നു. രാഹുലിനെതിരെ ബലാത്സംഗ കേസ് നിലനിൽക്കില്ലെന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂ. രാഹുലുമായി പരാതിക്കാരി ബന്ധം നിലനിർത്താൻ പിന്നീടും ആഗ്രഹിച്ചിരുന്നു. കേസിൽ പൊലീസ് അറസ്റ്റിന് നീക്കം നടത്തുന്നുവെന്നും ഫൈന്നി പറയുന്നു.
ഫെന്നി നൈനാന്‍റെ സൈബർ അധിക്ഷേപത്തിൽ പ്രതികരിച്ച് രാഹുലിനെതിരെ പരാതി നൽകിയ മൂന്നാം പരാതിക്കാരി. ഫെന്നിയുടെ സൈബർ അധിക്ഷേപം ഇനി പരാതിക്കാർ മുന്നോട്ട് വരുന്നത് തടയാനാണെന്നും ചാറ്റിന്‍റെ ചില ഭാഗങ്ങൾ പുറത്തുവിട്ടത് തന്നെ അധിക്ഷേപിക്കാനാണെന്നും പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തലയും വാലുമില്ലാത്ത ചാറ്റുകൾ ആണിത്. നടന്ന സംഭാഷണത്തിന്റെ കുറച്ച് മാത്രമാണ് പുറത്ത് വന്നത്. രാഹുലിനെതിരായ പരാതികളുടെ നിജസ്ഥിതി അറിയാനാണ് അന്ന് നേരിൽ കാണാൻ ശ്രമിച്ചതെന്നും പരാതിക്കാരി പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പിനിടെയാണ് രാഹുൽ ഒന്നിച്ച് ജീവിക്കാമെന്ന് പറഞ്ഞതെന്നും കഴിഞ്ഞ ആഗസ്റ്റിൽ രാഹുലിനെതിരായ വാര്‍ത്തകള്‍ ശ്രദ്ധയിൽപ്പെട്ടപ്പോള്‍ നിജസ്ഥിതി അറിയാനാണ് നേരിൽ കാണമെന്ന പറഞ്ഞതെന്നും അതിജീവിത പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് തന്നെ തകര്‍ക്കാനുള്ള ആസൂത്രിത നീക്കമാണെന്നും എല്ലാം നേരിടാൻ തയ്യാറായിട്ടാണ് മുന്നോട്ടുവന്നതെന്നും അതിജീവിത പറഞ്ഞു.
2024 ജൂലൈയിൽ ആണ് ഫെന്നിയെ പരിചയപ്പെടുന്നത്. 2025 നവംബർ വരെ ഫെന്നിയുമായി അടുത്ത സൗഹൃദമുണ്ടായിരുന്നു. 2024 മെയ് മാസത്തിൽ ആണ് മിസ്കാരേജ് സംഭവിക്കുന്നത്. രാഹുൽ അങ്ങേയറ്റം സ്ട്രെസും ട്രോമയും തന്നതിന്‍റെ ഫലമായിരുന്നു ആ മിസ്കാരേജ്. മാനസികമായും ശാരീരികമായും ആകെ തകർച്ച നേരിട്ട സമയം ആയിരുന്നു അത്. കുഞ്ഞിനെ നഷ്ടപ്പെടുന്നു, ജോലി നഷ്ട്ടപ്പെടുന്നു. ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധികളിൽ കൂടി കടന്നുപോയ സമയമായിരുന്നു അത്. അപ്പോഴാണ് ഫെന്നി ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടുന്നത്. ചൂരൽമല ഫണ്ടിങ്ങിൽ കൂപ്പൺ ചലഞ്ചിൽ പങ്കെടുക്കണമെന്ന് പറഞ്ഞു. രാഹുൽ ആണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്നും ഫെനി പറഞ്ഞു. സമ്മർദ്ദം ചെലുത്തി സമ്മാനം നേടി എടുക്കണമെന്നും പറഞ്ഞു. രാഹുലിനെ കുറിച്ച് ഫെന്നി എപ്പോഴും സംസാരിക്കുമായിരുന്നു. അതോടെ കാര്യങ്ങൾ ഫെന്നിയോട് തുറന്നു പറഞ്ഞു. ആരോടും പറയരുത് എന്ന് ഫെന്നി തന്നോട് ആവശ്യപ്പെട്ടു. തന്‍റെ കുഞ്ഞിന്‍റെ അച്ഛൻ എന്ന ബോണ്ട് രാഹുലിനോട് ഉണ്ടായിരുന്നു ആ സമയം. ആ ട്രോമ ബോണ്ടിൽ കഴിഞ്ഞിരുന്ന തന്നെ ഫെന്നി മാനിപ്പുലേറ്റ് ചെയ്തു. കോടികളുടെ ബാധ്യത രാഹുലിനുണ്ട് എന്നൊക്കെ പറഞ്ഞു.
ഒരു സമര സമയത്ത് ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കാശില്ലെന്ന് പോലും പറഞ്ഞ് പണം വാങ്ങി. ഫെന്നിയോട് കാര്യങ്ങൾ പറഞ്ഞത് അറിഞ്ഞ രാഹുൽ, തന്നെ പിന്നെയും അധിക്ഷേപിച്ചു. പാലക്കാട് തെരഞ്ഞെടുപ്പ് സമയത്താണ് ഒരുമിച്ച് ജീവിക്കണം എന്ന് പറഞ്ഞ് രാഹുൽ വീണ്ടും വരുന്നത്. 2025 ആഗസ്റ്റിൽ രാഹുലിനെതിരായ വാർത്തകൾ കണ്ടു. ഒരു വ്യക്തത വേണം എന്നാവശ്യപ്പെട്ട് രാഹുലിനെ വിളിച്ചു. തനിക്ക് ഒരു ക്ലോഷർ വേണം ആയിരുന്നു. അതിനായി രാഹുലിനെ കാണാൻ അടൂരിൽ ചെല്ലണമെന്ന് പറഞ്ഞു. അടൂരിലേക്ക് വരരുത് എന്നും പാലക്കാടേക്ക് ചെല്ലാനും രാഹുൽ ആണ് ആവശ്യപ്പെട്ടത്. പക്ഷേ പിന്നെ രാഹുൽ കൂടിക്കാഴ്ചയ്ക്ക് വിസമ്മതിച്ചു. കാണണമെങ്കിൽ ഫെന്നിയുമായി ബന്ധപ്പെടാൻ പറഞ്ഞു. ഫെന്നി ഓഫീസിലേക്ക് വരാൻ പറഞ്ഞപ്പോ പറ്റില്ലെന്ന് പറഞ്ഞു. പേഴ്സണൽ കാര്യങ്ങൾ സംസാരിക്കാനുള്ളതിനാൽ ആളുകൾ ഇല്ലാത്ത സുരക്ഷിതമായ സ്ഥലം വേണം എന്ന് പറഞ്ഞു.
ഒരു സുഹൃത്തിനൊപ്പം കാണാൻ വരുമെന്നും പറഞ്ഞിരുന്നു. രാഹുലിനോടും ആരെയെങ്കിലും കൂട്ടി കാണാൻ ആണ് വരാൻ പറഞ്ഞത്. മുന്നറിയിപ്പില്ലാതെ ആണ് പാലക്കാട് പോയത്. രാവിലെ മുതൽ രാത്രി വരെ തങ്ങളെ രാഹുലിന്‍റെ സ്റ്റാഫ് കള്ളം പറഞ്ഞ് പലയിടത്തായി ഓടിച്ചു. ഒരു ദിവസം മുഴുവൻ കഴിഞ്ഞിട്ടും രാഹുൽ കാണാൻ കൂട്ടാക്കിയില്ല. കൂടിക്കാഴ്ച്ചയുമായി ബന്ധപ്പെട്ട സംഭാഷണത്തിന്‍റെ ഏതാനും ഭാഗങ്ങൾ ആണ് പുറത്തുവന്നത്. ഒരു ക്ലോഷറിനായി വിശദമായി സംസാരിക്കാനാണ് മൂന്നാല് മണിക്കൂർ സമയം വേണം എന്ന് പറഞ്ഞത്. അതല്ലാതെ രാഹുലുമായി വീണ്ടും ഒരു ശാരീരിക ബന്ധത്തിനല്ല. പരാതി നേരത്തെ കൊടുത്തിരുന്നുവെങ്കിൽ മറ്റു രണ്ട് പെൺകുട്ടികൾക്ക് ഈ അനുഭവം ഉണ്ടാവില്ലായിരുന്നു. ഫെന്നിയോട് സ്നേഹത്തോടെ പറയുന്നു ഞാൻ ഇതൊന്നും കണ്ടു പേടിക്കില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam