
തിരുവനന്തപുരം: ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി എം എ ബേബിയെ പരിഹസിക്കുന്നവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് വെളിച്ചത്തുവരുന്നതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് തങ്ങളുടെ രീതിയും ശീലവുമാണെന്ന് ശിവൻകുട്ടി വിശദീകരിച്ചു. ബേബിക്ക് പാത്രം കഴുകാൻ മാത്രമല്ല നന്നായി പാചകം ചെയ്യാനും അറിയാമെന്ന് അദ്ദേഹത്തെ അടുത്തറിയുന്നവർക്ക് അറിയാമെന്ന് ശിവൻകുട്ടി കുറിച്ചു.
ശിവൻകുട്ടിയുടെ പോസ്റ്റിന്‍റെ പൂർണരൂപം
ഗൃഹസന്ദർശനത്തിനിടെ ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകിവെച്ച സിപിഎം ജനറൽ സെക്രട്ടറി സഖാവ് എംഎ ബേബിയെ പരിഹസിച്ചുകൊണ്ട് ചില കോണുകളിൽ നിന്ന് ഉയരുന്ന ട്രോളുകൾ ശ്രദ്ധയിൽപ്പെട്ടു. ആ പരിഹാസത്തിന് പിന്നിലുള്ളവരുടെ സാംസ്കാരിക ശൂന്യതയും ഫ്യൂഡൽ മനോഭാവവുമാണ് ഇതിലൂടെ വെളിച്ചത്തുവരുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു പുതിയ കാര്യമല്ല. ഡൽഹിയിലെ എകെജി ഭവനിലായാലും തിരുവനന്തപുരത്തെ എകെജി സെന്ററിലായാലും മറ്റേത് ജില്ലാ കമ്മിറ്റി ഓഫീസിലായാലും ഭക്ഷണം കഴിച്ച പാത്രം സ്വയം കഴുകി വെക്കുക എന്നത് ഞങ്ങളുടെ രീതിയും ശീലവുമാണ്. ബേബി സഖാവിനെ അടുത്തറിയുന്നവർക്ക് അദ്ദേഹം എവിടെയായിരുന്നാലും സ്വന്തം പാത്രം കഴുകി വെക്കുന്ന ശീലം പണ്ടേയുള്ളതാണെന്നും പാത്രം കഴുകുക മാത്രമല്ല നന്നായി പാചകം ചെയ്യാനും അദ്ദേഹത്തിന് അറിയാമെന്നും വ്യക്തമായി അറിയാം.
തുണികഴുകൽ, പാചകം, വീട് വൃത്തിയാക്കൽ, കക്കൂസ് കഴുകൽ തുടങ്ങിയ ജോലികൾ 'മോശപ്പെട്ട' പണികളാണെന്നും, അവയൊക്കെ സ്ത്രീകളോ അല്ലെങ്കിൽ സമൂഹത്തിലെ താഴെക്കിടയിലുള്ളവർ എന്ന് ഒരു വിഭാഗത്താൽ വിളിക്കപ്പെടുന്നവരോ മാത്രം ചെയ്യേണ്ടതാണെന്നും കരുതുന്നവർ ഇന്നും നമുക്കിടയിലുണ്ട്. പുരുഷന്മാർ ഇതൊന്നും ചെയ്യാൻ പാടില്ലെന്നുള്ള പഴഞ്ചൻ ഫ്യൂഡൽ മാടമ്പിത്തരം ഉള്ളിൽ പേറുന്നവർക്ക്, ഒരാൾ സ്വന്തം പാത്രം കഴുകുന്നത് കാണുമ്പോൾ അസ്വസ്ഥത ഉണ്ടായേക്കാം. ഏതൊരു തൊഴിലിനും അന്തസ്സുണ്ടെന്നും, സ്വന്തം കാര്യം നോക്കുന്നത് ആത്മാഭിമാനത്തിന്റെ ഭാഗമാണെന്നും തിരിച്ചറിയാനുള്ള പക്വത ഇക്കൂട്ടർക്ക് ഇല്ലാതെ പോയി.
ഈ അവസരത്തിൽ എന്റെ പ്രിയപ്പെട്ട വിദ്യാർത്ഥികളോട് ഒരുകാര്യം ഓർമ്മിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യുന്നത് ഒരിക്കലും കുറച്ചിലല്ല, മറിച്ച് അതൊരു വലിയ ഗുണമാണ്. പഠനത്തോടൊപ്പം തന്നെ വീട്ടിലെ ചെറിയ ജോലികൾ ചെയ്യാനും, ആൺകുട്ടികൾ പാചകവും പാത്രം കഴുകലും അടക്കമുള്ള കാര്യങ്ങൾ ശീലിക്കുന്നതും നല്ല സംസ്കാരത്തിന്റെ ഭാഗമാണ്. തൊഴിലിന്റെ മഹത്വം തിരിച്ചറിഞ്ഞ്, ലിംഗഭേദമില്ലാതെ എല്ലാ ജോലികളും ചെയ്യാൻ മടിയില്ലാത്ത ഒരു പുതിയ തലമുറയായി നിങ്ങൾ വളർന്നുവരണം. ജീർണ്ണിച്ച ചിന്താഗതികളെ അവഗണിച്ചുകൊണ്ട്, അധ്വാനത്തിന്റെ മഹത്വം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ട് പോകാം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam