
കോഴിക്കോട്: ട്രോളിംഗ് നിരോധന കാലത്ത് അനധികൃതമായി ആഴക്കടല്‍ മത്സ്യബന്ധനത്തിലേര്‍പ്പെട്ട ഫൈബര്‍ വള്ളങ്ങള്‍ പിടികൂടി. കന്യാകുമാരി കുളച്ചല്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഷൈജു, സെന്‍റ് മേരി മത്തലീന എന്നീ വള്ളങ്ങളാണ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്‍റ് വിഭാഗം കസ്റ്റഡിയിലെടുത്തത്. നിറയെ മത്സ്യവുമായി ബോട്ടുകള്‍ ബേപ്പൂര്‍ ഹാര്‍ബറില്‍ എത്തിയപ്പോഴാണ് നടപടിയുണ്ടായത്.
ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങള്‍ക്ക് മത്സ്യബന്ധനത്തിന് അനുമതിയുണ്ടെങ്കിലും ആഴക്കടല്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ലെന്നാണ് ചട്ടം. ഇത് ലംഘിച്ചാണ് കുളച്ചലുകാരുടെ വള്ളങ്ങള്‍ കടലില്‍ ഇറങ്ങിയത്. കിളിമീന്‍ ഉള്‍പ്പെടെയുള്ള മത്സ്യ ഇനങ്ങള്‍ വള്ളങ്ങളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. പിടിച്ചെടുത്ത മത്സ്യം ഫിഷറീസ് വകുപ്പ് കണ്ടുകെട്ടി ലേലത്തില്‍ വിറ്റു. ട്രോളിംഗ് കാലത്ത് ഇത്തരത്തില്‍ നടക്കുന്ന അനധികൃത മത്സ്യബന്ധനത്തിനെതിരെ കര്‍ശന നിയമനടപടി തുടരുമെന്ന് ഫിഷറീസ് അസിസ്റ്റന്‍റ് ഡയരക്ടര്‍ വി സുനീര്‍ അറിയിച്ചു. എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ഡോ. കെ വിജുല, എസ്‌ഐ ടി രാജേഷ്, സീനിയര്‍ സിപിഒ ലതീഷ്, സിപിഒമാരായ ശ്രീരാജ്, പ്രസാദ് എന്നിവര്‍ പരിശോധനക്ക് നേതൃത്വം നല്‍കി.