
തിരുവനന്തപുരം: അഞ്ചാമത് ലോക കേരള സഭ ജനുവരി 29, 30, 31 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുമെന്ന് സ്പീക്കർ എ എൻ ഷംസീർ അറിയിച്ചു. ജനുവരി 29 ന് നിശാഗന്ധിയിൽ നടക്കുന്ന പൊതുയോഗത്തോടെയാകും പരിപാടികൾക്ക് തുടക്കമാകുക. ജനുവരി 30, 31 തീയതികളിൽ നിയമസഭയിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ വെച്ച് സഭയുടെ ഔദ്യോഗിക നടപടികൾ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ലോക കേരള സഭയുടെ ഉദ്ഘാടനം നിർവഹിക്കും. പ്രവാസ ലോകത്തെ വിവിധ വിഷയങ്ങളിൽ ഊന്നിയുള്ള ചർച്ചകൾക്കും വികസന കാഴ്ചപ്പാടുകൾക്കും ഈ സമ്മേളനം വേദിയാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വലിയ പങ്കാളിത്തമാണ് ഇത്തവണ പ്രതീക്ഷിക്കുന്നത്. 125 രാജ്യങ്ങളിൽ നിന്നും 28 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. പ്രവാസികളായ 182 അംഗങ്ങളും പ്രത്യേക ക്ഷണിതാക്കളും ഉൾപ്പെടെയുള്ളവരാണ് ഇത്തവണ സഭയിൽ എത്തുന്നത്. ജനുവരി 30 ന് എട്ട് വിഷയങ്ങളെ ആസ്പദമാക്കിയുള്ള ചർച്ചകളും ഏഴ് മേഖല സമ്മേളനങ്ങളും സംഘടിപ്പിക്കും. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പരിഹാരങ്ങൾ കണ്ടെത്താനുമുള്ള സുപ്രധാന വേദിയായി ലോക കേരള സഭ മാറുമെന്ന് സ്പീക്കർ വ്യക്തമാക്കി.
ലോക കേരള സഭ ധൂര്‍ത്താണെന്ന പ്രതിപക്ഷ ആരോപണങ്ങള്‍ക്കിടെയാണ് വീണ്ടും പരിപാടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. പത്തുകോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്നതിനിടെ കോടികള്‍ ചെലവിട്ട് ലോക കേരള സഭ നടത്തേണ്ടതുണ്ടോ എന്ന ചോദ്യം പ്രതിപക്ഷം നേരത്തെ തന്നെ ഉയർത്തിയിരുന്നു. രണ്ടാം പിണറായി സര്‍ക്കാരിന്‍റെ കാലത്തെ അവസാനത്തെ ലോക കേരള സഭയാണ് ഇത്തവണത്തേത്. എന്നും വിവാദത്തിൽ മുങ്ങുന്നതാണ് ലോക കേരള സഭാ ചരിത്രം. പ്രവാസി മലയാളികളുടെ ക്ഷേമം, പ്രവാസി പങ്കാളിത്തത്തോടെ കേരളവികസനം എന്നിങ്ങനെയുള്ള ലക്ഷ്യങ്ങള്‍ പറഞ്ഞാണ് കേരള സഭ ചേരുന്നത്. എന്നാൽ ഇതുവരെ അരങ്ങേറിയ സഭകളുടെ നേട്ടങ്ങളെ കുറിച്ചുള്ള വ്യക്തമായ കണക്കും വിവരങ്ങളും സർക്കാർ പോലും കൃത്യമായി വിശദീകരിച്ചിട്ടില്ല. കഴിഞ്ഞ ജൂണിലായിരുന്നു ലോക കേരള സഭ. രണ്ട് വർഷം കൂടുമ്പോൾ ലോകകേരള സഭ ചേരുമെന്നാണ് പറഞ്ഞിരുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് ഒരു വർഷത്തിനുള്ളിൽ വീണ്ടും ചേരുന്നത്. രണ്ടാം പിണറായി സർക്കാറിന്‍റെ കാലാവധിതീരും മുമ്പെ സഭ ചേരാൻ വേണ്ടിയാണ് ഇതെന്ന് ആക്ഷേപം ഉയർന്നിരുന്നു. സാമ്പത്തിക പ്രതിസന്ധിക്കിടെ വീണ്ടും ലോക കേരളസഭ എന്തിനെന്ന് ചോദ്യമാണ് പ്രതിപക്ഷം ഉയർത്തുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam