അഞ്ചാമത് ടി.എൻ.ജി പുരസ്കാരം കരിപ്പൂ‍ർ വിമാനദുരന്തത്തിലെ രക്ഷാപ്രവർത്തകർക്ക് സമ‍ർപ്പിച്ചു

By Web TeamFirst Published Jan 30, 2021, 6:43 PM IST
Highlights

വിമാനപകടത്തിൽ രക്ഷാപ്രവർത്തനം നടത്തിയ കരിപ്പൂർ സ്വദേശികളെ പ്രതിനിധീകരിച്ച് പ്രദേശവാസികളും സ്ഥലത്ത് ആദ്യം എത്തുകയും ചെയ്ത ഫസ‍ൽ, ജുനൈദ്,ഹരീന്ദ്രൻ, കെ.വൈ.ഫസൽ, പിപി സജിത്ത് എന്നീ അഞ്ച് പേരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ ഇൻ ചീഫായിരുന്ന ടി.എൻ.​ഗോപകുമാറിൻ്റെ സ്മ‍രാണ‍ർത്ഥം ഏ‍ർപ്പെടുത്തിയ ടിഎൻജി പുരസ്കാരം കരിപ്പൂർ വിമാനത്താവളദുരന്തത്തിലെ രക്ഷാപ്രവ‍ർത്തക‍ർക്ക് സമ്മാനിച്ചു. ടിഎൻ ​ഗോപകുമാറിൻ്റെ ഓ‍ർമദിനമായ ഇന്ന് (ജനുവരി 30) തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ മിസോറാം ​ഗവ‍ർണർ പി.എസ്.ശ്രീധരൻ പിള്ളയാണ് കരിപ്പൂ‍ർ രക്ഷാപ്രവ‍ർത്തകരെ പ്രതിനിധീകരിച്ചെത്തിയ അഞ്ച് പേർക്ക് പുരസ്കാരം നൽകിയത്. 

ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ, മുൻ മന്ത്രി വിഎം സുധീരൻ എന്നിവർ പങ്കെടുത്തു. ടെലിഗ്രാഫ് ദിനപത്രത്തിൻ്റെ എഡിറ്റർ ആർ.രാജഗോപാൽ ടിഎൻജി അനുസ്മരണപ്രഭാഷണം നടത്തി. ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റ‍ർ എം.ജി.രാധാകൃഷ്ണൻ ചടങ്ങിന് അധ്യക്ഷ്യം വഹിച്ചു. കൊവിഡ് മാനദണ്ഡം നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തനം നടത്തിയ കരിപ്പൂർ സ്വദേശികളെ പ്രതിനിധീകരിച്ച്  ഫസ‍ൽ പുതിയകത്ത്, പി. ജുനൈദ്,സി.ഹരീന്ദ്രൻ, കെ.വൈ.ഫസൽ, പിപി സജിത്ത് എന്നീ അഞ്ച് പേരാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.

കഴിഞ്ഞ ആ​ഗസ്റ്റിലാണ് കരിപ്പൂ‍ർ വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ബോയിം​ഗ് വിമാനം ലാൻഡിം​ഗിനിടെ നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. റൺവേയിൽ നിന്നും തെന്നി മാറിയ വിമാനം വിമാനത്താവളത്തിൻ്റെ മതിലും തകർത്ത് താഴേക്ക് പതിച്ചു. അപകടത്തിൽ വിമാനത്തിൻ്റെ രണ്ട് പൈലറ്റുമാർ അടക്കം 21 പേരാണ് മരണപ്പെട്ടത്. 

ഇത്ര വലിയൊരു അപകടത്തിൽ മരണസംഖ്യ ഇതിലേറെ ഉയരാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും നാട്ടുകാ‍ർ നടത്തിയ സമയോചിതമായ രക്ഷാപ്രവ‍ർത്തനാണ് നിരവധി പേരെ രക്ഷപ്പെടുത്തിയത്. കൊവിഡ് ഭീതി ശക്തമായിരുന്ന ആ​ഗസ്റ്റ് മാസത്തിലാണ് അപകടമുണ്ടായതെങ്കിലും വിമാനം അപകടത്തിൽപ്പെടുന്നത് കണ്ട ദൃക്സാക്ഷികൾ നാട്ടുകാ‍ർക്ക് വിവരം നൽകുകയും തുട‍ർന്ന് പ്രദേശവാസികളായ നൂറുകണക്കിനാളുകൾ കൂട്ടത്തോടെ ഓടിയെത്തി രക്ഷാപ്രവ‍ർത്തനം നടത്തുകയുമായിരുന്നു. 

അപകട വിവരമറിഞ്ഞ് പൊലീസും അ​ഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തും മുൻപേ തന്നെ നിരവധി പേരെ നാട്ടു‍കാർ സ്വന്തം നിലയിൽ രക്ഷിച്ച് ആശുപത്രിയിൽ എത്തിച്ചിരുന്നു. നാൽപ്പതോളം പേർക്ക് വിമാനാപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റെങ്കിലും സമയബന്ധിതമായി ചികിത്സ കിട്ടിയ കാരണം ഇവരിൽ ഭൂരിപക്ഷം പേരും രക്ഷപ്പെട്ടു. സമാനതകളില്ലാത്ത ഈ രക്ഷാപ്രവർത്തനവും നാട്ടുകാ‍ർ കാണിച്ച പൗരബോധവും മനുഷ്യത്വവും പരി​ഗണിച്ചാണ് അഞ്ചാമത് ടിഎൻജി പുരസ്കാരം കരിപ്പൂ‍ർ ദുരന്തത്തിലെ രക്ഷാപ്രവർത്തക‍ർക്ക് നൽകാൻ പുരസ്കാര നിർണയ സമിതി തീരുമാനിച്ചത്. 

ടിഎൻജിയുടെ കണ്ണാടി എന്ന പരിപാടി സമാനതകളില്ലാത്തതാണെന്ന് ചടങ്ങിൽ ആശംസ പ്രസം​ഗം നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നാടു മൊത്തം നന്മമരങ്ങൾ നിറഞ്ഞ ഈ കാലഘട്ടത്തിനും മുൻപ് നിരാലംബരും നിസ്സാഹായരുമായ പതിനായിരക്കണക്കിന് പേ‍ർക്കാണ് കണ്ണാടി എന്ന പരിപാടിയിലൂടെ ടിഎൻജി തുണയായത്. നന്മയും കാരുണ്യവുമുള്ള ഒരു മാധ്യമപ്രവർത്തകൻ്റെ പ്രതിച്ഛായയാണ് കണ്ണാടിയിലൂടെ നാം കണ്ടത്. നാട്യങ്ങളില്ലാത്ത പച്ച മനുഷ്യനായിരുന്നു ടിഎൻജി. മാധ്യമ പ്രവർത്തനത്തിന്റെ നൈതികത എക്കാലവും  അ​ദ്ദേഹം ഉയർത്തിക്കാട്ടി. ഇപ്പോൾ പലതരത്തിലുള്ള തെറ്റിദ്ധാരണ ജനകമായ വാർത്തകൾ അതിവേ​ഗം പ്രചരിക്കുന്നത് കാണുമ്പോൾ അദ്ദേഹം ഉണ്ടായിരുന്നെങ്കിലെന്ന് തനിക്ക് തോന്നാറുണ്ട് - ടിഎൻജിയെ സ്മരിച്ചു കൊണ്ട് കടകംപള്ളി പറഞ്ഞു. 

മാധ്യമ പ്രവർത്തനരംഗത്തെ ചിരഞ്ജീവിയാണ് ടിഎൻജിയെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു. മാധ്യമ പ്രവർത്തനരംഗത്ത് തന്റേതായ ഇടം കണ്ടെത്തിയ വ്യക്തിയാണ് ടിഎൻജി. അതുകൊണ്ടാണ് അദ്ദേഹത്തിൻ്റെ വിയോഗം പകരം വയ്ക്കാൻ പറ്റാത്ത ഒന്നായി മാറുന്നത്. ടിഎൻജിയ്ക്ക് പകരം വയ്ക്കാവുന്ന ഒരു മാധ്യമപ്രവർത്തകൻ അന്നും ഇന്നും മലയാളത്തിൽ ഇല്ല. ഏഷ്യാനെറ്റ് ന്യൂസ് എന്ന മാധ്യമസ്ഥാപനത്തിൻ്റെ സ്വകാര്യ അഹങ്കാരം മാത്രമല്ല എല്ലാ മലയാളികളുടേയും സ്വകാര്യ അഭിമാനം കൂടിയാണ് ടിഎൻജിയെന്നും ജസ്റ്റിസ് കുര്യൻ ജോസഫ് അനുസ്മരിച്ചു.

മാതൃഭൂമിയിലെ മാധ്യമപ്രവർത്തകനെന്ന നിലയിലാണ് താൻ ടിഎൻജിയെ പരിചയപ്പെട്ടതെന്ന് ചടങ്ങിൽ സംസാരിച്ച വിഎം സുധീരൻ പറഞ്ഞു. ഒന്നിച്ചുള്ള ട്രയിൻ യാത്രകളിൽ തങ്ങൾ ചർച്ച ചെയ്യാത്ത കാര്യങ്ങളില്ല. ആയിരത്തിലേറെ എപ്പിസോഡുകൾ കണ്ണാടി സംപ്രക്ഷണം ചെയ്തു. അതിൽ എനിക്ക് മറക്കാൻ പറ്റാത്ത സംഭവമാണ് നക്സൽ വർ​ഗീസിനെ വെടിവെച്ചു കൊന്ന രാമചന്ദ്രൻ നായരുടെ വെളിപ്പെടുത്തൽ. എയ്ഡ്സ് രോ​ഗം ബാധിച്ച ഒരു യുവതിയുടെ ജീവിതവും, കോഴിക്കോട് മാവൂർ ​ഗ്രാസീമുമായി ബന്ധപ്പെട്ട പരിസ്ഥിതി പ്രശ്നങ്ങൾ എന്നിവയെല്ലാം കണ്ണാടിയിൽ ഞാൻ ഓർത്തുവയ്ക്കുന്ന എപ്പിസോഡുകളാണ്. സാമൂഹിക പ്രശ്നങ്ങളും പരിസ്ഥിതി വിഷയങ്ങളും പാവപ്പെട്ടവരുടെ ജീവതവും കണ്ണാടിയിൽ ഒരേ പ്രാധാന്യത്തോടെ അദ്ദേഹം കൈകാര്യം ചെയ്തുവെന്നും വി.എം.സുധീരൻ പറഞ്ഞു. 

ഏഷ്യാനെറ്റ് ന്യൂസിൻ്റെ 25-ാം വ‍ർഷത്തിലാണ് അഞ്ചാമത് ടിഎൻജി പുരസ്കാരവിതരണം കടന്നു വരുന്നതെന്ന് ഏഷ്യാനെറ്റ് ന്യൂസ് എഡിറ്റർ എംജി രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. 25-ാം വ‍ർഷം തികയുന്ന സന്ദർഭത്തിലാണ് ബിജെപി ഭരിക്കുന്ന കേന്ദ്രസ‍ർക്കാർ ഏഷ്യാനെറ്റ് ന്യൂസിന് വിലക്കേർപ്പെടുത്തിയത്, ഇതേ വ‍ർഷത്തിലാണ് സംസ്ഥാനം ഭരിക്കുന്ന സിപിഎം ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിക്കുന്നത്. 

കഴിഞ്ഞ യുഡിഎഫ് സർക്കാരിൻ്റെ കാലത്ത് ഏഷ്യാനെറ്റ് ന്യൂസിനെ ആ മുന്നണിയുടേയും പാർട്ടിയുടേയും നേതാക്കൾ കൊടുത്ത കേസുകൾ ഇപ്പോഴും കോടതിയിൽ തുടരുകയാണ് ഇങ്ങനെ എല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളിൽ നിന്നും ഒരേ പോലെ ഏഷ്യാനെറ്റ് ന്യൂസ് എന്ന സ്ഥാപനം വിമർശനവും എതിർപ്പും നേരിട്ടു. എന്നാൽ ഇതൊക്കെ ഈ സ്ഥാപനത്തിന് കരുത്തേക്കി എന്നാണ് ഞാൻ കരുതുന്നത്. എവിടെയൊയൊക്കെ നിഷ്പക്ഷമായ മാധ്യമപ്രവർത്തനം ഞങ്ങൾ ചെയ്തു എന്നതിനാലാവാം ഇത്രയേറെ ഈ സ്ഥാപനം വിമർശിക്കപ്പെടുന്നതും, എന്നിട്ടും അതിനെയെല്ലാം അതിജീവിച്ച് കാൽനൂറ്റാണ്ടായി മുന്നോട്ട് നീങ്ങുന്നതും - എംജി രാധാകൃഷ്ണൻ പറഞ്ഞു. 

പരിചിതർ പോലും അകന്നിരുന്ന കൊവിഡ് കാലത്ത് അസാധാരണ തീരുമാനത്തിലൂടെ ഒരു കുടുംബത്തെ ചേർത്തു നിർത്തിയ കനിവ് കാട്ടി ഇതരസംസ്ഥാന തൊഴിലാളികളുടെ കുഞ്ഞിന് പോറ്റമ്മയായ ഡോ.മേരി അനിത. പത്തനംതിട്ട ജില്ലയെ പ്രതിസന്ധികാലത്ത് മികവോടെ നയിച്ച മുൻ കളക്ടർ പി.ബി.നൂഹ് ഐഎഎസ്, കാസർകോടിന് തുണയായി കൊവിഡ് ചികിത്സയ്ക്ക് ആശുപത്രിയൊരുക്കിയ ടാറ്റാ ഗ്രൂപ്പ് എന്നിവയാണ് അവസാന റൗണ്ടിൽ ടിഎൻജി പുരസ്കാരത്തിനായി പരി​ഗണിക്കപ്പെട്ടത്. 
 
മുൻ ചീഫ് സെക്രട്ടറി നളിനി നെറ്റോ ഐഎഎസ്, മുൻ ഡിജിപി ഹേമചന്ദ്രൻ ഐപിഎസ്, ദില്ലി സെൻറ് സ്റ്റീഫൻ കോളേജ്  പ്രിൻസിപ്പലായിരുന്ന റവറൻറ് ഫാദർ വത്സൻ തമ്പു എന്നിവർ അംഗങ്ങളായ ജൂറിയാണ് അഞ്ചാമത് ടിഎൻജി പുരസ്കാരജേതാവിനെ തെരഞ്ഞെടുത്തത്. രണ്ട് ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവുമാണ് പുരസ്കാരം. 

 

click me!