
തിരുവനന്തപുരം: വിവാദമായ രവീന്ദ്രൻ പട്ടയങ്ങൾ(raveendran pattayams)റദ്ദാക്കാനുള്ള സർക്കാർ ഉത്തരവ് വന്നതിനു പിന്നാലെ സിപിഎം (CPM) സിപിഐ (CPI) പോര് രൂക്ഷമാകുന്നു. എൽ ഡി എഫ് സർക്കാരിന്‍റെ കാലത്ത് നിയമപരമായി നൽകിയതാണ് ഈ പട്ടയങ്ങളെന്ന് എംഎം മണി പ്രതികരിച്ചു. പട്ടയങ്ങൾ റദ്ദാക്കുന്നതിന്റെ പേരിൽ മൂന്നാറിലെ പാർട്ടി ഓഫിസിനെ തൊടാൻ വന്നാൽ അത് അനുവദിച്ച് കൊടുക്കില്ലെന്നും റവന്യുവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട് മനസിലാകുന്നില്ലെന്നും എം എം മണി പ്രതികരിച്ചു.
എം എം മണിക്ക് മറുപടിയുമായി റവന്യു മന്ത്രി കെ രാജന്‍ തന്നെ രംഗത്തെത്തി. രവീന്ദ്രൻ പട്ടയം റദ്ദാക്കുന്നതിൽ തെറ്റായ വ്യാഖ്യാനം വേണ്ടെന്ന് മന്ത്രി പറഞ്ഞു. കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ പ്രതികരണം വേണ്ടെന്നും പട്ടയം റദ്ദാക്കുന്നതിൽ വിശദമായ പ്രതികരണം ഇന്ന് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി. ഇതിനിടെ സിപിഐക്കെതിരെ ഗുരുതര ആരോപണവുമായി അന്നത്തെ അഡീഷനൽ തഹസിൽദാറുടെ ചുമതല വഹിച്ചിരുന്ന ഡെപ്യൂട്ടി തഹസിൽദാർ എം ഐ രവീന്ദ്രനുമെത്തി.
പട്ടയം റദ്ദാക്കുന്നത് സി പിഎം ഓഫീസ് ഒഴിപ്പിക്കാൻ ആണെന്നായിരുന്നു എം ഐ രവീന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. മുഖ്യമന്ത്രി സ്ഥലത്തു ഇല്ലാത്തപ്പോൾ ഇറക്കിയ ഉത്തരവിന് പിന്നിൽ ഗൂഡലോചനയുണ്ട്. സിപിഐ ഓഫീസ് നേരത്തെ ഒഴിപ്പിച്ചതിൽ പാർട്ടിക്ക് അമർഷമുണ്ടായിരുന്നു. താൻ അനുവദിച്ച 530 പട്ടയങ്ങളും ചട്ട പ്രകാരമാണ്. തന്റെ പേരിൽ വ്യാജ പട്ടയം ഇറങ്ങിയിട്ടുണ്ട്. അതിൽ നേരത്തെ നടപടി എടുത്തതാണെന്നും എം ഐ രവീന്ദ്രൻ പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam