ഷാജഹാൻ വധക്കേസ്; പ്രതികളുടെ രാഷ്ട്രീയമെന്ത്, കൊന്നവരും കൊല്ലിച്ചവരും ഒന്നോ? പോര് തുടരുന്നു

By Web TeamFirst Published Aug 16, 2022, 4:42 PM IST
Highlights

സിപിഎം ശക്തികേന്ദ്രത്തിൽ പോയി ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് കല്ലുവച്ച നുണ എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കൊലപാതകത്തിന് മറയാക്കാനാണ് പ്രതികൾ സിപിഎം അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതെന്ന് എ.കെ.ബാലൻ തിരിച്ചടിച്ചു. 

പാലക്കാട് : കുന്നുകാട് ഷാജഹാൻ വധക്കേസിൽ പ്രതികളുടെ രാഷ്ട്രീയത്തെ ചൊല്ലി പോര് തുടരുന്നു. ഷാജഹാനെ ആർഎസ്എസ് പ്രവർത്തകർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി  ബന്ധുക്കൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിപിഎം ശക്തികേന്ദ്രത്തിൽ പോയി ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് കല്ലുവച്ച നുണ എന്നായിരുന്നു ബിജെപിയുടെ പ്രതികരണം. കൊലപാതകത്തിന് മറയാക്കാനാണ് പ്രതികൾ സിപിഎം അനുകൂല ഫേസ്ബുക്ക് പോസ്റ്റുകൾ ഇട്ടതെന്ന് എ.കെ.ബാലൻ തിരിച്ചടിച്ചു. 

ഷാജഹാനെ വെട്ടിക്കൊന്ന ദിവസവും മൂന്നാം പ്രതി നവീൻ ശ്രീനാഥ് ഫേസ്ബുക്കിൽ സിപിഎം അനുകൂല പോസ്റ്റ് ഇട്ടിരുന്നു. കഴിഞ്ഞ  ഏപ്രിലിൽ കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസ് നഗരിയിൽ എത്തിയ ഫോട്ടോയും നവീൻ്റെ  ടൈംലൈനിലുണ്ട്. കോടിയേരി ബാലകൃഷ്ണനും, വിഎസ് അച്യുതാനന്ദനും ബിനീഷ് കോടിയേരിക്കും ഒപ്പമുള്ള ചിത്രങ്ങളും പോസ്റ്റുചെയ്തിട്ടുണ്ട്. പാർട്ടി നേതാക്കളെ പ്രകീർത്തിച്ചുള്ള പോസ്റ്റുകൾ വേറെയും ഉണ്ട്. ഇതെല്ലാം ബിജെപി ആയുധമാക്കുമ്പോൾ സിപിഎം പ്രതിരോധിക്കുന്നത് പ്രതി മനപ്പൂർവ്വം മറയാക്കാൻ ചെയ്തതാണ് എന്നാണ്. 

Read Also: ഷാജഹാന്‍ വധം: 'കൊലപാതകത്തിലെ രാഷ്ട്രീയ ബന്ധം പരിശോധിക്കുന്നു', മറ്റ് പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്ന് എസ്‍പി

ഷാജഹാന്  ആർഎസ്എസ്  വധഭീഷണി ഉണ്ടായിരുന്നു എന്നാണ് കുടുംബം പറയുന്നത്. ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയെന്നാണ് ബന്ധുക്കളുടെ ആരോപണം. ബിജെപി കൊടി പോലും കുത്താൻ സമ്മതിക്കാത്ത , സിപിഎം ശക്തികേന്ദ്രത്തിൽ വീട്ടിൽ കയറി ഭീഷണിപ്പെടുത്തി എന്ന് പറയുന്നത് കല്ലുവച്ച നുണയെന്നാണ് ബിജെപി പ്രതികരണം. സിപിഎം നേതാക്കൾ പഠിപ്പിച്ചതാണ് ബന്ധുക്കൾ പറുയുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാർ  പ്രതികരിച്ചു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുന്നുണ്ടെങ്കിലും കൊന്നവരും കൊല്ലിച്ചവരും ഒന്നാണോ എന്നാണ് കണ്ടെത്തേണ്ടത്. 

കുന്നുകാട് സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാനെ കൊലപ്പെടുത്തിയ കേസിൽ രണ്ടു പേർ കസ്റ്റഡിയിലുണ്ട് .മൂന്നാം പ്രതി നവീൻ, അഞ്ചാം പ്രതി സിദ്ധാർത്ഥൻ എന്നിവരാണ് പിടിയിലായത്. കൊല ചെയ്യാനുള്ള ആയുധമെത്തിച്ചത് നവീൻ എന്ന് പൊലീസിന് വിവരം ലഭിച്ചു. രാഷ്ട്രീയ കൊലപാതകമാണോയെന്ന് പരിശോധിച്ചു വരികയാണെന്ന് പാലക്കാട് എസ്പി പ്രതികരിച്ചു.

Read Also: 'ഷാജഹാനെ ഭീഷണിപ്പെടുത്തി എന്നത് കല്ലുവച്ച നുണ'; കുടുംബത്തിന്‍റെ ആരോപണത്തിന് മറുപടിയുമായി ബിജെപി
 
ഇന്നലെ രാത്രി ഏറെ വൈകിയാണ് നവീനും സിദ്ധാർത്ഥനും പിടിയിലാക്കുന്നത്. . നവീനെ പട്ടാമ്പിയിൽ നിന്നും സിദ്ധാർത്ഥനെ പൊള്ളാച്ചിയിൽ നിന്നുമാണ്  പിടികൂടിയത്. പ്രതികളെ പാലക്കാട് സൗത്ത് സ്റ്റേഷനിൽ എത്തിച്ച് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. ഷാജഹാനെ കൊലപ്പെടുത്താൻ സംഘത്തിന് ആയുധങ്ങൾ എത്തിച്ചത് നവീനെന്ന് വ്യക്തമായി. നവീനും ഷാജഹാനും തമ്മിൽ ഏറെ നാളായി മോശം ബന്ധമായിരുന്നെന്നും  പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലവും പൊലീസ് പരിശോധിക്കുന്നുണ്ട്.  കൊലപാതകത്തിൽ നേരിട്ട് പങ്കില്ലാത്ത ചിലരെക്കൂടി കസ്റ്റഡിയിൽ എടുത്തു ചോദ്യം ചെയ്യുന്നുണ്ട്.

ശബരീഷ്, അനീഷ്, ശിവരാജൻ , സജീഷ്, സുജീഷ്, വിഷ്ണു എന്നിവരാണ് മറ്റ് പ്രതികൾ. ഇവരെക്കുറിച്ച് പൊലീസിന് ഏകദേശ ധാരണ ലഭിച്ചിട്ടുണ്ട്.  ഷാജഹാനെ ആദ്യം വെട്ടിയത് ശബരീഷെന്ന് കണ്ടെത്തി. ഷാജഹാൻ ഓടി രക്ഷപ്പെടാതിരിക്കാൻ കാലിലാണ് വെട്ടിയത്. ശബരീഷും അനീഷും ചേർന്ന് വെട്ടുമ്പോൾ മറ്റുള്ളർ ഷാജഹാന് ചുറ്റും ആയുധങ്ങളുമായി നിൽക്കുകയായിരുന്നു.

Read Also: ഷാജഹാന്‍ കൊലപാതകം: 'പ്രതികൾ സിപിഎമ്മുകാർ തന്നെ,പ്രൊഫൈൽ പരിശോധിച്ചാൽ അത് വ്യക്തമാകും' വി കെ ശ്രീകണ്ഠന്‍ എം പി

click me!