തൊഴിലാളിയെ തൊട്ട വമ്പന്മാർ ആ നാവിന്‍റെ മൂർച്ചയറിഞ്ഞു; വിയ‍ർപ്പൊഴുക്കുന്നവരുടെ കണ്ണിലുണ്ണിയായ ആനന്ദണ്ണൻ

Published : Oct 05, 2023, 06:12 PM IST
തൊഴിലാളിയെ തൊട്ട വമ്പന്മാർ ആ നാവിന്‍റെ മൂർച്ചയറിഞ്ഞു; വിയ‍ർപ്പൊഴുക്കുന്നവരുടെ കണ്ണിലുണ്ണിയായ ആനന്ദണ്ണൻ

Synopsis

86 - ആം വയസിലും സിഐടിയു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തും ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തും നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്.

ആരാണ് ഭരിക്കുന്നത്, ആരാണ് മുഖ്യമന്ത്രി, ആരുടെ സര്‍ക്കാരാണ് എന്നൊന്നും നോക്കില്ല... തൊഴിലാളിക്ക് ഒരു പ്രശ്നമുണ്ടെങ്കില്‍ അവരുടെ സ്വന്തം ആനന്ദണ്ണൻ ചുവന്ന കൊടിയുമായി മുന്നിൽ തന്നെയുണ്ടാകും. അംസഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ച് അതില്‍ പൂര്‍ണമായി വിജയിച്ച അസാമാന്യ സംഘാടനകനായിരുന്നു ആനത്തലവട്ടം ആനന്ദന്‍. സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെ സുപ്രധാന സംഘടനാ ചുമതലകള്‍ വഹിക്കുമ്പോഴും സമാന്തരമായി തൊഴിലാളി പ്രസ്ഥാനത്തിനായി അദ്ദേഹം ജീവിതം മാറ്റിവച്ചു.

86 - ആം വയസിലും സിഐടിയു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തും ദേശീയ വൈസ് പ്രസിഡന്‍റ് സ്ഥാനത്തും നിറഞ്ഞ് നിന്ന് പ്രവര്‍ത്തിക്കവേയാണ് അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. തൊഴിലാളികളുടെ കണ്ണിലുണ്ണിയായിരുന്നു അവരുടെ ആനന്ദണ്ണൻ. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ജീവിത പ്രശ്നം പരിഹരിക്കാന്‍ മടിക്കുന്ന ഏത് വമ്പനും ആ നാവിന്‍റെ മൂര്‍ച്ച അറിഞ്ഞിട്ടുണ്ട്. 1950 കളില്‍ വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ കയര്‍ തൊഴിലാളി രംഗത്തെ പ്രവര്‍ത്തനമാണ് ആനത്തലവട്ടം ആനന്ദനെന്ന തൊഴിലാളി നേതാവിനെ രൂപപ്പെടുത്തുന്നത്.

കയര്‍ കൈത്തറി കശുവണ്ടിയടക്കമുള്ള തൊഴില്‍ മേഖലകളിലെ സംഘാടനത്തിലൂടെ ആനത്തലവട്ടം ആനന്ദന്‍ പടിപടിയായുര്‍ന്നു. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെയായി. 1987ലും 96ലും 2006ലും എംഎല്‍എയായി. 1996ല്‍ വക്കം പുരോഷോത്തമനെ തോല്‍പിച്ചാണ് ആനത്തലവട്ടം നിയമസഭയിലെത്തിയത്. കാട്ടായിക്കോണം ശ്രീധരന്‍, എന്‍ അനിരുദ്ധന്‍ തുടങ്ങിയ അതികായരായ നേതാക്കളുടെ ശിഷ്യാനായി തെക്കൻ കേരളത്തില്‍ നിറഞ്ഞ് നിന്ന ആനത്തലവട്ടം ആനന്ദന്‍ പില്‍ക്കാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷത്തെ കരുത്തനായ നേതാവായി മാറി. വി എസ് - സിഐടിയു പക്ഷ ഏറ്റുമുട്ടല്‍ കാലത്തും, വി എസ് പിണറായി തര്‍ക്ക കാലത്തുമൊക്കെ ആനത്തലവട്ടവും തിരുവനന്തപുരത്തെ പാര്‍ട്ടിയും വി എസിന്‍റെ വിശ്വസ്തരായി നിന്നു.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുണ്ടായപ്പോള്‍ മണിച്ചനുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആനത്തലവട്ടം പഴികേട്ടു. മലപ്പുറം സമ്മേളനത്തോടെ പാര്‍ട്ടി സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോഴും ആനത്തലവട്ടം ആനന്ദന്‍ പ്രകടമായി കൂറു മാറിയില്ല. പാര്‍ട്ടി ചട്ടക്കൂടിനകത്ത് നില്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന് വി എസ് അച്യുതാനന്ദൻ അദ്ദേഹം നേരില്‍ കണ്ട് പറഞ്ഞിട്ടുണ്ട്. വിഭാഗീയതയുടെ ഭാഗമായി ഇളമുറക്കാരായ നേതാക്കള്‍ നടത്തുന്ന വി എസ് വിമര്‍ശനങ്ങളെയെല്ലാം അദ്ദേഹം പാര്‍ട്ടിയില്‍ എതിര്‍ത്തിരുന്നു.

പുതിയ കാലത്ത് പാര്‍ട്ടി കൊണ്ട് വന്ന ടേം വ്യവസ്ഥകളോട് പൂര്‍ണമായി ചേര്‍ന്ന് നിന്നാണ് ആനത്തലവട്ടം പ്രധാന സ്ഥാനങ്ങളില്‍ നിന്ന് മാറിയത്. അപ്പോഴും സിഐടിയു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. ക‍ൃത്യമായ രാഷ്ട്രീയം.കുറിക്ക് കൊള്ളുന്ന മറുപടികള്‍ എതിരാളികളോട് സൗമ്യമായ പെരുമാറ്റം, എണ്‍പതാം വയസിലും ടെലിവിഷന്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നു ആനത്തലവട്ടം. സംഘടിക്കേണ്ടതിന്‍റെ ആവശ്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിച്ചും, നിരന്തരമായി സ്വയം പഠിച്ചും പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ സ്ഥാനങ്ങളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചും ഏറ്റവും കരുത്തനായ നേതാവ് യാത്രയാകുമ്പോള്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിലും സിപിഎമ്മിനും അത് കനത്തൊരു നഷ്ടം തന്നെയാണ്.

35 ലക്ഷം വരെ ഫീസിനത്തിൽ നൽകാൻ ആലോചന; ജർമനിയിൽ പഠനം, പിന്നാലെ വലിയ വരുമാനത്തിൽ ജോലി; അവസരമൊരുക്കാൻ സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കെപിസിസി അധ്യക്ഷ ചുമതല; പരിഗണനയിൽ കൊടിക്കുന്നിലും കെസി ജോസഫും, ചെന്നിത്തലയെ പ്രചാരണസമിതി അധ്യക്ഷനാക്കും
'ഇത്തരം പ്രസ്താവന നടത്തുന്നവർ വിളഞ്ഞല്ല പഴുത്തതെന്ന് കരുതിയാൽ മതി'; സജി ചെറിയാനെതിരെ ജി സുധാകരന്‍റെ പരോക്ഷ വിമർശനം