സ്വർണ്ണക്കടത്തിലെ നിർണ്ണായക രേഖകൾ ഇ ഫയലായിട്ടില്ല; കത്തിനശിച്ചിട്ടില്ലെന്ന് വിശദീകരണം

By Web TeamFirst Published Aug 26, 2020, 10:35 AM IST
Highlights

 നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഇത് സൂക്ഷിച്ചിരുന്നത് ഇന്നലെ തീപിടുത്തം നടന്ന ഓഫീസിലാണ്. നിർണായക രേഖകൾ കത്തിനശിച്ചോ ഇല്ലയോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഈ ഫയലുകൾ കത്തിനശിച്ചില്ല എന്നാണ് ഉദ്യോ​ഗസ്ഥർ ഇപ്പോൾ പറയുന്നത്.

തിരുവനന്തപുരം: യുഎഇ കോൺസുലേറ്റിന് ഡിപ്ലോമാറ്റിക് ബാ​ഗേജുകൾക്ക് അനുമതി നൽകിയ സെക്രട്ടേറിയറ്റിലെ രേഖകളൊന്നും ഇതുവരെ ഇ ഫയലായിട്ടില്ല. നിരവധി തവണ നൽകിയ അനുമതികളെല്ലാം സൂക്ഷിച്ചിരിക്കുന്നത് പേപ്പർ ഫയലുകളിലാണ്. ഇത് സൂക്ഷിച്ചിരുന്നത് ഇന്നലെ തീപിടുത്തം നടന്ന ഓഫീസിലാണ്. നിർണായക രേഖകൾ കത്തിനശിച്ചോ ഇല്ലയോ എന്നതു സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ഈ ഫയലുകൾ കത്തിനശിച്ചില്ല എന്നാണ് ഉദ്യോ​ഗസ്ഥർ ഇപ്പോൾ പറയുന്നത്.

നയതന്ത്ര ചാനൽ വഴിയുള്ള സ്വർണ്ണക്കടത്തിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന ഫയലുകളെല്ലാം സുരക്ഷിതമായി ഒരിടത്ത് സൂക്ഷിച്ചിട്ടുണ്ടെന്നാണ് ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരം. ആ ഫയലുകൾ സൂക്ഷിച്ചിരുന്ന റാക്ക് ഇരുന്നിടത്തു തന്നെയാണ് തീപിടുത്തമുണ്ടായത്. തീ കുറച്ചുകൂടി ആളിപ്പടർന്ന് മുഴുവൻ സ്ഥലത്തേക്ക് വ്യാപിച്ചിരുന്നെങ്കിൽ ആ ഫയലുകളും നഷ്ടമാകുമായിരുന്നു. ഫയലുകൾ ഇപ്പോൾ സുരക്ഷിതമാണെന്ന വിവരം പ്രോട്ടോക്കോൾ വിഭാ​ഗത്തിലെ ഉദ്യോ​ഗസ്ഥർ റിപ്പോർട്ടായി മുഖ്യമന്ത്രി അടക്കമുള്ളവർക്ക് നൽകിയിട്ടുണ്ട്. അത് ക്യാബിനെറ്റിൽ അൽപസമയത്തിനകം ചർച്ചയാകും.

സെക്രട്ടേറിയറ്റിൽ തീപിടുത്തമുണ്ടായാലും പ്രശ്നമില്ല, ഇ ഫയലിം​ഗ് സംവിധാനമാണ് നിലവിലുള്ളത് എന്നതായിരുന്നു ഇന്നലെ മുതൽ ഉയർന്നു വന്ന ഒരു പ്രധാന വാദം. തീ പിടുത്തം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെയടക്കം ഖണ്ഡിക്കാൻ ഈ വാദമാണ് പലരും ഉപയോ​ഗിച്ചത്. എന്നാൽ, ഡിപ്ലോമാറ്റിക് ബാ​ഗേജുകൾക്ക് അനുമതി നൽകിയ ഫയലുകളുടെ കാര്യത്തിൽ ഇത് പൂർണ്ണമായും തെറ്റാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് എൻഐഎ അടക്കം ഊർജിതമായി അന്വേഷണം നടത്തുമ്പോഴും ഈ രേഖകളൊന്നും ഇ ഫയലായിട്ടില്ല. ഈ രേഖകൾ ഹാജരാക്കണമെന്ന് എൻഐഎ നേരത്തെ ആവശ്യപ്പെട്ടിരുന്നതാണ്. ഒരു സെറ്റ് രേഖകൾ പ്രോട്ടോക്കോൾ ഓഫീസർ എൻഐഎയ്ക്ക് കൈമാറുകയും അവർ അത് കൈപ്പറ്റിയതിന്റെ രസീത് തിരികെ നൽകുകയും ചെയ്തിട്ടുണ്ട്. 

ഒരു സുപ്രധാന രേഖയും കത്തിനശിച്ചിട്ടില്ല എന്ന് തന്നെയാണ് സർക്കാർ നൽകുന്ന വിവരം. ഉടൻ തന്നെ ഇതു സംബന്ധിച്ച് കൂടുതൽ വ്യക്തതത കൈവരും. എന്നാൽ, ഡിപ്ലോമാറ്റിക് ബാദോജുകളുമായി ബന്ധപ്പെട്ട രേഖകളൊന്നും ഇതുവരെ ഇ ഫയലാക്കിയിട്ടില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്. 

click me!