പ്രിയപ്പെട്ട മാണിസാറിന് വിട ചൊല്ലാന്‍ വഴിയരികില്‍ കാത്ത് നിന്ന് ആയിരങ്ങള്‍

By Web TeamFirst Published Apr 10, 2019, 4:27 PM IST
Highlights

കേരള കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള തട്ടകമാണ് വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങള്‍. അതിനാല്‍ തന്നെ വിലാപയാത്ര ഇവിടം കടന്ന് പോകാന്‍ സമയമെടുക്കും. എത്ര വൈകിയാലും മാണിയെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈകീട്ട് ആറ് മണിയെങ്കിലുമാകും കോട്ടയത്തെത്താന്‍ എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്.

വൈക്കം/തിരുനക്കര: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര വൈക്കം പിന്നിട്ടു. രാവിലെ 10.30 ഓടെ കൊച്ചിയില്‍നിന്ന് പുറപ്പെട്ട വിലാപയാത്ര 12 മണിയോടെ കോട്ടയത്തെത്തുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഏറെ വൈകുമെന്ന് ഉറപ്പായി. മൂന്ന് മണിക്കാണ് വിലാപയാത്ര വൈക്കത്ത് എത്തിയത്. കൊച്ചി മുതല്‍ റോഡിന് ഇരുവശവുമായി ആയിരക്കണക്കിന് ആളുകളാണ് മാണിയെ അവസാനമായി ഒരു നോക്ക് കാണാന്‍ തടിച്ച് കൂടിയിരിക്കുന്നത്. 

നേതാക്കളും പ്രവര്‍ത്തകരും ജനങ്ങളുമെല്ലാം മാണിയെ കാണാന്‍ കാത്തു നില്‍ക്കുകയാണ്. കേരള കോണ്‍ഗ്രസിന് ഏറെ സ്വാധീനമുള്ള തട്ടകമാണ് വൈക്കം, തലയോലപ്പറമ്പ്, കടുത്തുരുത്തി എന്നിവിടങ്ങള്‍. അതിനാല്‍ തന്നെ വിലാപയാത്ര ഇവിടം കടന്ന് പോകാന്‍ സമയമെടുക്കും. എത്ര വൈകിയാലും മാണിയെ കാണാനുള്ള അവസരം ഉണ്ടാക്കുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. വൈകീട്ട് ആറ് മണിയെങ്കിലുമാകും കോട്ടയത്തെത്താന്‍ എന്നാണ് ഇപ്പോള്‍ പ്രതീക്ഷിക്കുന്നത്. മകന്‍ ജോസ് കെ മാണിയും എംഎല്‍എമാരും വിലാപയാത്രക്കൊപ്പമുണ്ട്. 

വിലാപയാത്ര നേരെ കോട്ടയത്തെ തിരുനക്കര മൈതാനത്തേക്കാണ് എത്തുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ചരിത്രത്തില്‍ ഏറെ പ്രാധാന്യമുള്ളതും മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ നിര്‍ണ്ണായകവുമായ ഇടമാണ് തിരുനക്കര മൈതാനം. ഇവിടെ മാണിയുടെ ഭൗതിക ശരീരം പൊതു ദര്‍ശനത്തിന് വയ്ക്കും. തിരുനക്കര മൈതാനത്ത് വച്ചാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും വിഎസ് അടക്കമുള്ള പ്രമുഖ നേതാക്കളും അന്തിമോപചാരമര്‍പ്പിക്കുക. 

തിരുനക്കരയില്‍ അന്ത്യയാത്രാ മൊഴി നല്‍കുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി കഴിഞ്ഞു. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ് നേതാക്കള്‍ ഇവിടെ മാണിയുടെ ഭൗതിക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര എത്തുന്നത് കാത്തിരിക്കുകയാണ്. ആളുകള്‍ തിരുനക്കര മൈതാനത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
വലിയ ജനത്തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. 

ശേഷം നാമണാര്‍കാട്-അയര്‍കുന്നം-കിടങ്ങൂര്‍-കപ്ലാമറ്റം വഴി മാണിയുടെ ജന്മനാടായ മരങ്ങാട്ടുപിള്ളിയിലേക്ക് മൃതദേഹമെത്തിക്കും. അതേസമയം നേരം വൈകുന്നതിനാല്‍ പാല ടൗണ്‍ ഹാളിലെ പൊതുദര്‍ശനം ഒഴിവാക്കി. പകരം ടൗണ്‍ ഹാളിന് താഴെ വാഹനം അല്‍പസമയം നിര്‍ത്തിയിടും. രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും. 

ഇന്നലെ വൈകിട്ടോടെയാണ് മാണിയുടെ മരണം സ്ഥിരീകരിച്ചത്. മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെ പുറത്തെടുത്തു. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലി അര്‍പ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ ബാഹുല്യം കാരണം പൊതുദര്‍ശനം  അരമണിക്കൂറിലേറെ നീണ്ടു. 

രമേശ് ചെന്നിത്തല, പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെ എം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്. 

click me!