
കൊച്ചി: അന്തരിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ മൃതദേഹം അല്‍പസമയത്തിനകം കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടു പോകും.
ഇന്നലെ വൈകിട്ട് മരിച്ച ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ച മാണിയുടെ ഭൗതികദേഹം ഇന്ന് രാവിലെ ഒന്‍പതരയോടെ പുറത്തെടുത്തു. ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ നൂറുകണക്കിന് ആളുകള്‍ ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. ആശുപത്രിയിലെത്തിയ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും കാണാനായി അല്‍പസമയം മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ആളുകളുടെ ബാഹുല്യം കാരണം പൊതുദര്‍ശനം അരമണിക്കൂറിലേറെ നീണ്ടു.
രമേശ് ചെന്നിത്തല,പിജെ ജോസഫ്, ഷാഫി പറമ്പില്‍, കെ.ബാബു, മോന്‍സ് ജോസഫ്, തോമസ് ഉണ്ണിയാടന്‍, അനൂപ് കുരുവിള ജോണ്‍, പിടി തോമസ് തുടങ്ങിയ നിരവധി നേതാക്കള്‍ കെഎം മാണിക്ക് ആദരാജ്ഞലി അര്‍പ്പിക്കാന്‍ ആശുപത്രിയിലെത്തിയിരുന്നു. രാവിലെ ഒന്‍പത് മണിയോടെ മാണിയുടെ ഭൗതികദേഹം വിലാപയാത്രയായി കോട്ടയത്തേക്ക് പുറപ്പെടും എന്നായിരുന്നു ആദ്യം അറിയിച്ചതെങ്കിലും ജനതിരക്ക് കാരണം പത്ത് മണി കഴിഞ്ഞാണ് വിലാപയാത്ര ആരംഭിച്ചത്.
വിലാപയാത്രക്കായി കെഎസ്ആര്‍ടിസിയുടെ പ്രത്യേകം സജ്ജമാക്കിയ ലോ ഫ്ലോര്‍ ബസ് കൊച്ചിയിലെ ലേക്ക് ഷോര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു. തൃപ്പൂണിത്തുറ,വൈക്കം, തലയോലപ്പറമ്പ്-കടുത്തുരുത്തി-ഏറ്റുമാനൂര്‍ വഴിയാകും മൃതദേഹം കോട്ടയത്ത് എത്തിക്കുക. ഇതിനിടയില്‍ പൊതുജനങ്ങള്‍ക്ക് അന്തിമോപചാരം അര്‍പ്പിക്കാനായി പലയിടത്തും വിലാപയാത്ര നിര്‍ത്തിയേക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ കോട്ടയം വയസ്കര കുന്നിലെ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വിലാപയാത്ര എത്തും. ഇവിടെ വച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മാണിക്ക് അന്തിമോപചാരം അര്‍പ്പിക്കും.
അവിടെ നിന്നും തിരുനക്കര മൈതാനത്തേക്ക് കൊണ്ടു വരുന്ന മൃതദേഹം പൊതുദര്‍ശനത്തിന് വയക്കും. പിന്നീട് മണാര്‍കാട്-അയര്‍കുന്നം-കിടങ്ങൂര്‍-കപ്ലാമറ്റം വഴി മാണിയുടെ ജന്മനാടായ മരങ്ങാട്ടുപിള്ളിയിലേക്ക് മൃതദേഹമെത്തിക്കും. പാലാ മുന്‍സിപ്പല്‍ ടൗണ്‍ഹാളിലേക്ക് കൊണ്ടു വരുന്ന മൃതദേഹം അവിടെ നിന്നും രാത്രിയോടെയാവും വീട്ടിലേക്ക് കൊണ്ടു വരിക. നാളെ ഉച്ച കഴിഞ്ഞ് രണ്ടരയോടെ ശവസംസ്കാര ശ്രുശൂഷ ആരംഭിക്കും. നാല് മണിക്ക് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ കുടുംബകലറയില്‍ അടക്കം നടക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam