
തിരുവനന്തപുരം: ഒടുവിൽ എഐ ക്യാമറകള്‍ വെച്ചതിന് കെൽട്രോണിന് ആദ്യ ഗഡുവായ 9.39 കോടി നൽകാൻ സർക്കാർ ഉത്തരവ്. പണം കിട്ടാത്തതിനാൽ പിഴയടക്കാനുള്ള ചെല്ലാൻ അയക്കുന്നത് കെൽട്രോൺ നിർത്തിവെച്ചതോടെയാണ് സർക്കാർ അനങ്ങിയത്. പണമില്ലെങ്കിൽ കണ്‍ട്രോള്‍ റൂമുകള്‍ നിർത്തുമെന്ന് ചൂണ്ടിക്കാട്ടി കെൽട്രോൺ സർക്കാറിന് കത്ത് നൽകിയത് ഏഷ്യനെറ്റ് ന്യൂസ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
ജൂണ്‍ അഞ്ചുമുതലാണ് എ-ഐ ക്യാമറ കണ്ടെത്തുന്ന നിയമലംഘനത്തിന് പിഴ ചുമത്തി തുടങ്ങിയത്. മൂന്നു മാസത്തിലൊരിക്കൽ ക്യാമറ സ്ഥാപിക്കാൻ കെൽട്രോണ്‍ ചെലവാക്കിയ പണം ഗഡുക്കളായി നൽകാനായിരുന്നു ധാരണ പത്രം. പദ്ധതിയിൽ അഴിമതി ആരോപണം ഉയർന്നതോടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ ഹൈക്കോടതിയിലെത്തി. മാത്രമല്ല ആദ്യ ധാരണ പത്രത്തിലെ പിശകുകള്‍ പരിഹരിച്ച് അനുബന്ധ ധാരണ പത്രം ഒപ്പുവച്ചശേഷം പണം നൽകണമെന്നായിരുന്നു മന്ത്രിസഭയുടെ തീരുമാനം. ആദ്യ ഗഡു കെൽട്രോണിന് കൈമാറാൻ ഹൈക്കോടതി സർക്കാരിന് അനുമതി നൽകിയിരുന്നു. പക്ഷേ ക്യാമറ സ്ഥാപിച്ച് ആറുമാസം കഴിഞ്ഞിട്ടും ആദ്യ ഗഡു കെൽട്രോണിന് നൽകിയില്ല. 726 ക്യാമറയുടെ പദ്ധതിയിൽ 692 എണ്ണം മാത്രമാണ് പ്രവർത്തിക്കുന്നതെന്നും അതിനാൽ പിഴത്തുക തുക കുറച്ച് 9.39 കോടി നൽകിയാൽ മതിയെന്നും ഗതാഗത കമ്മീഷണർ സർക്കാരിനെ അറിയിച്ചു.
പണം ആവശ്യപ്പെട്ട് നാലു കത്തുകൾ കെൽട്രോണ്‍ സർക്കാരിന് നൽകി. 14 കണ്‍ട്രോള്‍ റൂമിന്റെ പ്രവർത്തനവും, അവിടെയുള്ള 140 ജീവനക്കാരുടെ ശമ്പളവും ചെല്ലാനയക്കാനുള്ള ചെലവുമൊക്കെയായി 7 കോടി കൈയിൽ നിന്നുമായെന്നുമായെന്നമാണ് അറിയിച്ചത്. ഇനി കണ്‍ട്രോള്‍ റൂമുകള്‍ പ്രവർത്തിക്കില്ലെന്നും കെൽട്രോള്‍ കടുത്ത നിലപാടെടുത്തു. കഴിഞ്ഞ രണ്ടാഴ്ചയായി നാമമാത്രമായ ചെല്ലാനുകളാണ് അയക്കുന്നത്. പണം കൊടുക്കുന്നതിൽ തീരുമാനമാകാതെ നിൽക്കുന്നതിനിടെ ഒരു മാസം മുൻ ഗതാഗതമന്ത്രി നവകേരള സദസ്സിന്റെ യാത്രയിലുമായിരുന്നു. പുതിയ ഗതാഗതമന്ത്രി കെബി ഗണേഷ് കുമാർ ഇന്നലെ ചുമതലയേറ്റ് ആദ്യം പരിഹരിച്ചത് കെൽട്രോണിന് നൽകാനുള്ള പണത്തിൻെറ കാര്യമാണ്.
ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള ആദ്യ ഗഡുവാണ് അനുവദിച്ചത്. ഈ പണം കടം തീർക്കാൻ മാത്രമേ തികയൂ എന്നാണ് കെൽട്രോൺ നിലപാട്. അടുത്ത ഗഡു സർക്കാർ നൽകണമെന്നങ്കിൽ ഇനിയും കോടതിയെ സമീപിക്കേണ്ടിവരും. അനുബന്ധ ധാരണ പത്രത്തിൽ കെൽട്രോണും സർക്കാരുമായുള്ള തർക്കം തുടരുകയുമാണ്.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam