
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കം നേരിടുന്നതിനിടെ ജിഎസ്ടി ഇൻ്റലിജൻസ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകാനായി 61 ലക്ഷത്തിലധികം രൂപ ചെലവഴിച്ചതിൻ്റെ കണക്കുകൾ പുറത്ത്. ചെലവ് ചുരുക്കാനുള്ള ധനവകുപ്പിൻ്റെ സ്വന്തം ഉത്തരവുകളിൽ ഇളവ് വരുത്തിയാണ് ഈ ഭീമമായ തുക അനുവദിച്ചത്. പരിശീലനത്തിനായി അനുവദിച്ച തുകയുടെ 92 ശതമാനത്തോളം ചെലവാക്കിയത് ഉദ്യോഗസ്ഥരുടെ താമസത്തിനും അനുബന്ധ കാര്യങ്ങൾക്കുമായാണ്. താമസത്തിന് മാത്രം 56.60 ലക്ഷം രൂപയും യാത്രാ ചെലവിനായി 2.26 ലക്ഷം രൂപയുമാണ് ചെലവഴിച്ചത്
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, പരിശീലനങ്ങൾ സർക്കാർ സ്ഥാപനങ്ങളിൽ മാത്രമേ നടത്താവൂ എന്ന് 2023 ഓഗസ്റ്റ് 19-ന് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. സ്വകാര്യ സ്ഥാപനങ്ങളിലോ ആഡംബര ഹോട്ടലുകളിലോ പരിശീലനം നടത്തുന്നത് വിലക്കിക്കൊണ്ടുള്ള ഈ ഉത്തരവിലാണ് ധനവകുപ്പ് തന്നെ ഇളവ് നൽകിയത്. മുൻ വർഷത്തെക്കാൾ ചെലവ് കൂടരുതെന്ന നിർദ്ദേശമുള്ളപ്പോഴും, ഇത്തവണ ചെലവ് കുത്തനെ കൂടുകയും ചെയ്തു. ജി.എസ്.ടി. ഇൻ്റലിജൻസ് ഉദ്യോഗസ്ഥരുടെ ആറു ദിവസത്തെ പരിശീലനം ജൂലൈ 11 മുതൽ 18 വരെ കാക്കനാട് രാജഗിരി സ്കൂൾ ഓഫ് ടെക്നോളജിയിലായിരുന്നു നടന്നത്.
പരിശീലനത്തിനായി ആദ്യം അനുവദിച്ചത് 48.43 ലക്ഷം രൂപയായിരുന്നു.പരിശീലനം കഴിഞ്ഞപ്പോൾ 12.99 ലക്ഷം രൂപ കൂടി വേണമെന്ന് ടാക്സ് കമ്മീഷണർ ആവശ്യപ്പെടുകയും ധനവകുപ്പ് അത് അനുവദിക്കുകയും ചെയ്തു. ഇതോടെ ആകെ ചെലവ് 61,42,792 രൂപയായി. ധനമന്ത്രി എൽദോസ് കുന്നപ്പിള്ളിലിൻ്റെ ചോദ്യത്തിന് നിയമസഭയിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് ചെലവിൻ്റെ വിശദാംശങ്ങൾ വ്യക്തമായത്.
ധനമന്ത്രിയുടെ വിശദീകരണം
പരിശീലനത്തിന് ഹൈ സ്പീഡ് ഡാറ്റാ കണക്ഷനുള്ള 100 കമ്പ്യൂട്ടറുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും വേണ്ടിയിരുന്നുവെന്നും, അത് സർക്കാർ സംവിധാനത്തിൽ ലഭ്യമല്ല എന്നതുമാണ് ഇളവ് നൽകിയതിനുള്ള കാരണമായി ധനമന്ത്രി വിശദീകരിക്കുന്നത്. നികുതി പിരിവിൽ ഗുണപരമായ മാറ്റം വരുത്തുന്നതിനും മാനവ വിഭവശേഷി ഉയർത്തുന്നതിനുമാണ് പരിശീലനം നൽകിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നേരത്തെ, കഴിഞ്ഞ വർഷം പഞ്ചനക്ഷത്ര ഹോട്ടലുകളിൽ താമസിച്ചുള്ള ജി.എസ്.ടി. പരിശീലനം വിവാദമായപ്പോൾ, ആക്രി കച്ചവടത്തിൻ്റെ മറവിലെ നികുതി വെട്ടിപ്പ് കണ്ടെത്താൻ റെയ്ഡ് നടത്തി 1170 കോടിയുടെ തട്ടിപ്പ് കണ്ടെത്തിയതായി ധനവകുപ്പ് അവകാശപ്പെട്ടിരുന്നു. എന്നാൽ, ഈ റെയ്ഡിൽ എത്ര രൂപ സമാഹരിച്ചു എന്ന നിയമസഭയിലെ ചോദ്യത്തിന് 'വിവരം ശേഖരിച്ചുവരുന്നു' എന്നായിരുന്നു മാർച്ച് 18-ന് ധനമന്ത്രിയുടെ മറുപടി.