തൊഴിൽ പീഡനത്തെ തുടർന്ന് രാജിവച്ച ഫിനാൻസ് മാനേജർക്ക് ആനുകൂല്യങ്ങൾ നിഷേധിച്ചതായി പരാതി

By Web TeamFirst Published Sep 8, 2019, 8:00 AM IST
Highlights

ഗുരുതരമായ അസുഖം ബാധിച്ച സഹീറിന്റെ മെഡിക്കൽ ലീവ് അടക്കം എംഡി തടഞ്ഞതോടെയാണ് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. 

കുറ്റിപ്പുറം: എംഡിയുടെ തൊഴിൽ പീഡനം മൂലം പൊതുമേഖലാ സ്ഥാപനമായ മാൽകോ ടെക്‌സിൽ നിന്ന് രാജിവച്ച മുൻ ഫിനാൻസ് മാനേജർക്ക് ഗ്രാറ്റുവിറ്റിയടക്കമുള്ള ആനുകൂല്യങ്ങൾ തടഞ്ഞുവച്ചതായി പരാതി. വ്യവസായ വകുപ്പിന് കീഴിലുള്ള കുറ്റിപ്പുറം മാൽകോ ടെക്സിൽ നിന്ന് ഇക്കഴിഞ്ഞ ജൂലായിലാണ് ഫിനാൻസ് മാനേജരായിരുന്ന സഹീർ കാലടി രാജിവച്ചത്.

ഗുരുതരമായ അഴിമതി നടത്തുന്ന കുറ്റിപ്പുറം മാൽക്കോ ടെക്സ് എംഡിക്കെതിരെ വിജിലൻസ് അന്വേഷണമോ വകുപ്പ് തല അന്വേഷണമോ നടത്തണമെന്നാവശ്യപ്പെട്ട് സഹീർ ഇക്കഴിഞ്ഞ ജനുവരിയിൽ മേലധികാരികൾക്ക് പരാതി കൊടുത്തിരുന്നു. പിന്നീട് ഗുരുതരമായ അസുഖം ബാധിച്ച സഹീറിന്റെ മെഡിക്കൽ ലീവ് അടക്കം എംഡി തടഞ്ഞതോടെയാണ് മുഖ്യമന്ത്രിക്കും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്കും രാജിക്കത്ത് നൽകിയത്. നിലവിൽ മറ്റ് ജോലി ചെയ്യാനാകുന്നില്ലെന്നും ഗ്രാറ്റുവിറ്റിയടക്കമുള്ള വലിയ തുക അനധികൃതമായി തടഞ്ഞുവച്ചിരിക്കുകയാണെന്നും സഹീർ പറഞ്ഞു.

ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവിക്കും മലപ്പുറം എസ്‍പിക്കും സഹീർ പരാതി നൽകിയിട്ടുണ്ട്. വേണ്ട നടപടി സ്വീകരിക്കാൻ പൊലീസ് ഹെഡ് ഓഫീസ് പെറ്റീഷൻ എസ്‍പിയോട് ഡിജിപി ആവശ്യപ്പെട്ടെങ്കിലും നടപടിയൊന്നുമായില്ല. എംഡിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തണമെന്നും ആനുകൂല്യം അനുവദിക്കണമെന്നുമാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സഹീർ.

click me!