മരച്ചീനി അടക്കമുള്ള കാര്‍ഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് പരിഗണനയിൽ, കൂടുതൽ ചർച്ചകൾ ആവശ്യമെന്നും ധനമന്ത്രി

By Web TeamFirst Published Jun 9, 2021, 3:19 PM IST
Highlights

ടൂറിസം സർക്യൂട്ട് വിപുലപ്പെടുത്തുന്നത് പരിഗണിക്കും. കശുവണ്ടി , കയർ കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ പരിഗണിക്കുമെന്നും ധനമന്ത്രി

തിരുവനന്തപുരം: മരച്ചീനി അടക്കം കേരളത്തിലെ കാര്‍ഷിക ഉത്പന്നങ്ങളിൽ നിന്ന് സ്പിരിറ്റ് നിർമ്മിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഇക്കാര്യത്തെ കുറിച്ച് കൂടുതൽ ചര്‍ച്ചകൾ ആവശ്യമാണെന്നും ധനമന്ത്രി നിയമസഭയിൽ പറഞ്ഞു. 

സുഭിക്ഷ കേരളം പദ്ധതി നടപ്പാക്കിയതിലൂടെ മരച്ചിനി ഉത്പാദനം കൂടുകയും കിലോക്ക് അഞ്ച് രൂപ പോലും കര്‍ഷകന് കിട്ടാത്ത സാഹചര്യം ഉണ്ടാകുകയും ചെയ്യുന്നുണ്ട്. മരച്ചീനിയിൽ നിന്ന് സ്റ്റാര്‍ച്ച് ഉണ്ടാക്കുകയും കരിമ്പിൽ നിന്ന് മദ്യം ഉത്പാദിപ്പിക്കുകയുമെല്ലാം ചെയ്തു വന്നിരുന്നു. കേരളത്തിലേക്ക് ലക്ഷക്കണക്കിന് ലിറ്റര്‍ സ്പിരിറ്റ് പുറത്ത് നിന്നാണ് എത്തുന്നത് എന്നിരിക്കെ കര്‍ഷകന് കൂടുതൽ വരുമാനം കിട്ടുന്നതിനുള്ള സാധ്യതകളെ കുറിച്ച് കേരളം ചര്‍ച്ച ചെയ്യണമെന്ന നിലപാട് ധനമന്ത്രി നേരത്തെ പങ്കുവച്ചിരുന്നു.

ടൂറിസം സർക്യൂട്ട് വിപുലപ്പെടുത്തുന്നത് പരിഗണിക്കും. കശുവണ്ടി , കയർ കൈത്തറി മേഖലക്ക് കുറഞ്ഞ പലിശക്ക് വായ്പ പരിഗണിക്കുമെന്നും ധനമന്ത്രിഅറിയിച്ചു. ഓട്ടോ ടാക്സി വാഹനങ്ങൾക്ക് ആഗസ്റ്റ് 31 വരെ നികുതി ഇളവ് നൽകാം. അംഗങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ സബ്ജക്ട് കമ്മിറ്റി ചർച്ച ചെയ്ത് തീരുമാനിക്കാം. 5000 കോടി ബജനാവിൽ ഉണ്ടെന്ന് തോമസ് ഐസക് പറഞ്ഞത് പണലഭ്യതക്ക് പ്രശ്നമില്ല എന്ന ഉദ്ദേശത്തിലാണെന്നും ധനമന്ത്രി ബജറ്റ് ചർച്ചക്ക് മറുപടിയായി പറഞ്ഞു. 

click me!