
തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കലുമായി (monson mavunkal) മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കോടികളുടെ (ramesh chennithala) ഇടപാടുകളുണ്ടെന്ന് പ്രവാസി മലയാളി അനിത പുല്ലായിൽ. ഏഷ്യാനെറ്റ് ന്യൂസ് ചർച്ചിലാണ് അനിത ഗുരുതര ആരോപണം ഉന്നയിച്ചത്. 'രമേശ് ചെന്നിത്തലയും മോന്‍സണും തമ്മില്‍ 25 കോടിയുടെ ഇടപാട് ഉണ്ടാക്കി. ആ ഇടപാട് എന്തിന് നിര്‍ത്തി? മോന്‍സണെ നല്ല രീതിയില്‍ അറിയുന്ന ഒരാളാണ് ചെന്നിത്തല'യെന്നും അനിത ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
''മോൻസൻ മാവുങ്കലിനെ ആദ്യമായി കണ്ടത് രണ്ട് വർഷം മുമ്പാണ്. മോൻസനുമായി എനിക്ക് ബിസിനസ് ബന്ധങ്ങളില്ല. പ്രവാസി സംഘടനയുമായി ബന്ധപ്പെട്ട് ഉണ്ടായ പരിചയം മാത്രമാണുള്ളത്. മുൻ ഡിജിപി ലോക്നാഥ് ബെഹ്റയെ മോൻസനുമായി പരിചയപ്പെടുത്തിയത് താനാണെന്നും അനിത വിശദീകരിച്ചു. മുൻ ഡിഐജി സുരേന്ദ്രനെ കണ്ടിട്ടുള്ളത് മോൻസന്റെ വീട്ടിൽ വെച്ചാണെന്ന് പറഞ്ഞ അനിത മോൻസനെ സൂക്ഷിക്കണമെന്ന് ബെഹ്റ ഡിജിപി ആയിരിക്കെ തനിക്ക് മുന്നറിയിപ്പ് നൽകിട്ടുണ്ടെന്നും വെളിപ്പെടുത്തി. പ്രവാസി മലയാളി സംഘടനയിൽ ഇപ്പോഴും താൻ അംഗമാണെന്നും അനിത വ്യക്തമാക്കി.
അതിനിടെ മുന്‍ ഡിഐജി എസ് സുരേന്ദ്രന് മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തല്‍. സുരേന്ദ്രന്‍റെ മകളുടെ പിറന്നാളാഘോഷം സ്പോണ്‍സര്‍ ചെയ്തത് മോന്‍സന്‍ മാവുങ്കലാണെന്ന് ഫോട്ടോഗ്രഫര്‍ ടി എച്ച് അര്‍ഷാദ് പറഞ്ഞു. അര്‍ഷാദാണ് പിറന്നാളോഘഷത്തിന്‍റെ ഫോട്ടോഗ്രഫി ജോലി ചെയ്തിരുന്നത്. ജോലി ഏല്‍പ്പിച്ചത് മോന്‍സന്‍റെ സുഹൃത്തെന്നും പണം നല്‍കിയത് മോന്‍സനാണെന്നും അര്‍ഷാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സുരേന്ദ്രന്‍ ഡിഐജിയായിരിക്കെ മോന്‍സന്‍ മാവുങ്കലിന്‍റെ സൗജന്യം കൈപ്പറ്റിയെന്ന് വ്യക്തമാക്കുന്നതാണ് അര്‍ഷാദിന്‍റെ വാക്കുകള്‍.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam