
കൊച്ചി : ശബരിമല സ്വർണ്ണക്കൊള്ളയിൽ അറസ്റ്റിലായ ദേവസ്വം മുൻ പ്രസിഡണ്ട് എ പത്മകുമാറിൻറെ വീട്ടിൽ നിന്ന് സാമ്പത്തിക ഇടപാടുകളുടെ രേഖകൾ പിടിച്ചെടുത്ത് എസ്ഐടി. താൻ പ്രസിഡണ്ടാകുന്നതിന് മുമ്പ് തന്നെ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ നല്ല സ്വാധീനമുണ്ടായിരുന്നുവെന്നാണ് പത്മകുമാറിൻറെ മൊഴി. താനെടുത്ത തീരുമാനങ്ങൾക്ക് ബോർഡിലെ മറ്റ് അംഗങ്ങൾക്കും അറിവുണ്ടായിരുന്നുവെന്നും പത്മകുമാർ മൊഴി നൽകി.
പത്മകുമാറിൻറെ ആറന്മുളയിലെ വീട്ടിൽ എസ്ഐടി പരിശോധന അർദ്ധരാത്രി വരെ നീണ്ടിരുന്നു. പോറ്റിയും പത്മകുമാറും തമ്മിലെ ഇടപാടിന്റെ രേഖകൾക്ക് വേണ്ടിയായിരുന്നു പരിശോധന. സർക്കാർ-ബോർഡ്-പോറ്റി എന്നിവർ തമ്മിലെ ഇടപാടുകളെ കുറിച്ചുള്ള രേഖകളുടെ പകർപ്പ് കണ്ടെടുത്തു. 2016 മുതൽ പത്മകുമാറിൻറെ ആദായനികുതി വിവരങ്ങളടക്കമുള്ള വിവരങ്ങൾ അടങ്ങിയ രേഖകൾ കസ്റ്റഡിയിലെടുത്തു. പോറ്റി വീട്ടിലെത്തിയിട്ടുണ്ടെന്നാണ് പത്മകുമാറിൻറെ ബന്ധുക്കളുടെ മൊഴി. പക്ഷെ ഇത് സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിശദീകരണം.
താൻ പ്രസിഡണ്ടാകുന്നതിന് മുമ്പ് തന്നെ പോറ്റിക്ക് ശബരിമലയിൽ വലിയ സ്വാധീനമുണ്ടെന്നാണ് പത്മകുമാറിൻറെ മൊഴി. അതായത് പോറ്റിയെ സംരക്ഷിക്കുന്ന ഉന്നതർ ഇനിയുമുണ്ടെന്ന് സൂചിപ്പിക്കുന്നതാണ് മൊഴി. ചെമ്പെന്ന് രേഖകളിൽ പത്മകുമാർ തിരുത്തിയത് അറിഞ്ഞിരുന്നില്ലെന്നാണ് അന്നത്തെ ബോർഡ് അംഗങ്ങളായ കെപി ശങ്കരദാസിൻറെയും വിജയകുമാറിൻറെയും മൊഴി. എന്നാൽ അംഗങ്ങളെയും കുരുക്കിയാണ് പത്മകുമാറിന്റെ മൊഴി. താനെടുത്ത എല്ലാ തീരുമാനങ്ങളും ബോർഡിലെ മറ്റ് അംഗങ്ങളുടെ അറിവോടെയാണെന്നാണ് മൊഴി.
തിങ്കളാഴ്ച പത്മകുമാറിനെ എസ്ഐടി കസ്റ്റഡിയിൽ വാങ്ങും. അതിന് ശേഷമാകും കടകംപള്ളി സുരേന്ദ്രൻ, തന്ത്രി എന്നിവരുടെ അടക്കമുള്ള ചോദ്യം ചെയ്യൽ. ഉണ്ണിക്കൃഷ്ണൻ പോറ്റി ദ്വാരപാലക പാളികൾ പ്രമുഖരുടെ വീടുകളിൽ അടക്കം കൊണ്ടുപോയി പൂജ നടത്തിയിരുന്നു. നടൻ ജയറാമിൻറെ വീട്ടിലും പാളികൾ കൊണ്ടുപോയിരുന്നതിനാൽ നടനിൽ നിന്നടക്കം മൊഴി എടുക്കും.
വൻ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ബോർഡിൻറെ പുതിയ പ്രസിഡണ്ട് തിരുത്തൽ നടപടികൾ തുടങ്ങി. വിഷയങ്ങൾ മുൻകൂട്ടി അറിയിക്കാതെ ബോർഡിന്റെ പരിഗണനക്ക് വരരുതെന്നാണ് നിർദ്ദേശം. എല്ലാ വിഷയങ്ങളും പ്രസിഡണ്ടിനെ അറിയിച്ചിട്ട് മാത്രമേ ബോർഡിൽ കൊണ്ടുവരാൻ പാടുള്ളുവെന്ന് കാണിച്ച് കെ ജയകുമാർ ഉത്തരവിറക്കി. ദ്വാരപാലക പാളികൾ 2025ൽ പോറ്റിക്ക് കൈമാറിയത് മിനുട്സിൽ രേഖപ്പെടുത്തിയിട്ടില്ലെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 ൽ കട്ടിളപ്പാളികൾ പോറ്റിക്ക് കൊടുത്തുവിടാനുള്ള തീരുമാനം അന്നത്തെ പ്രസിഡണ്ട് സ്വന്തം കൈപ്പടയിൽ തിരുത്തിയിരുന്നു. ഇത്തരം സാഹചര്യങ്ങൾ കൊണ്ടാണ് പരിഷ്ക്കാരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam