
തിരുവനന്തപുരം: മുതിർന്ന ബിജെപി നേതാവും മുൻ മിസോറാം ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. ഈ ഗൂഢാലോചനക്ക് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും പരാതിയിൽ പ്രാഥമിക അന്വേഷണം പോലും നടത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ആറന്മുള സ്വദേശിയിൽ നിന്നും 28.75 ലക്ഷം രൂപ തട്ടിച്ചെന്ന പരാതിയിൽ ആറന്മുള പൊലീസാണ് കുമ്മനെതിനെതിരെ കേസ് എടുത്തത്. കുമ്മനത്തിൻ്റെ മുൻ പി.എ ആയിരുന്ന പ്രവീണാണ് കേസിൽ ഒന്നാം പ്രതി. കേസിൽ അഞ്ചാം പ്രതിയാണ് കുമ്മനം രാജശേഖരൻ. പേപ്പർ കോട്ടൺ മിക്സ് നിർമ്മിക്കുന്ന കമ്പനിയുടെ പങ്കാളിയാക്കാം എന്ന് വാഗ്ദാനം ചെയ്ത് പരാതിക്കാരനായ ഹരികൃഷ്ണനിൽ നിന്നും പണം വാങ്ങി പറ്റിച്ചുവെന്നാണ് കേസ്. 28.75 ലക്ഷം കമ്പനിയിൽ നിക്ഷേപിച്ചെങ്കിലും വർഷങ്ങൾ കഴിഞ്ഞിട്ടും യാതൊരു തുടർ നടപടിയും ഉണ്ടായില്ലെന്നും ഇടപാടുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷങ്ങളിൽ പലവട്ടം കുമ്മനം രാജശേഖരനേയും പ്രവീണിനേയും കണ്ടെങ്കിലും പണം തിരികെ ലഭിക്കാതെ വന്നതോടെയാണ് പരാതി നൽകിയതെന്ന് ഹരികൃഷ്ണൻ പറയുന്നു.
കുമ്മനവും പ്രവീണുമടക്കം ഒൻപത് പേരെയാണ് കേസിൽ പ്രതിയായി ചേർത്തിട്ടുള്ളത്. കുമ്മനം മിസോറാം ഗവർണറായിരുന്ന സമയത്താണ് പണം നൽകിയതെന്നാണ് പരാതിയിൽ പറയുന്നത്. പണം തിരികെ കിട്ടാൻ പലവട്ടം മധ്യസ്ഥത ചർച്ചകൾ നടത്തിയിരുന്നതായും ഹരികൃഷ്ണൻ പറയുന്നത്. മധ്യസ്ഥ ചർച്ചകളുടെ അടിസ്ഥാനത്തിൽ പലതവണയായി നാലര ലക്ഷം രൂപ കിട്ടിയെട്ടും അവശേഷിച്ച പണം കൂടി കിട്ടണമെന്നുമാണ് പരാതിയിൽ പറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam