
തിരുവനന്തപുരം: വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ വ്യാജബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തു.കൊല്ലത്തെ ഇല്ലാത്ത ആയൂര്‍വേദ ക്ലിനിക്കിന്‍റെ പേരിലുള്ള ബില്ല് ഉപയോഗിച്ചാണ് ആറ്റിങ്ങല്‍ ഡിവിഷനിലെ ഉദ്യോഗസ്ഥര്‍ മെഡിക്കല്‍ റീഇംപേഴ്സ് തുക വന്‍ തോതില്‍ തട്ടിയെടുത്തത്. ഏഷ്യാനെറ്റ്ന്യൂസ് സംഘം 500 രൂപ കൊടുത്തപ്പോള്‍ 9000 രൂപയുടെ ബില്ലാണ് ഇതേ ആയുര്‍വേദ ഡോക്ടര്‍ ഞങ്ങള്‍ക്കും തന്നത്. അഞ്ച് ജില്ലകളിലെ വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ക്ക് ആവശ്യം പോലെ താന്‍ ബില്ലുകള്‍ വര്‍ഷങ്ങളായി നല്‍കാറുണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു.
വാട്ടര്‍ അതോറിറ്റി ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ വ്യാജ ബില്ലുകള്‍ സമര്‍പ്പിച്ച് 22 ലക്ഷം രൂപ തട്ടിയെടുത്തെന്ന് ഈയിടെയാണ് ഇന്‍റേര്‍ണല്‍ ഓഡിറ്റ് വിഭാഗം കണ്ടെത്തിയത്. രണ്ട് വര്‍ഷത്തെ മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് ബില്ലുകള്‍ പരിശോധിച്ചപ്പോഴാണ് ഇത്രയും വലിയ വെട്ടിപ്പ് കണ്ടെത്തിയത്. ആറ്റിങ്ങല്‍ ഡിവിഷന് കീഴിലെ ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റീ ഇംപേഴ്സ്മെന്‍റ് പരിശോധിച്ചപ്പോള്‍ കിലോ കണക്കിന് ച്യവനപ്രാശവും ലിറ്റര്‍ കണക്കിന് കഷായവും. ഇന്‍റേര്‍ണല്‍ ഓഡിറ്റ് ഉദ്യോഗസ്ഥര്‍ക്ക് സംശയമായി. പരിശോധിച്ചപ്പോള്‍ 95 ശതമാനം ഉദ്യോഗസ്ഥരും കൊടുത്തത് മേലത്തില്‍ ആയൂര്‍ ക്ലിനിക്കിന്‍റെ ബില്ല്. ജിഎസ്ടി പോലുമില്ലാത്ത ബില്ലില്‍ ഒരേ പോലുള്ള കഷായവും ച്യവനപ്രാശവും കണ്ടതോടെ വ്യാജമാണെന്ന് ഉറപ്പിച്ചു.
മേലത്തില്‍ ആയൂര്‍ ക്ലിനിക്ക് എവിടെയാണെന്നും എങ്ങനെയാണ് പ്രവര്‍ത്തനം എന്നും അറിയാനായിരുന്നു പിന്നീട് അന്വേഷണം. ആ അന്വേഷണം കൊല്ലം ജില്ലയിലെ ആദിച്ചനെല്ലൂരിലുള്ള പ്ലാക്കാട് എന്ന സ്ഥലത്ത് എത്തി. അങ്ങനെയൊരു ക്ലിനിക്കേ അവിടെ ഇല്ല. ഉമയനെല്ലൂര്‍ എന്ന സ്ഥലത്താണ് ഡോക്ടര്‍ എംഎസ് സുദേഷിന്‍റെ പ്രാക്ടീസ്. ഒരു രോഗവുമില്ലാത്ത സഹപ്രവര്‍ത്തകന്‍ സുരേഷിന്‍റെ പേരില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരന്‍ എന്ന് പറഞ്ഞ് 500 രൂപയും കൊടുത്തതോടെ 9000 രൂപയുടെ ബില്ല് തന്നു.കൂടാതെ ഓഫീസില്‍ കൊടുക്കാനുള്ള ചികില്‍സാ രേഖയുടെ സീല്‍ പതിച്ചുനല്‍കി. കൂടെ പോയ സഹപ്രവര്‍ത്തകനോടും ചോദിച്ചു ബില്ല് വേണോ എന്ന്.
ഒളിക്യാമറയില്‍ പകര്‍ത്തിയ ഉടന്‍ നേരിട്ട് ക്യാമറയും മൈക്കുമായി ഡോക്ടറോട് കാര്യങ്ങള്‍ തിരക്കി.ബിൽ കൊടുക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. വര്‍ഷങ്ങളായി അഞ്ച് ജില്ലകളിലെ വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് കൊടുക്കാറുണ്ടെന്ന് ഡോക്ടര്‍ .ഒരു പരിശോധനയും ചികില്‍സയും ഇല്ലാതെ ലക്ഷങ്ങളുടെ ബില്ലാണ് ഇതുപോലെ വാട്ടര്‍ അതോറിറ്റിയിലെ ജീവനക്കാര്‍ക്ക് ഇയാള്‍ എഴുതിക്കൊടുത്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam