
തിരുവനന്തപുരം: മണല്‍വാരലില്‍ നിയമം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 25,000 രൂപയില്‍ നിന്ന് അഞ്ചുലക്ഷം രൂപയായി ഉയര്‍ത്തി. ഇതിനായി കേരളാ നദീതീര സംരക്ഷണ നിയമം ഭേദഗതി ചെയ്യും. ഇതിനു വേണ്ടി തയ്യാറാക്കിയ കരട് ബില്‍ മന്ത്രിസഭ അംഗീകരിച്ചു. തുടര്‍ച്ചയായ നിയമലംഘനത്തിന് ഓരോ ദിവസത്തേക്കും അധികമായി ചുമത്തുന്ന പിഴ ആയിരം രൂപയില്‍ നിന്ന് അമ്പതിനായിരം രൂപയായി വര്‍ധിപ്പിക്കും.
നിലവിലുള്ള നിയമപ്രകാരം കണ്ടുകെട്ടിയ മണല്‍ പൊതുമരാമത്ത് വകുപ്പ് നിശ്ചയിക്കുന്ന നിരക്കില്‍ നിര്‍മ്മിതി കേന്ദ്രത്തിന് അഥവാ കലവറയ്ക്ക് വില്‍ക്കേണ്ടതാണ്. അതു മാറ്റി കണ്ടുകെട്ടിയ മണലിന്‍റെ മതിപ്പുവില ജില്ലാ കലക്ടര്‍ നിശ്ചയിച്ചുകൊണ്ട് വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ലേലത്തിലൂടെ വില്‍പ്പന നടത്താന്‍ കരട് ബില്‍ വ്യവസ്ഥ ചെയ്യുന്നു.
അതേസമയം കാസര്‍ഗോഡ് മോട്ടോര്‍ ആക്സിഡന്‍റ് ക്ലെയിം ട്രിബ്യൂണല്‍ ആരംഭിക്കുന്നതിന് തത്വത്തിൽ അംഗീകാരം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. ഇതിന്‍റെ ഭാഗമായി അഞ്ച് തസ്തികകള്‍ അനുവദിക്കും. മറ്റ് തസ്തികകള്‍ സബോര്‍ഡിനേറ്റ് ജുഡീഷ്യറിക്ക് അനുവദിച്ച തസ്തികകളില്‍ നിന്ന് കണ്ടെത്തും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam