
തൃശൂര്‍: അതിരപ്പള്ളി മേഖലയിലെ അതിരപ്പള്ളി, പരിയാരം ഗ്രാമ പഞ്ചായത്തുകളിലെ വിവിധ റിസോര്‍ട്ടുകള്‍, വാട്ടര്‍ തീം പാര്‍ക്കുകള്‍, കേറ്ററിങ് യൂണിറ്റുകള്‍, വഴിയോര കച്ചവട സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ തദ്ദേശ സ്വയംഭരണ ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡിന്‍റെ നേതൃത്വത്തില്‍ പരിശോധന നടത്തി. പരിശോധനയില്‍ ജൈവ അജൈവ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നതും അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. നിഷ്‌കര്‍ഷിച്ചിട്ടുള്ള രീതിയില്‍ മാലിന്യ സംസ്‌കരണ സംവിധാനങ്ങള്‍ ഇല്ലാതെ പല റിസോര്‍ട്ടുകളും കണ്ടെത്തിയിട്ടുണ്ട്.
പരിശോധനയില്‍ കേറ്ററിങ് യൂണിറ്റുകളില്‍ മാലിന്യം കത്തിക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. മാലിന്യ സംസ്‌കരണ രംഗത്ത് വീഴ്ച പറ്റിയ ഇത്തരം സ്ഥാപനങ്ങള്‍ക്ക് കേരള പഞ്ചായത്ത് രാജ് ആക്ടിലെ വിവിധ സെക്ഷനുകള്‍ പ്രകാരം ആകെ 75,000 രൂപ പിഴ ചുമത്തി നോട്ടീസ് നല്‍കിയിട്ടുണ്ട്. വഴിയോരക്കച്ചവടക്കാര്‍ക്ക് മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ നല്‍കി. ജില്ലാ എന്‍ഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് ടീം ലീഡര്‍ രജിനേഷ് രാജന്‍റെ നേതൃത്വത്തില്‍ നടന്ന പരിശോധനയില്‍ ടീം അംഗം സി ആര്‍ ദീപക്, പരിയാരം പഞ്ചായത്ത് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ കെ എസ് സികിത, കെ കെ ശ്രീജേഷ്, അതിരപ്പിള്ളി പഞ്ചായത്തിലെ ശ്രീജിത്ത് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് സ്‌ക്വാഡ് ടീം ലീഡര്‍ അറിയിച്ചു. മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തിക്കഴിഞ്ഞാല്‍ ഫോട്ടോ സഹിതം സിംഗിള്‍ വാട്‌സപ്പ് നമ്പറിലേക്ക് അയച്ചു നല്‍കുന്നതിന് വഴിയോര കച്ചവടക്കാര്‍ക്ക് നിര്‍ദേശം നല്‍കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam