
കൊച്ചി: കിളികൊല്ലൂരിൽ സൈനികനെയും സഹോദരനെയും പോലീസ് മർദ്ദിച്ച സംഭവത്തിലെ എഫ്ഐആർ റദ്ദാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. ഈ ഘട്ടത്തിൽ എഫ്ഐആർ റദ്ദാക്കാനാവില്ലെന്നും അന്വേഷണം പൂർത്തിയായ ശേഷമേ എഫ്ഐആർ റദ്ദാക്കുന്നത് പരിഗണിക്കാനാവൂവെന്നും ഹൈക്കോടതി പറഞ്ഞു. സൈനികനായ വിഷ്ണുവും സഹോദരൻ വിഘ്നേഷും നൽകിയ ഹർജിയിൽ കോടതി ഇടക്കാല ഉത്തരവും പുറപ്പെടുവിച്ചില്ല.
സഹോദരങ്ങൾക്ക് പോലീസ് സംരക്ഷണം വേണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ഹൈക്കോടതി ഇതും അനുവദിച്ചില്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. കിളികൊല്ലൂർ പോലീസ് കൊലപാതക ശ്രമം ഉൾപ്പടെ ചുമത്തിയാണ് സഹോദരങ്ങൾക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഈ എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സഹോദരങ്ങൾ ഹൈക്കോടതിയെ സമീപിച്ചത്. മർദിച്ച പൊലീസുകാർക്കെതിരായ അന്വേഷണം ഹൈക്കോടതി മേൽനോട്ടത്തിൽ വേണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.
കഴിഞ്ഞ ഓഗസ്റ്റ് 25 ന് ബൈക്കിൽ ഇൻഡികേറ്റർ ഇടാതിരുന്നതിനെ ചൊല്ലി കിളിക്കൊല്ലൂർ എഎസ്ഐയും വിഷ്ണുവുമായുണ്ടായ തർക്കമാണ് ലോക്കപ്പ് മർദ്ദനത്തിന് വഴിവെച്ചത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു. ലോക്കപ്പ് മർദ്ദനം വിവാദമായതോടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു. എസ്എച്ച്ഒ വിനോദ് എസ്, എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐ പ്രകാശ് ചന്ദ്രൻ, സിപിഒ മണികണ്ഠൻ പിള്ള എന്നിവരെയാണ് ദക്ഷിണ മേഖല ഐജി പി പ്രകാശ് സസ്പെൻഡ് ചെയ്തത്. സംഭവം വിവാദമായതോടെ നാല് പോലീസുകാരെ സ്ഥലംമാറ്റിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam