Dheeraj murder : രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്ഐആര്‍; ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് എസ് പി

By Web TeamFirst Published Jan 11, 2022, 1:31 PM IST
Highlights

എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയതെന്നും പേന കത്തി കരുതിയത് സ്വയരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

ഇടുക്കി: ഇടുക്കി ഗവൺമെന്റ് എന്‍ജിനിയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജനെ കുത്തിയത് രാഷ്ട്രീയ വിരോധത്തെ തുടര്‍ന്നെന്ന് എഫ്ഐആര്‍. പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിന് ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. കെഎസ്‍യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തു. ഗൂഢാലോചന കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്പി മാധ്യമങ്ങളോട് പറഞ്ഞു. പെട്ടെന്നുള്ള സംഘർഷമാണ് കൊലപാതകത്തിലേക്ക് എത്തിയത്. നിഖിൽ പൈലി, ജെറിൻ ജോജോ ഉള്‍പ്പടെ ആറ് പേരെയാണ്  എഫ്ഐആറിൽ പ്രതി ചേര്‍ത്തിരിക്കുന്നതെന്നും എസ്പി പറഞ്ഞു. അറസ്റ്റിലായ രണ്ട് പേരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

ധീരജ് രാജേന്ദ്രനെ കുത്തി വീഴ്ത്തിയ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലിക്കെതിരെ കൊലക്കുറ്റമടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. വധശ്രമത്തിനും സംഘം ചേര്‍ന്നതിനുമാണ് യൂത്ത് കോൺഗ്രസ് ഇടുക്കി മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോയ്ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ബന്ധുവിനെ സഹായിക്കാനാണ് കോളേജ് പരിസരത്ത് എത്തിയതെന്നാണ് നിഖിൽ പൊലീസിനോട് പറഞ്ഞത്. എസ്എഫ്ഐക്കാർ മർദിച്ചപ്പോഴാണ് കുത്തിയത്. പേന കത്തി കരുതിയത് സ്വയരക്ഷയ്ക്ക് ആണെന്നുമാണ് പ്രതിയുടെ മൊഴി. ക്യാമ്പസിന് പുറത്ത് നിൽക്കുമ്പോൾ സംഘർഷം ഉണ്ടായത് കണ്ട് ഓടി രക്ഷപെടുകയായിരുന്ന എന്നാണ് ജെറിൻ പോലീസിനോട് പറഞ്ഞിരിക്കുന്നത്. പുറത്ത് നിന്ന് ആരും ക്യാംപസില്‍ കയറിയിട്ടില്ലെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തര്‍ക്കങ്ങള്‍ മാത്രമാണുണ്ടായതെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.

ധീരജിനെ കുത്തിയ ശേഷം പ്രതി ഉപേക്ഷിച്ച കത്തി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. നിഖിൽ ഉൾപ്പെടെ ആറു പേരാണ് അക്രമത്തിനു പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് കെ ഇ യു യൂണിറ്റ് സെക്രട്ടറി അലക്സ് റഫെൽ. കസ്റ്റഡിയിലുള്ള രണ്ട് പേരെ പൊലീസ് ചോദ്യം ചെയ്യകയാണ്. പിന്നില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് സൂചന.

click me!