
ദില്ലി: ഗോവ നിശാക്ലബ്ബിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ക്ലബ് ഉടമകളായ ലൂത്ര സഹോദരൻമാരുടെ മുൻകൂർ ജാമ്യഹർജി ദില്ലി കോടതി തള്ളി. ദില്ലി രോഹിണി കോടതിയാണ് ഹർജി തള്ളിയത്. ഗോവ പൊലീസ് ഹർജിയെ ശക്തമായി എതിർത്തിരുന്നു. സൗരഭ് ലൂത്രയും, ഗൗരവ് ലൂത്രയും നിലവിൽ ഒളിവിലാണ്. അഗ്നിബാധയ്ക്ക് കാരണമായത് ക്ലബ്ബിനുള്ളിലെ കരിമരുന്ന് പ്രയോഗമെന്നാണ് പുറത്തുവന്ന റിപ്പോർട്ട്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലൈൻ എന്ന നൈറ്റ് ക്ലബ്ബിലുണ്ടായ അഗ്നിബാധയ്ക്ക് കാരണമായത് കരിമരുന്ന് പ്രയോഗമെന്നാണ് ഗോവ മുഖ്യമന്ത്രി പ്രമോദ സാവന്തിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആദ്യം പറഞ്ഞിരുന്നത്.
തീപിടിത്തത്തിന് പിന്നാലെ സംസ്ഥാന സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അപകടത്തിന്‍റെ കാരണം കണ്ടെത്താനും, കുറ്റക്കാർക്ക് പരമാവധി ശിക്ഷ ഉറപ്പുവരുത്താനുമാണ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചത്. അപകടത്തിൽ 25 പേരാണ് മരിച്ചത്. നോർത്ത് ഗോവയിൽ കഴിഞ്ഞ ശനിയാഴ്ച അർധരാത്രിയോടെയാണ് അപകടമുണ്ടായത്. ബാഗയിലെ ബിർച്ച് ബൈ റോമിയോ ലേൻ എന്ന ക്ലബ്ബിലാണ് അഗ്നിബാധയുണ്ടായത്. മരിച്ചവരിൽ ഏറെയും ക്ലബ്ബിലെ ജീവനക്കാരാണ് എന്നാണ് പുറത്ത് വരുന്ന വിവരം. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഡിജിപിയും സംഭവ സ്ഥലത്ത് എത്തിയിരുന്നു. താഴത്തെ നിലയിലെ അടുക്കളയിലും പരിസരത്തുമാണ് തീ പടർന്നത്. മൃതദേഹങ്ങളിൽ ഏറിയ പങ്കും കണ്ടെത്തിയതും അടുക്കളുടെ പരിസരത്ത് നിന്നാണ്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും എംഎൽഎ മൈക്കൽ ലോബോയും അപകടസ്ഥലം സന്ദർശിച്ചിരുന്നു. സംഭവത്തില്‍ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി അനുശോചനം അറിയിച്ചു. സുരക്ഷയുടെയും ഭരണനിർവഹണത്തിന്റെയും പരാജയമെന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam