
കൊല്ലം: വിദ്യാർത്ഥികളുമായുള്ള വിനോദയാത്രക്ക് മുമ്പ് ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ 'കൊമ്പൻ' ബസിലെ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് പൊലീസ്. ഡ്രൈവറടക്കം നാലു പേർക്കെതിരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ഇവരെ അറസ്റ്റ് ചെയ്ത ശേഷം ജാമ്യത്തിൽ വിട്ടു. സ്ഫോടക വസ്തുക്കൾ അശ്രദ്ധമായി കൈകാര്യം ചെയ്യുക, ജീവന് ഭീഷണിയാകുന്ന തരത്തിൽ സ്ഫോടക വസ്തുക്കൾ ഉപയോഗിക്കുക എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആറ് മാസം വരെ തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണിത്.
കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ മോട്ടാർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 'കൊമ്പൻ' ബസിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ബസിൽ ജിപിഎസ് സംവിധാനവും സ്പീഡ് ഗവർണറും ഘടിപ്പിച്ചിട്ടില്ലെന്നാണ് കണ്ടെത്തിയത്. ബസിനുള്ളിലെ സ്‌മോക്കറും നീക്കം ചെയ്തിരുന്നില്ല. ഇതിന്റെ അടിസ്ഥാനത്തിൽ ബസിനെതിരെ കൂടുതൽ നടപടികൾ ഉണ്ടാകുമെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ആഴ്ച, കൊല്ലം പെരുമൺ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ സംഘത്തിന്റെ വിനോദയാത്രയ്ക്ക് മുന്നോടിയായി ബസിന് മുകളിൽ പൂത്തിരി കത്തിച്ച ദൃശ്യങ്ങൾ പുറത്തെത്തിയതോടെയാണ് 'കൊമ്പൻ' വിവാദത്തിലായത്. പൂത്തിരിയിൽ നിന്ന് ബസിലേക്ക് പടർന്ന തീ ജീവനക്കാർ അണയ്ക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. തുടർന്ന് ആലപ്പുഴയിൽ വച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തു. വിദ്യാർത്ഥികള്‍ വിനോദ യാത്ര കഴിഞ്ഞ് മടങ്ങുമ്പോള്‍ പുന്നപ്രയിലും തകഴിയിലും വച്ചാണ് ബസുകൾ കസ്റ്റഡിയിൽ എടുത്തത്. അമ്പലപ്പുഴ വച്ച് ആര്‍ടിഒ ഉദ്യോഗസ്ഥരെ കണ്ട് രണ്ടാമത്തെ ബസ് വഴി തിരിച്ച് വിട്ടെങ്കിലും പിറകെ പിന്തുടര്‍ന്ന് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
'കൊമ്പൻമാർ വാഴുന്ന റോഡ്'; നിയമം ലംഘിച്ച ബസുകളെ പിടിക്കാന്‍ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ്
പ്രാഥമിക പരിശോധനയിൽ, പൂത്തിരി കത്തിക്കാൻ ഒരു ബസിന് മുകളിൽ സ്ഥിരം സംവിധാനം ഒരുക്കിയതായി കണ്ടെത്തി. ഇതിന് പിന്നാലെ ബസ് ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കാൻ ശുപാർശ ചെയ്തു. സംഭവത്തിൽ ഹൈക്കോടതിയും സ്വമേധയാ കേസെടുത്തു. ഇതാദ്യമായല്ല, നിയമലംഘനങ്ങളുടെ പേരിൽ 'കൊമ്പൻ' പിടിയിലാകുന്നത്. ലേസർ, വർണ ലൈറ്റുകളുടെ ഉപയോഗം, അമിതമായ ശബ്ദം എന്നിവയുടെ പേരിൽ മുമ്പും മോട്ടോർ വാഹന വകുപ്പ് 'കൊമ്പന്' പിഴ ചുമത്തിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam