'നിര്‍മ്മാണങ്ങള്‍ പലതും അനധികൃ‍തം'; മിഠായിത്തെരുവ് തീപ്പിടിത്തത്തില്‍ ഫയര്‍ഫോഴ്‍സ് പ്രാഥമിക റിപ്പോര്‍ട്ട്

By Web TeamFirst Published Sep 14, 2021, 8:44 AM IST
Highlights

മാനാഞ്ചിറയിൽ നിന്നും ഫയർഫോഴ്‌സ് പമ്പ് ഉപയോഗിച്ചു ഒരു പൈപ്പ് ലൈൻ മിഠായി തെരുവിലേക്ക് സ്ഥാപിക്കാൻ റിപ്പോർട്ടിൽ ശുപാർശ നല്‍കിയിട്ടുണ്ട്. 

കോഴിക്കോട്: മിഠായിതെരുവിന് സമീപം മൊയ്തീൻ പളളി റോഡിലുണ്ടായ തീപ്പിടിത്തത്തിൽ വ്യാപാരികള്‍ക്ക് വീഴ്ചയെന്ന് അഗ്നിരക്ഷാസേനയുടെ പ്രാഥമിക റിപ്പോർട്ട്. അശാസ്ത്രീയ നിർമ്മിതികളും തിങ്ങിനിറഞ്ഞ കെട്ടിടങ്ങളും അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയെന്ന് അഗ്നിരക്ഷാസേന കണ്ടെത്തി. ഫോറൻസിക് റിപ്പോർട്ട് കൂടി കിട്ടിയാലേ അപകടകാരണം വ്യക്തമാകു. വെളളിയാഴ്ച മിഠായിത്തെരുവിലെ എംപി റോ‍ഡില്‍ രണ്ട് കടകൾ കത്തിനശിച്ചതിന്റെ പശ്ചാത്തലത്തിൽ വിശദമായ പരിശോധനയാണ് അഗ്നിരക്ഷാസേന നടത്തിയത്. കച്ചവട സ്ഥാപനങ്ങൾ തിങ്ങിനിറഞ്ഞ് പ്രവർത്തിക്കുന്നതിലെ പോരായ്മകൾ അക്കമിട്ട് നിരത്തിയാണ് പ്രാഥമിക റിപ്പോർട്ട്. ഈ രീതി ഇനിയും തുടർന്നാൽ അപകടങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 

കച്ചവടസ്ഥാപനങ്ങൾ തമ്മിൽ വേർതിരിവില്ല. ഇടവഴികളിൽ പോലും സാധനങ്ങൾ സൂക്ഷിക്കുന്നു. പാതയ്ക്കിരുവശവും വഴി തടസ്സപ്പെടുത്തിയുളള വ്യാപാരവും നടക്കുന്നു. കാലപ്പഴക്കമുളള കെട്ടിട സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മുറികൾക്ക് വെവ്വേറെ വൈദ്യുതി കണക്ഷനുമില്ല. അത്യാഹിതമുണ്ടായാൽ പെട്ടെന്നെത്തി രക്ഷാപ്രവർത്തനം നടത്താൻ ഇതെല്ലാം പ്രതികൂല ഘടകങ്ങളാകുന്നുവെന്ന് ആവർത്തിക്കുന്ന റിപ്പോർട്ടിൽ വ്യാപാരികൾക്ക് ബോധവത്കരണം നൽകണമെന്നും പറയുന്നു. 

നിയമം ലംഘിച്ച് നടത്തുന്ന വഴിയോര കച്ചവടം അവസാനിപ്പിക്കാനും അഗ്നിരക്ഷാസേന പറയുന്നു. അഗ്നിശമന ഉപകരണങ്ങൾ കൂടുതൽ കടകളിലില്ലാത്ത് പോരായ്മയാണ്. മിഠായിതെരുവലെ എല്ലായിടങ്ങളിലേക്കും തീയണക്കാൻ വെളളമെത്തും വിധം ഫയർ ഹൈഡ്രന്റ് സ്ഥാപിക്കാൻ സൗകര്യമൊരുക്കണമെന്നും രാത്രികാല പട്രോളിംഗിന് സുരക്ഷാ ജീവനക്കാരെ നിയോഗിക്കണമെന്നും റിപ്പോർട്ടിലുണ്ട്. തീപ്പിടിത്തത്തിന്‍റെ കാരണം ഷോർട്ട് സർക്യൂട്ടെന്ന പ്രാഥമിക നിഗനമത്തിലാണ് അഗ്നിരക്ഷാസേന. കടമുറികളിൽ വിശദ പരിശോധന നടത്തിയ ഫോറൻസിക് റിപ്പോർട്ട് കൂടി ഇനി കിട്ടേണ്ടതുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!