
കൊച്ചി : അസമയത്ത് വെടിക്കെട്ട് വിലക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ സംസ്ഥാന സർക്കാർ നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ച് ആണ് അപ്പീല്‍ പരിഗണിക്കുക. ഇടക്കാല ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ അപ്പീൽ നൽകിയിട്ടുള്ളത്. പരിഗണനാ വിഷയത്തിന് അപ്പുറമുള്ള കാര്യങ്ങളാണ് സിംഗിൾ ബെഞ്ച് പരിശോധിച്ചതെന്ന് സർക്കാർ ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
അസമയം ഏതെന്ന് കോടതി ഉത്തരവിൽ വ്യക്തമല്ല. വ്യക്തികൾ ഉത്തരവിനെ ഇഷ്ടാനുസരണം വ്യാഖ്യാനിക്കും. ഏതെങ്കിലും ക്ഷേത്രത്തിൽ വെടിക്കോപ്പ് അനധികൃതമായി സൂക്ഷിച്ചെന്ന് കോടതി തന്നെ കണ്ടെത്തിയിട്ടില്ല. ഹർജിയിലും അത്തരം പരാതിയില്ലെന്നും സർക്കാർ ഹർജിയിൽ പറയുന്നു. ക്ഷേത്രോത്സവത്തിനുള്ള വെടിക്കെട്ടിന് ഇളവ് നൽകി 2005 ൽ സുപ്രീംകോടതി ഇളവ് നൽകിയിട്ടുണ്ട്.
2006ൽ ഇതിൽ വ്യക്തത വരുത്തി വീണ്ടും ഉത്തരവിറക്കിയിട്ടുണ്ട്. തൃശ്ശൂർ പൂരത്തിനും ആറാട്ട് പുഴ പൂരത്തിനും വെടിക്കെട്ട് നടത്താൻ സുപ്രീം കോടതി അനുമതി നൽകിയിട്ടുണ്ട്. ഹർജിയിലെ ആവശ്യങ്ങളേക്കാൾ കേരളത്തിലാകമാനം ബാധകമാകുന്ന ഉത്തരവിടാൻ കോടതിക്ക് കഴിയില്ല. നിയമപരമല്ലാത്ത ഉത്തരവ് റദ്ദാക്കണമെന്നും സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു.
അസമയത്ത് വെടിക്കെട്ട് പാടില്ലെന്ന ഉത്തരവിനെതിരെ വിവിധ ക്ഷേത്രങ്ങളും ദേവസ്വങ്ങളും രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ തന്നെ അപ്പീല്‍ നല്‍കിയത്. മരട് കൊട്ടാരം ഭഗവതി ക്ഷേത്രത്തിലെ വെടിക്കെട്ട് നിരോധിക്കണമെന്ന ഹര്‍ജിയിലായിരുന്നു ജസ്റ്റിസ് അമിത് റാവലിന്‍റെ ഉത്തരവ്. നവംബറിലാരംഭിച്ച് ഏപ്രിലില്‍ അവസാനിക്കുന്ന സംസ്ഥാനത്തെ ഉത്സവ കാലത്തെ, ഹൈക്കോടതി ഉത്തരവ് പ്രതിസന്ധിയിലാക്കുമെന്നും ക്ഷേത്രങ്ങള്‍ വാദിച്ചു.
ക്ഷേത്രാചാരങ്ങളില്‍ രാത്രിവെടിക്കെട്ട് ഒഴിവാക്കാനാവില്ലെന്നും ദേവസ്വങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു. തൃശൂര്‍ പൂരം പോലെയുള്ള വലിയ ഫെസ്റ്റിവലുകളിലും രാത്രിവെടിക്കെട്ട് പ്രധാനപ്പെട്ടതാണ്. ഇപ്പോഴത്തെ ഹൈക്കോടതി ഉത്തരവ് തൃശൂര്‍ പൂരത്തെ ബാധിക്കില്ലെന്ന വിലയിരുത്തലും ദേവസ്വങ്ങള്‍ക്കുണ്ട്. വെടിക്കെട്ടിന് അനുമതി നല്‍കിക്കൊണ്ട് രണ്ട് സുപ്രീം കോടതി ഉത്തരവും ഒരു ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവും നിലവിലുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam