
കൊച്ചി: കരുവന്നൂർ ബാങ്കിൽ നിന്നും കോടിക്കണക്കിന് പണം തട്ടിയെടുത്ത കേസിൽ വർഷങ്ങൾക്ക് ശേഷം ആദ്യ അറസ്റ്റ് രേഖപ്പെടുത്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സതീഷ് കുമാർ, പി പി കിരൺ എന്നിവരാണ് അറസ്റ്റിലായത്. ഇരുവർക്കും സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണുള്ളതെന്നും സതീഷ് കുമാർ പ്രധാന പ്രതിയാണെന്നും എൻഫോഴ്സ്മെന്റ് അറിയിച്ചു.
കിരൺ കുമാർ പല പേരുകളിലായി 14 കോടി രൂപയാണ് തട്ടിയെടുത്തത്. കിരൺ തട്ടിയെടുത്ത ലോൺ തുക ഇടനിലക്കാരനായ സതീഷ് കുമാറിന് കൈമാറി. സിപിഎം പ്രാദേശിക നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് കൂടുതലും നടന്നതെന്നും ഇഡി കണ്ടെത്തി. പല നേതാക്കളുടേയും ബിനാമിയായിരുന്നു സതീഷ് കുമാർ. കേസിൽ കൂടുതൽ അറസ്റ്റുണ്ടായേക്കുമെന്നാണ് വിലയിരുത്തൽ. അറസ്റ്റിൽ ആയ പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്നും ഇഡി അറിയിച്ചു.
സതീഷ് കുമാറും പിപി കിരണും ബിനാമി ഇടപാടുകാരാണെന്ന് നേരത്തെ ഇഡി കണ്ടെത്തിയിരുന്നു. ബാങ്കിൽ നിന്ന് 150 ലേറെ കോടി രൂപ ബെനാമി ലോൺ വഴി തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇഡി കണ്ടെത്തിയത്. ബെനാമി ലോൺ അനുവദിച്ചത് സിപിഎം സംസ്ഥാന സമിതി അംഗം എ.സി മൊയ്തീനിന്‍റെ നിർദ്ദേശ പ്രകാരമാണെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ എസിമൊയ്തീൻ ഇഡിക്ക് മുന്നിൽ ഹാജരായില്ല,പുതുപ്പളളിക്ക് ശേഷം മതിയെന്ന് പാര്‍ട്ടി
അതേ സമയം, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം നേതാവും മുൻ മന്ത്രിയുമായ എ.സി.മൊയ്തീൻ ഇന്നും ഇ.ഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായില്ല. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം ഹാജരായൽ മതിയെന്ന പാർട്ടി നിർദേശം അനുസരിച്ചാണ് വിട്ടുനിന്നത്. രാവിലെ വീട്ടിൽ നിന്ന് തിരിച്ച മൊയ്തീൻ നിയമസഭാ കമ്മറ്റിയിൽ പങ്കെടുക്കാനായി തിരുവനന്തപുരത്ത് എത്തി. ഇ.ഡി നോട്ടീസ് നൽകി ഇത് രണ്ടാം വട്ടമാണ് എ.സി.മൊയ്തീൻ ഹാജരാകാതെ വിട്ടു നിൽക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam