പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പ്; യുവതിക്കെതിരെ ആദ്യ കേസ്

By Web TeamFirst Published Sep 10, 2021, 12:02 PM IST
Highlights

തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്.  കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയിലാണ് നടപടി. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി.

തിരുവനന്തപുരം: പൊലീസുകാരെ കുടുക്കിയ ഹണിട്രാപ്പില്‍ ആദ്യ കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം പാങ്ങോട് പൊലീസ് ആണ് കേസെടുത്തത്.  കൊല്ലം റൂറല്‍ പൊലീസിലെ എസ്ഐയുടെ പരാതിയിലാണ് നടപടി. കൊല്ലം അഞ്ചല്‍ സ്വദേശിയായ യുവതിക്കെതിരെയാണ് പരാതി. നെയ്യാറ്റിൻകര ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവതി ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നാണ് പരാതി. കൂടുതല്‍ പൊലീസുകാരെ യുവതി കെണിയില്‍ വീഴ്ത്തിയതായി സംശയമുണ്ട്. കേരളാ പൊലീസിനാകെ നാണക്കേട് ഉണ്ടാക്കും വിധമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്. കുറച്ചു പൊലീസ് ഉദ്യോ​ഗസ്ഥരെയും അവരുടെ ബന്ധുക്കളെയുമൊക്കെ ഏറെ കാലമായി തിരുവനന്തപുരത്ത് താമസിക്കുന്ന, അഞ്ചൽ സ്വദേശിയായ ഒരു സ്ത്രീ ഫോണിൽ വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിന്റെ ശബ്ദരേഖകൾ പുറത്തുവന്നിരുന്നു. രണ്ട് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ത്രീ നിലവിലെ പരാതിക്കാരനായ എസ്ഐക്കെതിരെ മ്യൂസിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.  തന്നെ ബലാത്സം​ഗം ചെയ്തു എന്നായിരുന്നു പരാതി. പിന്നീട് അവർ തന്നെ പരാതി പിൻവലിച്ചു. ആ പരാതിയെത്തുടർന്ന് ശിക്ഷണ നടപടിക്ക് എസ്ഐ വിധേയനായിരുന്നു. 

പുറത്തുവന്ന ശബ്ദരേഖകൾ പ്രകാരം ഈ എസ്ഐ മാത്രമല്ല വേറെയും നിരവധി പൊലീസ് ഉദ്യോ​ഗസ്ഥർ ഇതേ യുവതിയുടെ കെണിയിൽ പെട്ടിരുന്നു എന്നാണ് വിവരം. ഇക്കാര്യം പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ, ആരും തന്നെ പരാതിയുമായി രം​ഗത്ത് വരാൻ തയ്യാറായിരുന്നില്ല. ഒരാൾ പരാതി നൽകിയ സാഹചര്യത്തിൽ ഇനി ഇതിൽ സമ​ഗ്രമായ അന്വേഷണം നടക്കും.   

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!