ഇന്ന് കെഎം ബഷീറിൻ്റെ ചരമവാർഷികം: വിചാരണയ്ക്കായി കോടതിയിൽ ഹാജരാകാതെ ശ്രീറാമും വഫയും

By Web TeamFirst Published Aug 3, 2020, 6:43 AM IST
Highlights

കഴിഞ്ഞ വർഷം ഇതേ ദിവസം പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജം​ഗ്ഷന് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് സിറാജ് പത്രത്തിൻറെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീർ മരിക്കുന്നത്. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകനായിരുന്ന കെഎം ബഷീർ വാഹനാപകടത്തിൽ മരിച്ചിട്ട് ഇന്നേക്ക് ഒരു വർഷം പൂർത്തിയാകുന്നു. കേസിൽ കുറ്റപത്രം സമർപ്പിച്ച് മാസങ്ങൾ പിന്നിട്ടിടും വിചാരണ നടപടികൾ ഇതുവരെ പൂ‍ർത്തിയായിട്ടില്ല. അമിതവേഗത്തിൽ വാഹനമോടിച്ച് അപകടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതിയായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനാകട്ടെ ഇതിനോടകം സർവ്വീസിൽ തിരിച്ചെത്തുകയും ചെയ്തു.

കഴിഞ്ഞ വർഷം ഇതേ ദിവസം പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം ജം​ഗ്ഷന് സമീപം വച്ചുണ്ടായ വാഹനാപകടത്തിലാണ് സിറാജ് പത്രത്തിൻറെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീർ മരിക്കുന്നത്. മദ്യലഹരിയിൽ അമിതവേഗത്തിൽ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ചായിരുന്നു അപകടം. മ്യൂസിയം പൊലീസ് സ്റ്റേഷൻറെ മൂക്കിന് മുന്നിലുണ്ടായ അപകടത്തിൽ തുടക്കം മുതൽ ശ്രീറാമിനെ രക്ഷിക്കാൻ നടന്ന ഉന്നതതല നീക്കങ്ങൾ കേരളം വലിയ രീതിയിൽ ചർച്ച ചെയ്തതാണ്. 

മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്സാക്ഷികൾ മൊഴി നൽകിയിട്ടും കേസ് എടുക്കാൻ ആദ്യം പൊലീസ് മടിച്ചു. ശ്രീറാമിൻറെ നിർബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയച്ചു. ഒടുവിൽ കടുത്ത സമ്മർദ്ദം ഉയർന്നപ്പോൾ മാത്രം കേസെടുത്തു, സ്വകാര്യ ആശുപത്രിയിൽ വളരെ വൈകി നടത്തിയ പരിശോധനയിൽ മദ്യത്തിൻറെ അംശം കണ്ടെത്താൻ കഴിയാത്തതോടെ കേസ് ശ്രീറാമിൻറെ വഴിക്കായി തുടങ്ങി. 

വണ്ടിയോടിച്ചത് ഒപ്പമുണ്ടായിരുന്ന സുഹുൃത്ത് വഫാ ഫിറോസാണെന്ന് പറഞ്ഞ് രക്ഷപ്പെടാനും ശ്രീറാം ശ്രമിച്ചു. ഇത് ശരിയല്ലെന്ന വഫ തന്നെ മൊഴി നൽകി. ശ്രീറാമിനെയും വഫയെയും പ്രതിയാക്കി കേസെടുത്തു. പിന്നാലെ ശ്രീറാമിന് സസ്പെൻഷൻ. ശ്രീറാമിൻറെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും ഒരു ദിവസം പോലും ജയിലിൽ കഴിയാതെ ആശുപത്രിയിൽ താമസത്തിന് അവസരമൊരുക്കി. 

ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘം അന്വേഷണം ഏറ്റെടുത്തെങ്കിലും പല തവണയും സംഘം കോടതിയിൽ നൽകിയ റിപ്പോർട്ടുകൾ ശ്രീറാമിന് അനുകൂലമായിരുന്നു. ഇതിനിടെ ഐഎഎസ് ലോബിയുടെ സമ്മർദ്ദത്തിനൊടുവിൽ ചീഫ് സെക്രട്ടറിയുടെ ശുപാർശ പ്രകാരം ശ്രീറാമിനെ സർവ്വീസിലേക്ക് തിരിച്ചെടുത്തു.  ഇതിനിടെ രണ്ട് തവണ കോടതി നോട്ടീസ് നൽകിയെങ്കിലും ശ്രീറാമും വഫയും ഹാജരായില്ല.

അപകടം ഉണ്ടായ നഗരമധ്യത്തിലെ മ്യൂസിയം സ്റ്റേഷൻ പരിസരത്തുള്ള സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതായിരുന്നു കേസിലെ മറ്റൊരു തിരിച്ചടി. ഒരു വർഷം പിന്നിടുമ്പോഴും ക്യാമറകളുടെ അവസ്ഥയ്ക്ക് മാറ്റമൊന്നുമില്ല. ബഷീറിൻറെ ഭാര്യക്ക് സർക്കാർ ജോലി നൽകി. പക്ഷെ കേസിൻറെ സ്ഥിതിയെന്താണ്. ഉന്നതബന്ധമുണ്ടെങ്കിൽ ഒരു കേസ് എങ്ങിനെ അട്ടിമറിക്കാമെന്നതിൻറെ പ്രത്യക്ഷ ഉദാഹരമാണ് ഈ കേസ്.

click me!