തിരുവനന്തപുരം: സംസ്ഥാനത്തെ 18 വയസിന് മുകളിലുള്ള 98.6 ശതമാനം പേര്‍ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് (Covid 19 vaccine) വാക്‌സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 18 വയസിന് മുകളിലുള്ള 81 ശതമാനം പേർക്ക് (2,14,87,515). രണ്ട് ഡോസ് വാക്സീനും നൽകി. ഒന്നും രണ്ടും ഡോസ് ഉള്‍പ്പെടെ ആകെ 4,80,17,883 ഡോസ് വാക്‌സിനാണ് നല്‍കിയത്.
പത്തനംതിട്ട, ഇടുക്കി, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് എന്നീ ജില്ലകള്‍ 100 ശതമാനം ആദ്യ ഡോസ് വാക്‌സിനേഷന്‍ നടത്തിയിട്ടുണ്ട്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സംസ്ഥാനത്തെ വാക്‌സിനേഷന്‍ വളരെ വേഗം മുന്നോട്ട് പോകുന്നത് ആശ്വാസകരമാണ്. 100 ശതമാനം പേരേയും വാക്‌സിനെടുപ്പിച്ച് സുരക്ഷിതമാക്കാനാണ് സംസ്ഥാനം ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള 70,852 കുട്ടികള്‍ക്ക് ഇന്ന് കോവിഡ് വാക്‌സീന്‍ നല്‍കിയിട്ടുണ്ട്. 10,141 ഡോസ് വാക്‌സിന്‍ നല്‍കിയ പാലക്കാട് ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. 6739 പേര്‍ക്ക് വാക്‌സിന്‍ നല്‍കി കൊല്ലം ജില്ല രണ്ടാം സ്ഥാനത്തും 6374 പേര്‍ക്ക് വാക്‌സിന്‍ നല്‍കി തൃശൂര്‍ ജില്ല മൂന്നാം സ്ഥാനത്തുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ 2,15,515 കുട്ടികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ആകെ 14 ശതമാനം കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാനായെന്നും മന്ത്രി വ്യക്തമാക്കി.
തിരുവനന്തപുരം 5384, കൊല്ലം 6739, പത്തനംതിട്ട 3410, ആലപ്പുഴ 3251, കോട്ടയം 5443, ഇടുക്കി 5386, എറണാകുളം 5132, തൃശൂര്‍ 6374, പാലക്കാട് 10141, മലപ്പുറം 4099, കോഴിക്കോട് 5393, വയനാട് 3458, കണ്ണൂര്‍ 3254, കാസര്‍ഗോഡ് 3388 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കിയത്. കുട്ടികള്‍ക്കായി 677 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 18 വയസിന് മുകളിലായി 917 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും ഉള്‍പ്പെടെ ആകെ 1594 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുണ്ടായിരുന്നത്.
ജനുവരി 10 വരെ നടക്കുന്ന വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി തിങ്കള്‍, ചൊവ്വ, വ്യാഴം, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ ജില്ല, ജനറല്‍, താലൂക്ക് ആശുപത്രികള്‍, സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും ചൊവ്വ, വെള്ളി, ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ പ്രാഥമിക, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കുട്ടികള്‍ക്കുള്ള പ്രത്യേക വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടായിരിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam