
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച സംഭവത്തിൽ കൊച്ചി സ്വദേശി പൊലീസ് കസ്റ്റഡിയിൽ. നഴ്സിന്റെ വേഷത്തിലെത്തി കുഞ്ഞിനെ തട്ടിയെടുത്ത കളമശേരിയിൽ താമസിക്കുന്ന തിരുവല്ല സ്വദേശി നീതുവാണ് (23) പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. ഇവർക്കൊപ്പം മറ്റൊരു ആൺകുട്ടിയുമുണ്ട്. നീതുവിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.
ഇന്ന് മൂന്നരയോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നവജാത ശിശുവിനെ കടത്തിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ജീവനക്കാരിയുടെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കൽ കോളേജിൽ നിന്നും കടത്തികൊണ്ടുപോയത്. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ ആശുപത്രി പരിസരത്തെ ഒരു ഹോട്ടലിൽ നിന്ന് കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു
പൊലീസിന്റെ സജയോജിതമായ ഇടപെടലാണ് കുട്ടിയെ കണ്ടെത്താൻ സഹായിച്ചത്. വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തി. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെ ഹോട്ടലിൽ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചു. ഉടൻ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തു. കുട്ടിയെ കടത്താൻ ശ്രമിച്ച സ്ത്രീക്ക് പിന്നിൽ റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുവെന്ന് സ്ഥലത്തെത്തിയ മന്ത്രി വിഎൻ വാസൻ പറഞ്ഞു.
നഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സക്ക് എന്ന പേരിലാണ് കുഞ്ഞിനെ അമ്മയിൽ നിന്നും വാങ്ങിയത്. കുഞ്ഞിനൊപ്പം അമ്മയെ വിളിക്കാതിരുന്നതിൽ സംശയം തോന്നിയ രക്ഷിതാക്കൾ അൽപ്പ സമയത്തിനുള്ളിൽ ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു. എന്നാൽ കുഞ്ഞിനെ തങ്ങൾ വാങ്ങിയിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. തുടർന്ന് പരിഭ്രാന്തരായ ഇവർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കുട്ടിയെ ആശുപത്രിക്ക് പുറത്തുള്ള ഹോട്ടലിന് അടുത്ത് നിന്നും കണ്ടെത്തി. കുഞ്ഞിനെ അമ്മക്ക് കൈമാറി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam